നാടകത്തട്ടുകളിൽനിന്ന് കലാലോകത്തേക്ക് പറന്നുയർന്ന മഹേശ്വരി എന്ന കെ.പി.എ.സി ലളിതയുടെ ഓർമകളിലാണ് ഓണാട്ടുകര. നാടിന്റെ വാമൊഴി വഴക്കം അഭ്രപാളികളിലെത്തിച്ച് വിസ്മയം തീർത്ത കലാകാരിയുടെ വിയോഗം നാടിന്റെ തീരാനഷ്ടമായി. കെ.പി.എ.സി എന്ന ജനകീയ നാടക പ്രസ്ഥാനത്തെ പേരിനൊപ്പം കൂട്ടിയതിലൂടെ ഓണാട്ടുകരയുടെ അസ്തിത്വമാണ് മരണം വരെയും അവർ ഉയർത്തിക്കാട്ടിയത്. കായംകുളം രാമപുരം കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവിയമ്മയുടെയും മകളായി ജനിച്ച മഹേശ്വരി നൃത്തവേദികളിലൂടെയാണ് കലാലോകത്തേക്ക് പ്രവേശിക്കുന്നത്. കേരളം നെഞ്ചേറ്റിയ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ' എന്ന പാട്ടിന് ചുവടുവെച്ചായിരുന്നു തുടക്കം. 10 വയസ്സ് മുതലാണ് അഭിനയത്തിൽ സജീവമായത്. കെ.പി.എ.സിയിൽ ഗായികയായിട്ടായിരുന്നു തുടക്കം. മൂലധനം, നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിലെ പ്രധാന പാട്ടുകാരിയായിരുന്നു.
പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ വേഷമിട്ടു. ഇതിലൂടെ രൂപപ്പെടുത്തിയ അഭിനയപാടവവുമായാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
തോപ്പിൽഭാസിയുടെ 'കൂട്ടുകുടുംബം' സിനിമയാക്കിയപ്പോൾ കന്നിക്കാരിയായി കടന്നുവന്ന് പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി ഉയരുകയായിരുന്നു അവർ. തോപ്പിൽഭാസിയാണ് മഹേശ്വരിയമ്മയെ 'ലളിത'യാക്കി കലാലോകത്തിന് സമ്മാനിച്ചത്. പിന്നീട് കെ.പി.എ.സിയും പേരിനൊപ്പം ചേർത്തു. തോപ്പിൽഭാസിയോടുള്ള ആദരം ലളിത എല്ലാക്കാലവും സൂക്ഷിച്ചു. തിരക്കേറിയ സിനിമജീവിതത്തിനിടയിലും ഓണാട്ടുകരയിലെ കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിൽ കണിശത പുലർത്തിയിരുന്നതായി മാതൃസഹോദരൻ കൃഷ്ണപുരം കുന്നത്താലുംമൂട് അമ്മവീട്ടിൽ വേലായുധൻ പിള്ള (83) ഓർമിക്കുന്നു. തിരക്കുകൾക്കിടയിൽ കുടുംബവിശേഷങ്ങളിൽ പലപ്പോഴും ലളിതക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫോൺവിളികളിലൂടെയാണ് ഈ വിടവ് നികത്തിയിരുന്നത്. വാർധക്യ അവശതകൾ കാരണം സംസ്കാരച്ചടങ്ങിന് പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ വിഷമത്തിലാണ് വേലായുധൻ പിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.