മമ്മൂട്ടി ചിത്രം ടർബോ വിജയകരമായി പ്രദർശനം തുടരുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകൻ വൈശാഖ്. മോഹൻലാലിനൊപ്പമാണ് തന്റെ പുതിയ ചിത്രമെന്നും മോണ്‍സ്റ്ററിന്റെ പരാജയം ഈ ചിത്രത്തിലൂടെ തീർക്കുമെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ സിനിമയുടെ പേരോ മറ്റുവിവരങ്ങളേ പുറത്തുവിട്ടിട്ടില്ല. ടർബോയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
'ഒരു വമ്പൻ ചിത്രമാണ് ലാലേട്ടനൊപ്പം ചെയ്യാനിരിക്കുന്നത്. അതൊരും വൻ പരിപാടിയായിരിക്കും.മോഹന്‍ലാലിനൊപ്പമുള്ള അടുത്ത ചിത്രത്തിലൂടെ പരാജയ സിനിമകളുടെ ക്ഷീണമൊക്ക ഞാൻ മാറ്റും.ഇതൊരു ഒരു വലിയ ആക്ഷന്‍ ചിത്രമായിരിക്കും. സിനിമയുടെ തിരക്കഥ ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. മോഹൻലാലിന്റെ ആശിർവാദ് സിനിമാസാണ് ചിത്രമൊരുക്കുന്നത്'- വൈശാഖ് പറഞ്ഞു.
നേരത്തെയൊരുക്കിയ മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ പരാജയത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. 'ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മോണ്‍സ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതനായത്.ഒ.ടി.ടിക്ക് വേണ്ടിയൊരുക്കിയ ചിത്രമായിരുന്നു. എന്നാൽ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ ആ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടി വന്നു'- വൈശാഖ് വ്യക്തമാക്കി
2022 ലാണ് മോൺസ്റ്റർ തിയറ്ററുകളിലെത്തിയത്. ഉദയ്കൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആശീർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായ മോൺസ്റ്ററിൽ ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, സിദ്ദിഖ്, കെ ബി ഗണേഷ് കുമാർ, ലെന, ജോണി ആന്റണി, ജഗപതി ബാബു എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ. സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകനാണ് ഇതിന് മുമ്പ് മോഹൻലാലും വൈശാഖും ഒന്നിച്ച ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.