ജാവേദ്​ അക്തർ

'ആനിമലി'നെ പോലുള്ള ചിത്രങ്ങളുടെ വിജയം അപകടകരം - ജാവേദ് അക്തർ

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വം​ഗ സംവിധാനം ചെയ്ത ആനിമലിനെ പോലുള്ള ചിത്രങ്ങളുടെ വിജയം അപകടകരമെന്ന് തിരക്കഥാകൃത്തും ​ഗാനരചയിതാവുമായ ജാവേദ് അക്തർ. ചിത്രത്തിലെ ചില സീനുകളെ ഉദ്ധരിച്ച് സിനിമയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'സമൂഹം കയ്യടിക്കുന്ന തരത്തിൽ ഒരു സീൻ എങ്ങനെയെടുക്കണമെന്ന ആ​ഗ്രഹവും ചിന്തയും ഇന്നത്തെ യുവസംവിധായകർക്ക് സിനിമയെടുക്കുന്നത് ഒരു പരീക്ഷണകാലഘട്ടമാക്കി മാറ്റുന്നുണ്ട്. ഉദാഹരണത്തിന് സിനിമയിൽ പുരുഷൻ സ്ത്രീയോട് തന്റെ ചെരുപ്പ് നക്കാൻ പറയുമ്പോഴും, സ്ത്രീയുടെ മുഖത്തടിക്കുന്നതിൽ തെറ്റില്ലെന്ന് പറയുമ്പോഴും ആ ചിത്രം സൂപ്പർ ഹിറ്റ് തുടരുന്നുണ്ടെങ്കിൽ, അത് അപകടകരമാണ്'- അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് സിനിമാ സംവിധായകരേക്കാൾ ഉത്തരവാദിത്തം കാഴ്ചക്കാരനാണ്. ഏത് തരം സിനിമയെടുക്കണം, എങ്ങനെയെടുക്കണം, ഏതെല്ലാം ഒഴിവാക്കണം എന്നതെല്ലാം കാഴ്ച്ചക്കാരൻ്റെ തീരുമാനമാണെന്നും നമ്മുടെ സിനിമയിൽ ഏത് തരം മൂല്യങ്ങളെയാണ് ഉൾക്കൊള്ളിക്കേണ്ടതെന്നത് സംവിധായകന്റെ മാത്രം തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായകന്റെ പ്രതിനിധാനം സംബന്ധിച്ച് എഴുത്തുകാർ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും അക്തർ പറഞ്ഞു. തെറ്റും ശരിയും സമൂഹം മനസിലാക്കുമ്പോൾ എഴുത്തുകാരന് നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കാനാകും. എന്നാൽ സമൂഹത്തിന് തെറ്റും ശരിയും മനസിലാക്കാൻ സാധിക്കാതെ വരുമ്പോൾ നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആനിമൽ എന്ന ചിത്രത്തിൽ നായകനായ രൺവിജയ് തന്റെ പങ്കാളിയോട് അവളുടെ സ്നേഹം തെളിയിക്കാൻ തന്റെ ഷൂസ് നക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ സീനിനെ പരാമർശിച്ചായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. ആഗോളതലത്തിൽ 900 കോടി രൂപയ്ക്ക് അടുത്ത് സമ്പാദിച്ച ആനിമൽ വ്യത്യസ്ത അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സ്ത്രീ വിരുദ്ധമാണെന്ന് ചലചിത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Success of movies like Animal dangerous says Javed Akhtar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.