ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമായിരുന്നു കാൻസർ അതിജീവനമെന്ന് നടി മനീഷ കൊയ്‌രാള. രോഗവിവരം തനിക്ക് വലിയൊരു ആഘാതമായിരുന്നെന്നും ജീവൻ അവസാനിക്കാൻ പോകുന്നതുപോലെ തോന്നിയെന്നും ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു. അർബുദത്തെ താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.
'2012 ആണ കാൻസർ രോഗനിർണ്ണയം നടത്തുന്നത്. അണ്ഡാശയ ക്യാൻസറിന്റെ അവസാന ഘട്ടമാണെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. നേപ്പാളിൽ വെച്ചായിരുന്നു രോഗനിർണ്ണയ നടത്തിയത്. എല്ലാവരേയും പോലെ ഞാനും ഭയപ്പെട്ടു. രോഗത്തെക്കുറിച്ച് രണ്ട് മൂന്ന് ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ, ഞാൻ മരിച്ചു പോകുമെന്ന് തോന്നി. ഞാൻ എന്റെ അവസാന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതുപോലെ തോന്നി.
ഞങ്ങളുടെ പരിചയത്തിലുള്ളവർ ന്യൂയോർക്കിൽ ചികിത്സക്കായി പോയിട്ടുണ്ടെന്ന് അറിഞ്ഞു. അതുപോലെ സ്ലോൺ കെറ്ററിങ്ങിൽ എന്റെ മുത്തശ്ശനും ചികിത്സ നടത്തിയിട്ടുണ്ട്. ഏകദേശം അഞ്ചാറ് മാസം അവിടെ ചികിത്സിച്ചു. എന്റെ11 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. പിന്നീട് കീമോയോട് നന്നായി പ്രതികരിച്ചു. തകർന്നു പോയ ഒരുപാട് സമയങ്ങൾ ഉണ്ടായിരുന്നു.മുന്നിൽ ഇരുട്ടും ഭയവും വേദനയും മാത്രമായിരുന്നു.
ജീവിതം എനിക്ക് രണ്ടാമതൊരു അവസരം നൽകിയാൽ ഞാൻ മികച്ച രീതിയിൽ വിനിയോഗിക്കുമെന്ന് ഉറപ്പിച്ചിരുന്നു.കാരണം ജീവിതം എനിക്ക് ഒരുപാട് തന്നു. ഞാനാണ് അതെല്ലാം നശിപ്പിച്ചതെന്ന് എനിക്ക് തന്നെ തോന്നി.അതിനാൽ ആ തെറ്റ് തിരുത്താൻ ഞാൻ ആഗ്രഹിച്ചു. എൻ്റെ ജോലിയോട് ഉത്തരവാദിത്തം തോന്നി. കാരണം ഒരുപാട് മോശം സിനിമകൾ ചെയ്തിരുന്നു. അതിൽ നിരാശ തോന്നി.വീണ്ടും ഒരു അവസരം ലഭിച്ചാൽ ആരാധകരെ ഒരിക്കൽ കൂടി നിരാശരാക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാൽ ഹീരമാണ്ടി എനിക്കുള്ളതാണെന്ന് തോന്നി.ഞാൻ മികച്ച രീതിയിൽ ആകുന്നവിധം അതിനെ വിനിയോഗിച്ചു'- മനീഷ കൊയ്‌രാള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.