ഷാറൂഖ് ഖാൻ, വിജയ്, സൽമാൻ ഖാൻ

കിങ് ഖാൻ നികുതി ഇനത്തിൽ അടച്ചത് 92 കോടി; സൽമാൻ ഖാനെയും ബച്ചനെയും പിന്തള്ളി ദളപതി വിജയ് രണ്ടാമത്

പത്താൻ, ജവാൻ, ഡങ്കി തുടങ്ങി ഷാറൂഖ് ഖാന് വിജയ ചിത്രങ്ങൾ സമ്മാനിച്ച വർഷമാണ് കടന്നുപോയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതിയടച്ച സെലിബ്രിറ്റികളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന തുക നൽകിയതും ബോളിവുഡിന്‍റെ കിങ് ഖാൻ ആണെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഷാറൂഖ് ചിത്രങ്ങൾ 2000 കോടിയിലേറെ രൂപയാണ് പോയ വർഷം നേടിയത്. 92 കോടി രൂപ താരം നികുതി അടച്ചെന്ന് ഫോർച്യൂൺ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

പട്ടികയിൽ രണ്ടാമതുള്ളത് തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ് ആണ്. 80 കോടി രൂപയാണ് വിജയ് നികുതിയിനത്തിൽ അടച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ലിയോ’യുടെ വൻ വിജയമാണ് താരത്തിന്‍റെ വരുമാനത്തിൽ വൻ വർധനയുണ്ടാക്കിയത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ‘ഗോട്ടും’ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ഹിറ്റ് ലിസ്റ്റിൽ ഇടം നേടാനുള്ള സാധ്യതയാണുള്ളത്.

പോയവർഷം ഹിറ്റ് ചിത്രങ്ങളില്ലെങ്കിലും വരുമാനത്തിൽ കുറവില്ലാത്ത ബോളിവുഡ് താരം സൽമാൻ ഖാനാണ് പട്ടികയിലെ മൂന്നാമൻ. 75 കോടി രൂപ നികുതിയടച്ച സൽമാന് പരസ്യം, ടെലിവിഷൻ ഷോ, ബിസിനസ് എന്നിവയിൽനിന്നാണ് കൂടുതൽ വരുമാനമുണ്ടായത്. ബോളിവുഡിന്‍റെ ‘ബിഗ് ബി’ അമിതാഭ് ബച്ചനാണ് നാലാമത്. 71 കോടി നികുതി നൽകിയ ബച്ചൻ, ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’യിൽ നിർണായക വേഷത്തിൽ എത്തിയിരുന്നു.

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് പട്ടികയിലെ അഞ്ചാമൻ. ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള കായിക താരം കൂടിയായ കോഹ്ലി പോയവർഷം 66 കോടി രൂപയാണ് ടാക്സടച്ചത്. എം.എസ്. ധോണി (38 കോടി), സചിൻ തെൻഡുൽക്കർ (28 കോടി) എന്നിവർ ആദ്യ പത്തിൽ എത്തിയപ്പോൾ സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20ൽ ഇടംനേടി.

Tags:    
News Summary - Shah Rukh Khan tops list of highest tax paying Indian celebrities with Rs 92 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.