അകേല ദ ജംഗ്ൾ സ്റ്റോറി

അകേല

ദ ജംഗ്ൾ സ്റ്റോറി


റഷ്യയിലെ ഒരു ഉൾനാടൻ ഗ്രാമം. പതിവുപോലെ കാടിനടുത്തുള്ള റോഡരികിലൂടെ നടക്കാനിറങ്ങിയതായിരുന്നു ആന്ദ്രേ. പ്രധാന റോഡും കടന്ന് കൂടുതൽ കാടിനടുത്തേക്ക് ആന്ദ്രേ എത്തി. കാടിനകത്തേക്കുള്ള വഴിയിലൂടെയാണ് ഇനി നടത്തം. കാടും മലകളുമെല്ലാം പണ്ടേ ഇഷ്ടമായിരുന്നു അവന്. ഇടക്കിടെ കാടുകയറും. കുറെ ദൂരം കാട്ടിനകത്തുകൂടി സഞ്ചരിക്കും. മഞ്ഞുനിറഞ്ഞ വഴികളും അരുവികളും കടന്ന് ദൂരേക്ക് നടന്നുനീങ്ങും. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കൂട്ടുകാരും കുടുംബാംഗങ്ങളും പലതവണ വിലക്കിയതാണ് കാട്ടിലേക്ക് ഇടക്കുള്ള ഈ ഒളിച്ചുകളി. പക്ഷേ ആന്ദ്രേക്ക് അതാണ് ഇഷ്ടം... കാടും മലയും അരുവികളും മൃഗങ്ങളുമെല്ലാം.

അങ്ങനെ പതിവ് നടത്തത്തിൽ ദൂരെ ഒരു വളവിൽ ആരോ നിൽക്കുന്നത് ആന്ദ്രേ കണ്ടു. വിജനമായ വഴിയാണ്. ആന്ദ്രേ നടക്കാനിറങ്ങുന്ന സമയങ്ങളിലൊന്നും ആരെയും ആ വഴി കാണാറില്ലാത്തതാണ്. അൽപം പ്രായമായ ഒരാൾ, വഴിയിൽ ആരെയോ കാത്തുനിൽക്കുന്നതുപോലെ. ആന്ദ്രേ നടത്തം തുടർന്നു. ഇരുട്ട് പതിയെ വീണുതുടങ്ങിയിരിക്കുന്നു. എങ്കിലും വഴി തെളിഞ്ഞുതന്നെ കാണാം. കാട്ടിൽനിന്ന് പലജീവികളുടെയും ശബ്ദം ഉയർന്നുവന്നുതുടങ്ങി. ദൂരെ കണ്ട ആ രൂപത്തോട് ആേന്ദ്ര കുറച്ചുകൂടി അടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ അയാളുടെ രൂപം തെളിഞ്ഞുകാണാം. അൽപം സംശയത്തോടെയെങ്കിലും ആന്ദ്രേ മുന്നോട്ടുനീങ്ങി. മറ്റാരെയുമല്ല, തന്നെത്തന്നെയാണ് അയാൾ കാത്തിരിക്കുന്നതെന്ന് ആന്ദ്രേക്ക് തോന്നി. ആന്ദ്രേയുടെ കണ്ണുകളിലേക്കായിരുന്നു അയാളുടെ നോട്ടം. നടത്തത്തിന് വേഗം കുറച്ചു. അൽപം പഴകിയ ഒരു കോട്ടാണ് അയാൾ ധരിച്ചിരുന്നത്. കൈ മുഴുവൻ ആ കോട്ടിന്റെ വലുപ്പം കൊണ്ടുതന്നെ മറഞ്ഞിരുന്നു. കണ്ണുകളിൽ അസാധാരണമായ തിളക്കം, നരച്ചുതുടങ്ങിയ ചെമ്പൻ നിറമുള്ള താടിയും മീശയും. ആന്ദ്രേയെ കണ്ടതും അയാൾ പുഞ്ചിരിച്ചു. ആന്ദ്രേക്ക് എന്തോ കാണിച്ചുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. ഒന്നും മനസ്സിലായില്ലെങ്കിലും ആന്ദ്രേ ചുറ്റും പരതി. അൽപം മാറി മരത്തിനോട് ചേർന്ന് ഒരു കറുത്ത ചെറിയ രൂപം. സൂക്ഷിച്ചുനോക്കിയ

