മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ മൂന്നാഴ്ചക്ക് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിൽ ഉൾപ്പെട്ട മകനെ ജയിലിലെത്തി നേരിട്ടുകണ്ടത്. അറസ്റ്റിനുശേഷം വിഡിയോ കോളിലൂടെ മാത്രം കണ്ടിരുന്ന അച്ഛന്‍റെയും മകന്‍റെയും കൂടിക്കാഴ്ച വൈകാരികമായിരുന്നുവെന്നാണ് റിേപ്പാർട്ടുകൾ.
മൂന്നാഴ്ചയായി ആർതർ റോഡ് ജയിലിലാണ് ആര്യൻ. രണ്ടു ജയിൽ ഗാർഡുമാരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മകനെ കാണാൻ ഷാരൂഖ് ജയിലിലെത്തിയത്. ഇന്‍റർകോമിലൂടെയായിരുന്നു ഇരുവരുടെയും സംസാരം. ഇരുവർക്കുമിടയിൽ ചില്ലുമതിലും ഗ്രില്ലുമുണ്ടായിരുന്നു.
ആര്യനോട് നന്നായി ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഷാരൂഖ് ചോദിച്ചതായും ജയിൽ ഭക്ഷണം തനിക്ക് ഇഷ്ടമല്ലെന്ന് ആര്യൻ മറുപടി പറഞ്ഞതായും ജയിൽ അധികൃതർ പറയുന്നു.
ആര്യന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കാവോയെന്ന് ഷാരൂഖ് ജയിൽ അധികൃതരോട് ആരാഞ്ഞു. എന്നാൽ കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ സാധിക്കുവെന്നായിരുന്നു അധികൃതരുടെ മറുപടി.
15 മിനിറ്റായിരുന്നു ഇരുവർക്കും കൂടിക്കാഴ്ചക്കായി അനുവദിച്ചിരുന്ന സമയം. മകന് ആത്മവിശ്വാസം നൽകുന്നതിനാണ് ഷാരൂഖ് ജയിലിലെത്തിയത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ജയിൽ അധികൃതർ തയാറായിട്ടില്ല.
അതേസമയം, ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഹർജിയുടെ പകർപ്പ് കിട്ടിയില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞതോടെയാണ് വാദം കേൾക്കൽ മാറ്റിവെച്ചത്.
ബുധനാഴ്ച മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്യൻ ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകിയത്.
ഒക്ടോബർ മൂന്നിനാണ് 23കാരനായ ആര്യനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.