സാഥിയ, ഷൂട്ട്ഔട്ട് അറ്റ് ലോഖണ്ഡ്വാല തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിന്‍റെ പ്രിയ താരമായി മാറിയ നടനാണ് വിവേക് ഒബ്റോയ്. നല്ലൊരു ബിസിനസുകാരൻ കൂടിയാണ് അദ്ദേഹം. മുംബൈയിൽനിന്ന് ദുബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് അടുത്തിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സുതുറന്നിരുന്നു. തുടക്കത്തിൽ അവിടെ പോയത് കുറച്ചുകാലത്തേക്ക് മാത്രമായിരുന്നു എന്നും എന്നാൽ ദൈവം തനിക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു
“ബിസിനസ്സ് ആരംഭിക്കാനായി ഞാൻ ആദ്യം കുറച്ച് നാളത്തേക്ക് ദുബൈയിലേക്ക് പോയി. ദൈവം ദയയുള്ളവനാണ്, ഞങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടു. കൂടുതലായും റിയൽ എസ്റ്റേറ്റ് ബിസിനസാണ് നടത്തുന്നത്. ഒരു ചെറിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അവിടെയുണ്ട്. അത് വളരെയധികം വികസിച്ചു, ഇന്ന് ഞങ്ങൾ 400 പേരടങ്ങുന്ന ഒരു കുടുംബമാണ്. അതോടെ സ്ഥിരതാമസം ദുബൈയിലാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യയിൽ തിരിച്ചെത്തി, ഞാൻ ഒരു ഫിൻടെക് കമ്പനി സ്ഥാപിച്ചു. ഇപ്പോൾ ആ കമ്പനി ഇന്ത്യയിൽ 45 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുന്നുണ്ട്. 97 ലക്ഷം ഇന്ത്യൻ കർഷകരെ സഹായിക്കുന്ന ഒരു അഗ്രി സ്റ്റാർട്ടപ്പും ഞങ്ങൾ നടത്തുന്നുണ്ട്” -വിവേക് ഒബ്റോയ് പറഞ്ഞു. മൂന്ന് വർഷമായി താരം ദുബൈയിലാണ് താമസിക്കുന്നത്. മനോഹരമായ ആഡംബര വീട് സ്വന്തമായുണ്ടെങ്കിലും വീട് എവിടെയാണെന്ന് ചോദിക്കുന്നവരോട് ഇപ്പോഴും മുംബൈ എന്നാണ് പറയാറുള്ളത്. രണ്ടിടത്തെയും താൻ ഒരുപോലം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.