കത്രീന കൈഫ്, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് മെറി ക്രിസ്മസ്. 2024 ജനുവരി 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ വിജയ് സേതുപതി- കത്രീന കൈഫ് കോമ്പോക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
എന്നാൽ തുടക്കത്തിൽ തനിക്ക് വിജയ് സേതുപതിയെ മനസിലായില്ലെന്ന് പറയുകയാണ് കത്രീന കൈഫ്. വിജയ് സേതുപതി അഭിനയിച്ച 96 ചിത്രം കണ്ടിട്ടുണ്ടെന്നും എന്നാൽ സംവിധായകൻ പറഞ്ഞപ്പോൾ പെട്ടെന്ന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കത്രീന കൂട്ടിച്ചേർത്തു.
'ഞാൻ 96 സിനിമ കണ്ടിട്ടുണ്ട്. വിജയ് സേതുപതിയേയും തൃഷയേയും എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ മെറി ക്രിസ്മസിൽ വിജയ്യെയാണ് കാസ്റ്റ് ചെയ്തതെന്ന് പറഞ്ഞപ്പോൾ ആദ്യം എനിക്ക് ആളെ പിടികിട്ടിയില്ല. ഞാൻ ഉടൻ തന്നെ ഗൂഗിൾ ചെയ്തു നോക്കി. അപ്പോൾ നരച്ച നീണ്ട താടിയുള്ള ചിത്രമാണ് വന്നത്. ഇതുപോലെയുള്ള നിരവധി ചിത്രങ്ങൾ ഇന്റർനെറ്റിലുണ്ടായിരുന്നു. അത് വളരെ മനോഹരമായിരുന്നു. ആ ലുക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു'- കത്രീന കൈഫ് അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ കത്രീന കൈഫ് ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് തുടക്കത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. തനിക്ക് മാത്രമല്ല എല്ലാവർക്കും ഈ ഞെട്ടലുണ്ടായിരുന്നുവെന്നും അഭിമുഖത്തിൽ നടൻ വ്യക്തമാക്കി. 'ഞാൻ ശ്രീറാം രാഘവൻ സാറിന്റെ സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ , ശരി വളരെ നല്ലത്, ഗംഭീരം എന്നാണ് എല്ലാവരും പറഞ്ഞത്. ശേഷം കത്രീന കൈഫിനൊപ്പമാണെന്ന് പറഞ്ഞപ്പോൾ അതിഥി വേഷമാണെണോ? നായികാ കേന്ദ്രീകൃത ചിത്രമാണോ? എന്നാണ് എല്ലാവരും ചോദിച്ചത്. എല്ലാവർക്കും കത്രീന കൈഫിനെ അറിയാം. എനിക്കും അതൊരു ഞെട്ടലായിരുന്നു. സിനിമയിൽ എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ചോദിച്ചത്. എനിക്കും ആ ഭയവും സംശയവും ഉണ്ടായിരുന്നു'- വിജയ് സേതുപതി പറഞ്ഞു.
ബദ്ലപൂർ, അന്ധദുൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് മെറി ക്രിസ്മസ്. വിജയ് സേതുപതി, കത്രീന കൈഫ് എന്നിവർക്കൊപ്പം അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളിയായ മധു നീലകണ്ഠൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.