ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഇന്ന് 38ാം പിറന്നാൾ. ഇരട്ട കുട്ടികൾ കൂട്ടിനുണ്ടെന്നതാണ് ഇത്തവണത്തെ പിറന്നാളാഘോഷത്തിന്റെ പ്രത്യേകത. താരത്തിന് പിറന്നാൾ ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് എത്തുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 1984 നവംബർ 18നാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചായിരുന്നു ദൃശ്യ മാധ്യമ രംഗത്തെ തുടക്കം. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് ഭാഷകളിലെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി.
നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്കരവീരൻ, രാപ്പകൽ, ബോഡി ഗാർഡ്, ഭാസ്കർ ദി റാസ്കൾ, ലവ് ആക്ഷൻ ഡ്രാമ, നിഴൽ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടു. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ 'ഗോൾഡ്' ആണ് പുറത്തിറങ്ങാനുള്ള മലയാള ചിത്രം. 2005ൽ ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നയൻതാര പിന്നാലെ രജനികാന്തിനൊപ്പം ചന്ദ്രമുഖിയിലെത്തിയതോടെ സമയം തെളിഞ്ഞു. ഗജിനി, ബില്ല, യാരെടി നീ മോഹിനി, ഇരുമുഖൻ തുടങ്ങിയവയിലൂടെ ദക്ഷിണേന്ത്യയിലെ മുൻനിര നായികയായി മാറുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഷാറൂഖ് ഖാൻ നായകനാകുന്ന 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. 2022 ജൂണിലായിരുന്നു സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.