സാർവദേശിയ പാരിസ്ഥിതിക ജനാധിപത്യത്തിനൊരു സൈദ്ധാന്തിക ഗ്രന്ഥമെന്ന് കെ.സഹദേവൻ

കോഴിക്കോട് : സാർവദേശിയ പാരിസ്ഥിതിക ജനാധിപത്യത്തിന് സൈദ്ധാന്തിക പിന്‍ബലം നൽകുകയാണ് Post Growth Thinking in India : Towards Sustainable Egalitarian Alternatives എന്ന പുസ്തകമെന്ന് സാമൂഹിക ചിന്തകനായ കെ.സഹദേവൻ. സമ്പത്ത് വിതരണത്തിലും സാമ്പത്തിക അസമത്വത്തിലും അങ്ങേയറ്റം അനീതി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ നിന്നുകൊണ്ട് വളര്‍ച്ചാനന്തര ചിന്തകള്‍ പങ്കുവെക്കുന്നതില്‍ അസ്വാഭാവികത കണ്ടെത്തുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അത്തരം ചിന്തകള്‍ കേവല ബൗദ്ധിക വ്യായാമങ്ങള്‍ മാത്രമായി മുദ്രകുത്തപ്പെടാനുള്ള സാധ്യതകള്‍ ധാരാളമാണ്.

എന്നാല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഡസനിലേറെ അക്കാദമിക്കുകള്‍ അത്തരമൊരു സാഹസത്തിന് മുതിരുകയാണ് Post Growth Thinking in India : Towards Sustainable Egalitarian Alternatives എന്ന ഗ്രന്ഥത്തിലൂടെ. യൂലിയന്‍ ഫ്രാന്‍സ്വാ ഗെബെയും രാജേശ്വരി എസ്.റെയ്‌നയും ചേര്‍ന്ന് സംഗ്രഹിച്ച ഈ ലേഖന സമാഹാരം വളര്‍ച്ചയുടെ പ്രത്യയശാസ്ത്രത്തെയും അവ സൃഷ്ടിക്കുന്ന അസമത്വത്തിന്റെ ആഴങ്ങളെയും കൂടുതല്‍ വ്യക്തതയോടെ വരച്ചുകാട്ടുന്നു.

വന്ദന ശിവ, ആദിത്യ നിഗം, മന്‍സൂര്‍ ഖാന്‍, സാഗര്‍ ധാര, വിനോദ് വ്യാസലു, സുകുമാര്‍ മുരളീധരന്‍, അജയ് ദാണ്ഡേക്കര്‍, ശിവ് വിശ്വനാഥന്‍, ജയതി ഘോഷ്, കാഞ്ചന്‍ ചോപ്ര, ആശിഷ് കോഠാരി, രജനി ബക്ഷി, ഗണേഷ് പ്രദാസ് ബഗാരിയ, രജുല്‍ അസ്താന, ഹെലന നോര്‍ബെര്‍ഗ് എന്നിവരാണ് ഈ ഗ്രന്ഥത്തിലെ ലേഖനകര്‍ത്താക്കള്‍. പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും പരിസ്ഥിതി സമ്പദ്ശാസ്ത്രകാരനുമായ മാര്‍ട്ടിനെസ് അലയറുടെ ഉപസംഹാര കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമതയിലൂന്നിയ ഒരു സമൂഹ നിര്‍മ്മിതിക്ക് എന്തുകൊണ്ട് വളര്‍ച്ച (Growth) ഒരു ഉത്തരമാകുന്നില്ലെന്ന് ഗ്രന്ഥത്തിന്റെ ആദ്യ ഖണ്ഡം വിശദീകരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ കൂടെപ്പിറപ്പായി ദാരിദ്ര്യവും അസമത്വവും കടന്നുവരുന്നതെങ്ങിനെയെന്ന് ഈ ഭാഗം വിശദമാക്കുന്നു. അസമത്വത്തിലൂന്നിയ ഊര്‍ജ്ജ - വിഭവ പ്രവാഹത്തിലൂടെ മാത്രമേ മാത്രമേ ഇന്ന് നാം കാണുന്ന വിധത്തിലുള്ള ഭൗതിക വികസനം സാധ്യമാകുകയുള്ളൂ എന്നും സമര്‍ത്ഥിക്കുന്നു. നിലവിലുള്ള സാ്മ്പത്തിക - വികസന മാതൃകകള്‍ക്ക് പോകാവുന്ന ദൂരം താണ്ടിക്കഴിഞ്ഞുവെന്നും ഹരിത മുതലാളിത്തം എന്നത് ഒരു വിരുദ്ധോക്തി മാത്രമാണെന്നും ഒന്നാം ഭാഗം സുവ്യക്തമായ രീതിയില്‍ അവതരിപ്പിക്കുന്നു.

