തമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. വെള്ളിയാഴ്ച രാവിലെ 8.30ന് ‘എതിര്‍ നീച്ചാല്‍’ എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിങ്ങിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. രജനീകാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയലറിലാണ് മാരിമുത്തു അവസാനമായി വേഷമിട്ടത്.
മാരിമുത്തുവിന്റെ പെട്ടെന്നുള്ള വിയോഗം തമിഴ് ടിവി, സിനിമാ വ്യവസായങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഇരുമേഖലകളിലും അദ്ദേഹം ഒരു പോലെ സജീവമായിരുന്നു ആദിമുത്തു ഗുണശേഖരൻ സംവിധാനം ചെയ്യുന്ന ‘എതിർ നീചൽ’ എന്ന ഹിറ്റ് തമിഴ് സീരിയലിൽ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
മരണവാർത്ത പുറത്തു വന്നതു മുതൽ താരത്തിന്റെ നിരവധി വിഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിലുള്ള, തന്റെ മരണം പ്രവചിക്കുന്നത് പോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. അവസാനമായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്ന സീരിയലിൽ നിന്നുള്ളതാണ് ഈ രംഗം. ആ രംഗത്തിൽ, ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രമായ ജി.മാരിമുത്തു മറ്റൊരു കഥാപാത്രത്തോട് പറയുന്നത്, ‘എന്തോ മോശം സംഭവിക്കാൻ പോകുന്നുവെന്ന് തോന്നുന്നു. നെഞ്ചിൽ ഒരു വേദന ഇടയ്ക്കിടയ്ക്ക് വരുന്നു. ശരിക്കുമുള്ള വേദനയാണോ അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അത് വരും, മോശമായ എന്തോ കാര്യത്തെക്കുറിച്ചുള്ള സൂചനയായി എനിക്ക് തോന്നുന്നു’ എന്നാണ്.
സീരിയലും യഥാർത്ഥ ജീവിതവും തമ്മിലുള്ള അസാധാരണമായ ബന്ധം ചൂണ്ടിക്കാട്ടി ആരാധകർ വിഡിയോ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകളായി തമിഴ് സിനിമാ ലോകത്തുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ മാത്രമാണ് മാരിമുത്തു ജനപ്രീതിയിലേക്ക് ഉയർന്നത്. മാരി സെൽവരാജിന്റെ ‘പരിയേറും പെരുമാളിലെ’ പ്രകടനത്തിലൂടെ അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.
ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളായിരുന്നു മാരിമുത്തു. സിനിമ സംവിധാനം ചെയ്യുകയെന്ന മോഹത്തോടെ തേനിയിലെ വീടുവിട്ടിറങ്ങിയ അദ്ദേഹം 2008ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്ത് തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറി. 2014ല്‍ പുലിവാല്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. 1999 മുതല്‍ അഭിനയരംഗത്തുണ്ട്. വാലി, ജീവ, പരിയേറും പെരുമാൾ, യുദ്ധം സെയ്, ആരോഹണം, കൊമ്പന്‍, മരുത് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അഖിലൻ, ഐശ്വര്യ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.