മലപ്പുറത്തുള്ള ആളല്ലേ എന്ന് മമ്മൂക്ക ചോദിച്ചു; വിശേഷങ്ങളുമായി 'പെരുമാനി'യിലെ മുക്രി

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ബിഗ്സ്‌ക്രീനിലേക്ക് വന്ന നവാസ് വള്ളിക്കുന്ന് തന്റെ പുതിയ സിനിമയായ പെരുമാനിയെ കുറിച്ചും ഒപ്പം തന്റെ വിശേഷങ്ങളെ കുറിച്ചും പറയുന്നു

•പെരുമാനിയിലെ മുക്രി

കുരുതി, തമാശ എന്നീ രണ്ട് സിനിമകൾക്ക് ശേഷം എനിക്കേറ്റവുമധികം പ്രേക്ഷകാഭിപ്രായം ലഭിച്ച കഥാപാത്രമാണ് പെരുമാനി സിനിമയിലെ മുക്രി. സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ഒരുപാട് പേർ സിനിമ കണ്ടു നല്ലാഭിപ്രായം പറഞ്ഞു. അത്തരത്തിൽ കുറെ മെസ്സേജുകൾ ഇപ്പോഴും വരുന്നുണ്ട്. എനിക്കാണെങ്കിൽ പെരുമാനി സിനിമ കാണാൻ ഇതുവരെ പറ്റിയിട്ടില്ല. ഞാനിപ്പോൾ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ട, പാലാ ഭാഗത്താണ് ഷൂട്ട്. അതിനിടയിൽ സിനിമ കാണാനുള്ള സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളെ സിനിമ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും പെരുമാനി സിനിമ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് എന്നറിയാം

• മലബാർജീവിതം തുണച്ചു

ഞാൻ മലബാറുകാരനായതുകൊണ്ട് തന്നെ പെരുമാനി സിനിമയിലെ മുക്രി എന്ന കഥാപാത്രം ചെയ്യുന്ന കാര്യത്തിൽ ഞാൻ കുറേക്കൂടി സേഫായിരുന്നു. വിനയ് ഫോർട്ട് സണ്ണി വെയ്ൻ തുടങ്ങിയവരൊക്കെ മലബാർ ശൈലിയിലുള്ള കഥാപാത്രങ്ങൾ നന്നായി ചെയ്യുമെങ്കിലും അവരേക്കാൾ കുറച്ചുകൂടി ഈസിയായിരുന്നു പെരുമാനിയിലെ ആ മുക്രി കഥാപാത്രമെനിക്ക്. ഞാനൊരു മലബാറുകാരനായതുകൊണ്ടാണ് എനിക്ക് കുറേക്കൂടി എളുപ്പത്തിലാ കഥാപാത്രം കണക്ട് ചെയ്യാൻ പറ്റുന്നത് കൊണ്ടാണത് . മാത്രമല്ല സംവിധായകൻ മജു ആ സിനിമക്കകത്ത് ഞാൻ എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യണ്ട എന്നുള്ള കാര്യം വ്യക്തമായി പറഞ്ഞു തരുമായിരുന്നു. പിന്നെ മുക്രിയെ പോലുള്ള കുറെ മനുഷ്യരെ കണ്ടു വളർന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന് റഫറൻസ് ആയി ആരെയും എടുത്തിട്ടില്ലെങ്കിൽ പോലും എന്റെ മനസ്സിലുണ്ടായിരുന്നു ആ കഥാപാത്രം എങ്ങനെയാകണം, എന്തൊക്കെ ചെയ്യണമെന്നൊക്കെ

മജു ആദ്യമായി സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവം എന്ന സിനിമയിലാണ് മജുവിനോടൊപ്പം ഞാൻ ആദ്യമായി വർക്ക് ചെയ്യുന്നത്. പക്ഷേ ആ സിനിമ വേണ്ടത്ര രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. ആ സിനിമ ചെയ്യുന്ന കാലത്തെ മജു പെരുമാനിയുടെ കാര്യമെന്നോട് പറഞ്ഞിട്ടുണ്ട്. വേറൊരു സ്ക്രിപ്റ്റ് കയ്യിലുണ്ട്.അതിൽ നിനക്ക് പറ്റിയ തരത്തിൽ ഒരു മുക്രിയുടെ കഥാപാത്രമുണ്ട്, പക്ഷേ നീയത് ഉറപ്പിക്കേണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ പറഞ്ഞു, 'മജു നീ വേറെയാരേയും നോക്കണ്ട ഞാൻ തന്നെയാണ് അന്റെ മുക്രി'യെന്ന്. പക്ഷേ അപ്പോഴും എന്നോട് പറഞ്ഞത് ഇപ്പൊ ഉറപ്പൊന്നും പറയുന്നില്ല, നമുക്ക് നോക്കാമെന്നാണ്. എന്നാൽ മജു ആ കഥാപാത്രം എന്നെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു. പിന്നീട് ഡബ്ബ് ചെയ്യുന്ന സമയത്ത് മജു എന്നോട് പറഞ്ഞിട്ടുണ്ട് ഈ മുക്രി എന്ന കഥാപാത്രം നീ ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ വേറെ ആരോ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നുവെന്ന്. അതെനിക്ക് വലിയ പോസിറ്റീവ് എനർജി തന്നു. ഈ പറഞ്ഞത് സീരിയസ് ആയിട്ടാണോ എന്ന് ഞാൻ ചോദിച്ചു. അതേന്ന് മജു പറഞ്ഞു. പിന്നീട് ഞാനും മജുവുമൊക്കെയുള്ള ഒരു ഇന്റർവ്യൂ നടക്കുന്നതിനിടയിൽ ഇക്കാര്യം ഞാൻ ഓഡിയൻസിനോട്‌ പറഞ്ഞപ്പോൾ അതിനു മറുപടിയായി മജു തമാശയിൽ പറഞ്ഞു ' എടാ ഞാൻ അതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്.. നീ ചെയ്തില്ലെങ്കിൽ ഇത്രയും കുറഞ്ഞ പൈസയ്ക്ക് ഈ കഥാപാത്രം ഞാൻ വേറെ ആരെകൊണ്ട് ചെയ്യിപ്പിക്കും'മെന്നാണ് ഞാൻ പറഞ്ഞതെന്ന്. പക്ഷേ എന്റെ കഥാപാത്രം നന്നായിട്ടുണ്ട് എന്നൊക്കെ മജു എന്നോട് പറഞ്ഞിട്ടുണ്ട്.അതെനിക്ക് സന്തോഷം തന്നിട്ടുമുണ്ട്

