ആര്യനെ കാണാൻ ജയിലിലെത്തി ഷാരൂഖ് ഖാൻ​; മിനിറ്റുകൾക്കകം മടക്കം

മുംബൈ: ​ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ. ആർതർ റോഡ്​ ജയി​ലിലെത്തിയാണ്​ അദ്ദേഹം മകനെ കണ്ടത്​. മകനെ കാണാൻ മിനിറ്റുകൾ ​മാത്രമാണ്​ ഷാരൂഖിന്​ അനുമതി നൽകിയിരുന്നത്​. ആര്യനെ കണ്ട്​ ഉടൻതന്നെ താരം മടങ്ങുകയും ചെയ്​തു.

ബുധനാഴ്ച ആര്യന്​ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്​ടോബർ മൂന്നിനാണ്​ 23കാരനായ ആര്യനെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്യുന്നത്​. മൂന്നാഴ്ചയായി ജയിലിലാണ്​ ആര്യൻ. ഇതോടെ​ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​.

പ്രഥമദൃഷ്​ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ലഭ്യമായ തെളിവുകൾ പ്രകാരം പ്രതികൾ കുറ്റക്കാരല്ലെന്ന് പറയാൻ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാൽ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീൽ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകൾ കേസിൽ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തിൽ തൃപ്തികരമല്ല. ആര്യൻ ഖാന് ജാമ്യം നൽകുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യൻ ഖാന്‍റെ വാട്സാപ്പ് ചാറ്റുകൾ ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേഥ്​ മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.

ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനടക്കം 16 പേരെയാണ്​ എൻ.സി.ബി അന്ന്​ അറസ്റ്റ്​ ചെയ്​തത്​. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

Tags:    
News Summary - Shah Rukh Khan reaches Arthur Road jail to meet son Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.