അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാൻ 5.31 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം

കോഴിക്കോട് : വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്ക് തുടക്കം. മഞ്ഞക്കൊന്ന അടക്കമുള്ള സസ്യങ്ങളെയാണ് നീക്കം ചെയ്യുന്നത്.

1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ് ചെലവ്. മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിൽ ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുകയാണ് അധിനിവേശ സസ്യങ്ങൾ. മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

പത്ത് സെ.മീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ നെഞ്ച് ഉയരത്തിൽ തൊലി നീക്കം ചെയ്ത് അവ ഉണക്കി കളയുകയാണ് ചെയ്യുന്നത്. പത്ത് സെ.മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതു കളയും. സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്.

വനത്തിൽ സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതിനാൽ കടുവ, പുലി തുടങ്ങിയ വന്യമൃ​ഗങ്ങൾക്ക് ഇരകളെ ലഭിക്കാതിരിക്കുന്നതിനും കാട്ടാനകള്‍ ഉള്‍പ്പെടെ അവ വനത്തിന് പുറത്തു കടക്കുന്നതിനും ഇടയാകുന്നതാണ്.

മഞ്ഞക്കൊന്ന വ്യാപിച്ച പ്രദേശങ്ങളിൽ ഇവ ഭൂമിയിലെ വെള്ളവും വളവും വലിച്ചെടുക്കുകയും ഇതുമൂലം മറ്റുചെടികൾ ഉണങ്ങി നശിക്കുകയും ചെയ്യുന്നു. ഇതോടെ തീറ്റ ലഭിക്കാതെ ആനയും മാനും ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്‌ പതിവാണ്‌. മറ്റ്‌ ചെടികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ മഞ്ഞക്കൊന്ന പിഴുതുമാറ്റാൻ തീരുമാനിച്ചത്‌. വേരുകൾ പൊട്ടിപ്പോകുന്ന പക്ഷം അതിൽനിന്ന്‌ വീണ്ടും തൈകളുണ്ടാകും.

Tags:    
News Summary - 5.31 crore project to remove invasive plants initiated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.