• അടുത്ത മാമുക്കോയ

തമാശ സിനിമ റിലീസ് ചെയ്തതിനുശേഷം ഷഹബാസ് അമൻ സർ ഒരു പോസ്റ്റ് ഇട്ടിരുന്നു.'അടുത്ത മാമുക്കോയ' എന്നൊക്കെ പറഞ്ഞിട്ട്. മാമുക്കോയ സാറിനൊപ്പം നമ്മളൊരിക്കലും ആവുകയുമില്ല ചിന്തിക്കാൻ പറ്റുകയുമില്ല. പക്ഷേ ആളുകൾ ഇങ്ങനെയൊക്കെ എഴുതുമ്പോൾ നമുക്ക് ഉള്ളിൽ വരുന്ന സന്തോഷം വലുതാണ്. പെരുമാനി സിനിമ ഇറങ്ങിയതിനു ശേഷം സോഷ്യൽമീഡിയ കമന്റിൽ കണ്ടിട്ടുണ്ട് നവാസിനെ കാണുമ്പോൾ ബഹുദൂറിനെ ഓർമ്മ വരുന്നു എന്നൊക്കെ. നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകൾ ഇത്തരത്തിലുള്ള ഉപമകൾ തന്നെയാണ്.

• തുടക്കം സുഡാനിയിൽ നിന്ന്

2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിൽ എത്തുന്നത്. കോമഡി സർക്കസ് എന്ന റിയാലിറ്റി ഷോയിൽ ഞാൻ പങ്കെടുത്തിരുന്നു. അതിന്റെ ഫൈനൽ ഷോയിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് സംവിധായകൻ സക്കറിയ ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. എനിക്കാണെങ്കിൽ കോമഡി ചെയ്യാൻ അറിയുമെന്നല്ലാതെ സിനിമയിൽ അഭിനയിക്കാനുള്ള വലിയ അറിവൊന്നും ഇല്ലായിരുന്നു. അത് പറഞ്ഞപ്പോൾ സക്കറിയ എന്നോട് പറയുന്നത് നവാസ് ഇങ്ങോട്ട് വന്നാൽ മതി ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം എന്നാണ്. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴും എന്നെ കാണുന്ന ആളുകൾ ആദ്യം തിരിച്ചറിയുന്നത് സുഡാനി സിനിമയിലെ ലത്തീഫിനെ ഓർത്തിട്ടാണ്. ആദ്യത്തെ സിനിമ അതായത് കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോഴും സിനിമയിൽ നിലനിന്നു പോകുന്നത്.

• മിമിക്രിയിൽ നിന്നൊരു പിന്മാറ്റം

ഞാനിപ്പോൾ മിമിക്രി പരിപാടി നിർത്തിവച്ചിരിക്കുകയാണ്. മിമിക്രി പ്രോഗ്രാം നടക്കേണ്ട ദിവസമാകും നമ്മൾ പോലും പ്രതീക്ഷിക്കാത്ത സിനിമയുടെ ഷൂട്ട് കയറി വരിക. നമ്മൾ ഒരു മിമിക്രി പ്രോഗ്രാം ഏറ്റു കഴിഞ്ഞാൽ അത് പിന്നെ യാതൊരു കാരണവശാലും നമുക്ക് മാറ്റാൻ പറ്റില്ല. അത്തരത്തിൽ ഭയങ്കര റിസ്ക് എടുത്ത് സിനിമ ലൊക്കേഷനിൽ നിന്നും മിമിക്രി പ്രോഗ്രാമിലേക്ക് പോകേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായി ഒരിക്കലെന്റെ ലൈഫിൽ. അഥവാ എനിക്കെങ്ങാനും ആ പ്രോഗ്രാമിൽ പോകാൻ പറ്റിയില്ലെങ്കിൽ ആ പരിപാടിയെ മൊത്തത്തിൽ അത് മോശമായി ബാധിക്കുമായിരുന്നു. സത്യം പറഞ്ഞാൽ അതിനുശേഷം ഞാൻ മിമിക്രി പ്രോഗ്രാം എടുത്തിട്ടില്ല. അത്രയും റിസ്ക് എടുക്കാൻ കഴിയാഞ്ഞിട്ടാണ്. പിന്നെ ചില പ്രോഗ്രാമുകൾക്കൊക്കെ ഗസ്റ്റ് ആയി വിളിക്കുമ്പോൾ അതിനിടയിലൂടയൊക്കെയാണ് നമ്മുടെ മിമിക്രി ആഗ്രഹങ്ങളൊക്കെ ഞാനിപ്പോൾ തീർക്കുന്നത്.

