കൊച്ചി: നടന്‍ ഭീമന്‍ രഘുവിന് സത്യജിത്ത് റേ ഫിലിം പുരസ്ക്കാരം ലഭിച്ചു. നടന്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാണ 'എന്ന പുതിയ ചിത്രത്തിന്‍റെ സംവിധായക മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച ആക്ടറായുള്ള പ്രത്യേക പുരസ്കാരവും നടന് ലഭിച്ചു. ചിത്രത്തിലെ മികച്ച അഭിനയത്തിന് ബാലനടിക്കുള്ള പുരസ്ക്കാരം മീനാക്ഷി ചന്ദ്രനും, സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം വില്ലന്‍ കഥാപാത്രത്തിനെ അവതരിപ്പിച്ച വിഷ്ണു റാമിനും ലഭിച്ചു. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചാണയ്ക്ക് മൂന്ന് പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. അഞ്ചാമത് സത്യജിത്ത് റേ പുരസ്ക്കാരവും സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി ഫിലിം അവാര്‍ഡും എറണാകുളം പ്രസ്സ് ക്ലബിലാണ് പ്രഖ്യാപിച്ചത്. വേണു ബി നായര്‍, മോഹന്‍ ശര്‍മ്മ, ബാലു കരിയത്ത് ഉദയന്‍ അമ്പാടി, പ്രമീള, സജിന്‍ ലാല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.
പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'ചാണ' ഈ മാസം റിലീസ് ചെയ്യും.സ്വീറ്റി പ്രൊഡക്ഷന്‍സ്, നിർമ്മാണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി - ജെറിന്‍ ജയിംസ്, എഡിറ്റര്‍- ഐജു ആന്‍റു, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി,പി ആര്‍ ഓ - പി ആര്‍ സുമേരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.