ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ ‘മന്നത്ത്’ നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. എന്നാൽ ഇന്നത്തെ ‘കിങ് ഖാൻ’ ആകുന്നതിനു മുമ്പ് ഷാറൂഖ് തന്റെ ആദ്യ വീട് വാങ്ങിയ കഥ അധികമാർക്കും അറിയില്ല. 1995ൽ പുറത്തിറങ്ങിയ ‘ഗുഡ്ഡു’വിന്റെ ചിത്രീകരണത്തിനിടെ ഷാറൂഖ് തന്റെ ആദ്യ വീട് വാങ്ങിയത് എങ്ങനെയെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മുകേഷ് ഖന്ന അടുത്തിടെ ഒരു വീഡിയോയിൽ പങ്കുവെച്ചു. വീട് വാങ്ങുന്നതിനായി പ്രതിഫലം മുഴുവൻ മുൻകൂറായി നൽകണമെന്ന് നിർമാതാവിനോട് അഭ്യർഥിച്ചതായി അദ്ദേഹം ഓർക്കുന്നു. സിനിമയിൽ ഷാറൂഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായാണ് മുകേഷ് അഭിനയിച്ചത്.
മുതിർന്ന അഭിനേതാക്കളോട് ബഹുമാനപൂർവമായ പെരുമാറ്റമാണ് ഷാറൂഖ് കാഴ്ചവെച്ചിട്ടുള്ളതെന്ന് മുകേഷ് ഖന്ന പറയുന്നു. ‘ഗുഡ്ഡു’വിന്റെ സെറ്റിലെത്തുമ്പോൾ ഷാറൂഖ് ഏറെ സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. മഹാഭാരതത്തിലെ ഒരു സുപ്രധാന വേഷത്തിൽ താൻ ഇതിനകം പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ അന്ന് ഷാറൂഖിനെക്കാൾ വലിയ താരമായിരുന്നു. തന്റെ സ്വന്തം ചാനലായ ഭീഷ്ം ഇന്റർനാഷണലിലൂടെയാണ് മുകേഷ് ഖന്ന ഇക്കാര്യങ്ങൾ പറഞ്ഞത്
“അന്ന് ഷാറൂഖ് ഒരു വീട് വാങ്ങാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞിരുന്നു. നിർമാതാവായ പ്രേം ലാൽവാനിയോട് തനിക്ക് ഒരു വീട് വാങ്ങണമെന്നും പണം മുൻകൂറായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് 34-35 ലക്ഷം രൂപക്ക് വീട് വാങ്ങാമായിരുന്നു. ലാൽവാനി ഷാറൂഖിന് മുഴുവൻ പണവും മുൻകൂറായി നൽകി. ആദ്യമായി വാങ്ങിയ ആ വീട് ‘ഗുഡ്ഡു’വിൽ അഭിനയിച്ചതിനു ലഭിച്ച പ്രതിഫലം കൊണ്ടാണ് സ്വന്തമാക്കിയത്. ഈ സിനിമ കാരണം എനിക്ക് ഒരു വീടുണ്ടായെന്ന് ഷാറൂഖ് പറയാറുണ്ടായിരുന്നു” -മുകേഷ് ഖന്ന പറഞ്ഞു.
പിന്നീട് ഷാറൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്ത് സ്വന്തമാക്കി. ഭാര്യ ഗൗരി ഖാന്റെ പുസ്തക പ്രകാശന ചടങ്ങിൽ വീട് പുതുക്കിപണിതതിനെ കുറിച്ച് ഷാറൂഖ് പറഞ്ഞതിങ്ങനെ: “ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയപ്പോൾ ജീർണാവസ്ഥയിലായിരുന്നു. പുനർനിർമാണത്തിനായി കൺസൾട്ട് ചെയ്ത ഡിസൈനറുടെ ചാർജ് താങ്ങാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഡിസൈനറായി ചുമതലയേൽക്കാൻ ഞാൻ ഗൗരിയോട് നിർദ്ദേശിച്ചു”. സുജോയ് ഘോഷിന്റെ ‘കിങ്’ എന്ന ചിത്രമാണ് ഷാറൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മകൾ സുഹാന ഖാനും അഭിഷേക് ബച്ചനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.