• കുരുതി തന്നെ അഭിനന്ദനം

ഞാൻ ആദ്യമായി ഒരു നെഗറ്റീവ് റോൾ ചെയ്യുന്നത് കുരുതി സിനിമയിലാണ്. ആ സിനിമ കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിൽ എനിക്ക് ഗുണം ചെയ്യുമായിരുന്നു എന്ന് പറഞ്ഞു ഞാനൊരു ഫേസ്ബുക്ക് പോസ്റ്റ് ഒക്കെ ഇട്ടിരുന്നു. പക്ഷേ അതിനു താഴെ ആളുകൾ കമന്റ് ചെയ്തു ഈ സിനിമ എല്ലാവരും കണ്ടിട്ടുണ്ട്, കുരുതി ഒരു തിയറ്റർ മൂവി ആയിരുന്നുവെങ്കിൽ നവാസിന് ഉറപ്പായും നല്ല ഹൈപ്പ് കിട്ടുമായിരുന്നു എന്നൊക്കെ പറഞ്ഞിട്ട്. ആ സിനിമ കണ്ടിട്ട് പലർക്കും എന്നെ മനസ്സിലായില്ല എന്നൊക്കെ ആളുകൾ പറയുമ്പോഴാണ് അറിയുന്നത്. കോമഡിയിൽ നിന്നും നെഗറ്റീവ് റോളിലേക്കുള്ള മാറ്റം കൊണ്ടായിരുന്നു അത്.

• മമ്മൂക്ക ഞെട്ടിച്ചു

എന്നെ സി.ബി.ഐ സിനിമയിലേക്ക് അഭിനയിക്കാനായി വിളിച്ചിരുന്നുവെങ്കിലും ജയിലർ സിനിമയുടെ തിരക്ക് കാരണം എനിക്കാ വർക്ക് ഉപേക്ഷിക്കേണ്ടി വന്നു. അതുപോലെതന്നെ മറ്റേതോ ഒരു വർക്കിലേക്ക് വിളിച്ചപ്പോഴും എനിക്കിത് പോലൊരു കാരണം കൊണ്ടാ വർക്കും ഒഴിവാക്കേണ്ടി വന്നു. പിന്നീട് ഒരിക്കൽ കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ സെറ്റിൽ പോയപ്പോൾ അസിസ് നെടുമങ്ങാട് എന്നെ മമ്മൂക്കക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ പേരും ഞാൻ അഭിനയിച്ച സിനിമയും എല്ലാം അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. ജയിലർ സിനിമ നടക്കുന്ന സമയത്ത് ധ്യാനും ഇതുപോലെ എന്നോട് പറഞ്ഞിരുന്നു മമ്മൂക്കയെ കണ്ടപ്പോൾ ജയിലർ സിനിമയെക്കുറിച്ചും ഒപ്പം അഭിനയിക്കുന്നത് നവാസ് ആണെന്നും പറഞ്ഞപ്പോൾ നമ്മുടെ മലപ്പുറത്തുള്ള ആളല്ലേ എന്ന് മമ്മുക്ക ചോദിച്ചെന്ന്.അതൊക്കെ വലിയ സന്തോഷമുണ്ടാക്കിയിട്ടുണ്ട്

വിശേഷങ്ങൾ

കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭാര്യയുടെ പേര് ഫാരിദ,മോൻ നിയാസ് പത്താം ക്ലാസ്സ്‌ കഴിഞ്ഞു, പിന്നെ ഉള്ളത് നസ്‌ല, ആയിഷ നിഹാല എന്നിങ്ങനെ രണ്ട് മക്കളാണ്. ഇനി റിലീസ് ആവാൻ കുറച്ച് സിനിമകൾ ഉണ്ട്. സൈജു കുറുപ്പ് നായകനായ അഭിലാഷം സിനിമയിൽ ഒരു വക്കീൽ റോൾ ആണ്. അതുപോലെ അൻപോട് കൺമണി എന്ന ചിത്രത്തിൽ അർജുൻ അശോകനോടൊപ്പം നല്ലൊരു വേഷം ചെയ്യുന്നുണ്ട്.

Tags:    
News Summary - perumani Movie Actor Navas Vallikunnu Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.