തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും ലതയും വിവാഹിതരായിട്ട് നാല് പതിറ്റാണ്ടായി. ദമ്പതികൾക്ക് ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്. 1981 ഫെബ്രുവരി 26ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് രജനീകാന്തും ലതയും വിവാഹിതരായത്. വിവാഹത്തിന് ഒരു വർഷം മുമ്പ് 1980 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രജനിയുടെ 'തില്ലു മുള്ളു'വിന്റെ ചിത്രീകരണത്തിനിടെ ഒരു കോളേജ് മാഗസിന് അഭിമുഖത്തിനായാണ് ലത രംഗാചാരി രജനികാന്തിനെ കാണുന്നത്.
അഭിമുഖത്തിനിടയിൽതന്നെ ഇരുവരും തങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രജനി ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബംഗളൂരുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു. അഭിമുഖത്തിനൊടുവിൽ ലതയോട് രജനി, തന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചതായാണ് അടുപ്പക്കാർ പറയുന്നത്. മറുപടിയൊന്നും പറയാതെ ആദ്യം മാതാപിതാക്കളോട് സംസാരിക്കണമെന്നാണ് ലത പറഞ്ഞത്. ലതയുടെ മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങാൻ രജനികാന്ത് തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി മുതിർന്നവരുടെ സഹായം തേടി. ഒടുവിൽ, അവർ സമ്മതിക്കുകയും 1981ൽ വിവാഹിതരാകുകയും ചെയ്തു.
വൈറൽ ഫോട്ടോ
രജനിയുടെ മകൾ ഐശ്വര്യയാണ് വൈറലായ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ട് ഭർത്താവിന്റെ മുഖത്ത് വരയ്ക്കുന്ന ലതയാണ് ഫോട്ടോയിൽ ഉള്ളത്. മീശയില്ലാതെ ഓമനത്വമുള്ള മുഖത്തോടുകൂടിയ രജനിയെയാണ് ഫോട്ടോയിൽ കാണുന്നത്.
മാതാപിതാക്കളുടെ 38-ാം വിവാഹവാർഷിക ദിനത്തിലാണ് ഐശ്വര്യ ഈ പോസ്റ്റ് പങ്കുവെച്ചത്. '38 വർഷവും അതിലധികവും. നിങ്ങളെ മാതാപിതാക്കളായി ലഭിച്ചത് അനുഗ്രഹമാണ്... വിവാഹ വാർഷികാശംസകൾ അമ്മ, അപ്പ'-ഐശ്വര്യ ചിത്രത്തോടൊപ്പം കുറിച്ചു.
അടുത്തിടെയാണ് തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് രജനീകാന്ത് വിധേയനായത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് 70കാരൻ തിരികെ വീട്ടിലെത്തിയത്.
തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി 'കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ' ശസ്ത്രക്രിയയാണ് നടത്തിയത്. രജനികാന്തിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.