രണ്ടാം ഭാഗം അപവളര്‍ച്ചയുടെ സൈദ്ധാന്തിക പരിസരങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുന്നു. നിലവിലുള്ള സാമ്പത്തിക വളര്‍ച്ചാ മാതൃകകളുടെ അപഗ്രഥനങ്ങളിലൂട ഭാവിയിലെ വിഭവ പ്രതിസന്ധിയെയും പാരിസ്ഥിതിക തകര്‍ച്ചകളെയും പ്രവചിക്കാനുള്ള ശ്രമമാണ് ഈ ഖണ്ഡത്തില്‍. ഉപഭോഗ ത്വര സൃഷ്ടിക്കുന്ന ഹിംസ ഒരേസമയം പാരിസ്ഥിതികവും സാമൂഹികവുമായ തലത്തിലേക്ക് വളരുന്നതെങ്ങിനെയെന്ന് ശിവ് വിശ്വനാഥന്‍ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

പുസ്തകത്തിന്റെ മൂന്നാം ഭാഗം വളര്‍ച്ചാനന്തര പരിപാടികളുടെ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളിലേക്ക് നയിക്കുന്നവയാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഏകകമായി ജിഡിപി പോലുള്ളവ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ് തന്റെ ലേഖനത്തിലൂടെ വിശദീകരിക്കുന്നു.

അപവളര്‍ച്ച, ഹരിത വളര്‍ച്ച എന്നിവ സംബന്ധിച്ച അന്വേഷണങ്ങളെ മുന്നോട്ടു നയിക്കുവാനാവശ്യമായ സൈദ്ധാന്തികവും പ്രയോഗപരവുമായ ചിന്തകള്‍ പങ്കുവെക്കുകയാണ് കാഞ്ചന്‍ ചോപ്ര ആര്‍ട്ടിക്കുലേറ്റിംഗ് ഗ്രീന്‍ ഗ്രോത്ത് ആന്റ് ഡീഗ്രോത്ത് എന്ന ലേഖനത്തിലൂടെ.തുടര്‍ന്ന് പാരിസ്ഥിതിക ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ ബദല്‍ വികസനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നു അഷിശ് കോഠാരി. വ്യാവസായികാനന്തര സമ്പദ് വ്യവസ്ഥയില്‍ സാര്‍വ്വദേശീയ മാനവിക മൂല്യത്തെ സംബന്ധിച്ച് ഗണേഷ് പ്രസാദ് രജുല്‍ അസ്താന എന്നിവരുടെ അന്വേഷണങ്ങളും വളര്‍ച്ചാനന്തര കാലത്തെ സമതയിലൂന്നിയ ഒരു സമൂഹ നിര്‍മ്മിതിയെ സംബന്ധിച്ച സ്വപ്‌നങ്ങളെ തിളക്കമുള്ളതാക്കി മാറ്റുന്നു.

മുതലാളിത്ത വളര്‍ച്ചാ സിദ്ധാന്തങ്ങള്‍ അനിവാര്യമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിലും സ്ഥായിത്വത്തിലും സമതയിലും ഊന്നി നില്‍ക്കുന്ന ഒരു സമൂഹ നിര്‍മ്മിതിയെക്കുറിച്ച് സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും സൈദ്ധാന്തിക പിന്‍ബലം നല്‍കുന്ന ഒരു ഗ്രന്ഥമാണിതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് സഹദേവൻ കുറിച്ചു. 

Tags:    
News Summary - A Theoretical Background to Global Environmental Democracy -K.Sahadevan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.