താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്ന് നടൻ ആമിർ ഖാൻ. ശരീരത്തെ ബാധിക്കുന്ന മറ്റുരോഗങ്ങളെ പോലെയാണ് മനസിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെന്നും ഇതിന് നമ്മെ സഹായിക്കാൻ മാനസികാരോഗ്യ വിദഗ്ധരുണ്ടെന്നും നടൻ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിഡിയോയിലാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നടൻ പറഞ്ഞത്.
കണക്ക് പഠിക്കാനായി നമ്മൾ സ്കൂളിൽ പോവുകയോ അല്ലെങ്കിൽ അധ്യാപകരെ സമീപിക്കുകയോ ചെയ്യും. അതുപോലെ മുടിവെട്ടാൻ സലൂണിൽ പോകുന്നു. ഇതിനായി പരിശീലനം ലഭിച്ച ആളുകൾ അവിടെയുണ്ട്. അവർ നമ്മുടെ മുടി മുറിച്ച് തരും. നമുക്ക് സ്വയം ചെയ്യാൻ കഴിയാത്ത നിരവധി ജോലികൾ ഇവിടെയുണ്ട്. അതിന് പരിശീലനം ലഭിച്ച ആളുകളെ സമീപിക്കുകയാണ് വേണ്ടത്. മറ്റുള്ള രോഗത്തിന് ഡോക്ടറെ കാണുന്നത് പോലെ മാനസികാരോഗ്യത്തിനായി അതിന്റെ വിദഗ്ധരെ സമീപിക്കണം. അതിന് ലജ്ജിക്കേണ്ട കാര്യമില്ല - ആമിർ പറഞ്ഞു.
ഞാനും എന്റെ മകൾ ഇറയും വർഷങ്ങളായി തെറാപ്പി ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. നിങ്ങൾ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉറപ്പായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം. അതിൽ നാണക്കേടൊന്നുമില്ല- ആമിർ കൂട്ടിച്ചേർത്തു.
'imhuman' എന്ന ഹാഷ്ടാഗോടെ ഇറ ഖാനാണ് ആമിർ ഖാന്റെ വാക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.