ന്യൂഡൽഹി: സൂപ്പർതാരം സൽമാൻ ഖാന്‍റെ മുൻ കാമുകിയും 90കളിലെ സൂപ്പർ നായികയുമായിരുന്നു സോമി അലി. ബോളിവുഡ് കരിയറിൽ സൽമാൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, സെയ്ഫ് അലി ഖാൻ, ഗോവിന്ദ എന്നീ പ്രമുഖ താരങ്ങളുടെ നായികയായി സോമി വേഷമിട്ടിട്ടുണ്ട്.
കൗമാരകാലത്ത് സൽമാൻ ഖാനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ മുംബൈയിലേക്ക് വണ്ടി കയറിയതെന്ന് അവർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പിൻകാലത്ത് അവർ സൽമാന്‍റെ കാമുകിയുമായി മാറി. എട്ടുവർഷത്തിലേറെ കാലം ആ ബന്ധം നീണ്ടുനിന്നു. എന്നാൽ ഇപ്പോൾ വെറും 10 ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് താൻ ബോളിവുഡ് വിടാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സോമി അലി.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ബോളിവുഡിൽ ചർച്ചയാകുന്നു. സൂം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നതിനെ കുറിച്ച് സോമി അലി ഉള്ളു തുറന്നത്.
ഒന്നിലധികം സംവിധായകൻമാർ തന്നോട് മോശമായി പെരുമാറിയതായും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും അവർ തുറന്നു പറഞ്ഞു. സൽമാനുമായുള്ള ബന്ധമടക്കം മൊത്തത്തിൽ തനിക്ക് മോശം അനുഭവമാണ് ബോളിവുഡിൽ നിന്നുണ്ടായതെന്നും അലി പ്രതികരിച്ചു.
'ഇല്ല. അന്നേ എനിക്ക് താൽപര്യമില്ലായിരുന്നു. ഇപ്പോൾ തന്നെ എനിക്ക് തോന്നുകയാണെങ്കിൽ തന്നെ അവിടം എനിക്ക് യോജിക്കില്ല' -േബാളിവുഡിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച ചോദ്യത്തിന് അലി ഉത്തരം പറഞ്ഞു.
കൃഷൻ അവതാർ, യാർ ഗദ്ദർ, അന്ധ്, തീസര കോൻ, ആന്തോളൻ, മാഫിയ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ നായികയായെത്തിയ സോമി അലി നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
തന്‍റെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് 'നോ മോർ ടിയേഴ്സ്' എന്ന എൻ.ജി.ഒക്ക് തുടക്കമിടാൻ കാരണമെന്ന് അവർ പറഞ്ഞു. ഇത്തരം ഇരുണ്ട അധ്യായങ്ങളെ വളരേ പോസിറ്റീവാക്കി മാറ്റുന്നതാണ് തന്‍റെ സന്തോഷമെന്ന് അവർ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ ആരാധകർക്കായി അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
സൽമാൻ ഖാനുമായുണ്ടായ പ്രണയ ബന്ധത്തിൽ നിന്നും താൻ ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ മാതാപിതാക്കളിൽ നിന്നും വളരേയേറെ പഠിക്കാൻ സാധിച്ചതായി അവർ പറഞ്ഞു.
'പക്ഷെ അദ്ദേഹത്തിന്‍റെ മാതാപിതാക്കളിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ പഠിച്ചു. ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യം അവർ ഒരിക്കലും മതം നോക്കിയിരുന്നില്ല. എല്ലാ മനുഷ്യരോടും അവർ തുല്യമായാണ് പെരുമാറിയത്. അവരുടെ വീട് എല്ലാവർക്കുമായി തുറന്നിരുന്നു. അവരുടെ വീട്ടിൽ ഉടനീളം സ്നേഹം ഒഴുകിയിരുന്നു. പ്രത്യേകിച്ച് സൽമ ആന്‍റി (സൽമാന്‍റെ ഉമ്മ)' -മോമി അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.