പ്പോൾ മനസ്സിലായി ഒരു നായ്ക്കുട്ടിയാണെന്ന്. മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ നായ്ക്കുട്ടിക്ക് കാവൽ നിൽക്കുകയായിരുന്നു ആ മനുഷ്യൻ. അപരിചിതരോടെന്നപ്പോലെ പിണങ്ങി മാറിയിരിക്കുകയായിരുന്നു അയാളുടെ സമീപത്തുനിന്ന് നായ്ക്കുട്ടിയും. ആന്ദ്രേ നായ്ക്കുട്ടിയെ സസൂക്ഷ്മം വീക്ഷിക്കുന്നതിനിടെ, ഒന്നും പറയാതെ ആ മനുഷ്യൻ മുന്നോട്ട് നടന്നുനീങ്ങി. ഇരുട്ട് മൂടിത്തുടങ്ങിയതിനാൽ എളുപ്പത്തിൽ ഈ വഴിയിൽനിന്ന് പുറത്തെത്തണമായിരുന്നു ആന്ദ്രേക്ക്. എന്നാൽ, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പേടിച്ചരണ്ട് മരച്ചുവട്ടിൽ കിടക്കുന്ന നായ്ക്കുട്ടിയെ ഒറ്റക്കാക്കിപോകാൻ ആന്ദ്രേക്ക് മനസ്സുവന്നില്ല. ആ മൃതപ്രായനായ മനുഷ്യൻ തന്നിൽ വിശ്വാസമർപ്പിച്ച് നായ്ക്കുട്ടിയെ ഏൽപ്പിച്ച് പോയപോലെ ആന്ദ്രേക്ക് തോന്നി. പ്രസവിച്ച് ദിവസങ്ങൾക്കകം ഉപേക്ഷിച്ച് പോയതോ ഒറ്റപ്പെട്ടുപോയതോ ആകണം. അതിന്റെ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ലായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ അതിനെ ആന്ദ്രേ കൈകളിലെടുത്തു

മുന്നോട്ടുനീങ്ങി. ആന്ദ്രേയുടെ ചൂടിൽ

കൈയിലുണ്ടായിരുന്ന തൂവാലകൊണ്ട് പതിയെ അവൻ നായ്ക്കുട്ടിയെ പുതപ്പിച്ചു. അപ്പോഴും വിറച്ചുകൊണ്ടേയിരിക്കുകയായിരുന്നു അത്. നാവ് പുറത്തേക്ക് നീട്ടി പതിയെ കണ്ണുകളടച്ച അതിനെ തന്റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി അവൻ തിരിച്ചു നടന്നുതുടങ്ങി. നേരം ഇരുട്ടിയിരിക്കുന്നു. ചുറ്റും വന്യമൃഗങ്ങളുടെ കോലാഹലങ്ങൾ കാതുകളിൽ. വേഗത്തിൽതന്നെ ആന്ദ്രേ മുന്നോട്ടുനീങ്ങി. വീടെത്തുക എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാവുന്ന ഒരു ജീവനാണ് തന്റെ കൈയിലിരിക്കുന്നത് എന്ന ബോധ്യമുള്ളതിനാൽ അവൻ നടത്തത്തിന്റെ വേഗം കൂട്ടിക്കൊണ്ടേയിരുന്നു. വിശന്നൊട്ടി കിടക്കുന്ന ആ നായ്ക്കുട്ടിയുടെ അവസ്ഥ അവനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല, അതവൻ ഒരുപാട് കണ്ടും അനുഭവിച്ചും വളർന്നതാണ്. കാടു കഴിഞ്ഞാൽ പോകുന്ന വഴിയിൽ രണ്ടുമൂന്നു ചെറിയ വീടുകളും ഒരു കടയുമുണ്ട്. അവിടെനിന്ന് എന്തെങ്കിലും നായ്ക്കുട്ടിക്ക് വാങ്ങിനൽകാമെന്നുകൂടി മനസ്സിലുണ്ടായിരുന്നു. ഓരോ വീടിന്റെയും വാതിൽ തട്ടിനോക്കിയെങ്കിലും അവിടെ ആരുമില്ലായിരുന്നു. ഇടക്കിടെ ആന്ദ്രേ തൂവാല മാറ്റി നായ്ക്കുട്ടിയെ നോക്കി, ഇപ്പോഴും ഹൃദയമിടിപ്പുണ്ട്. എന്നാൽ വിധി മറ്റൊന്നാകുമോ എന്ന ഭയം ആന്ദ്രേക്ക് തോന്നിയത് വളരെ വൈകി അടക്കാറുള്ള കട നേരത്തേ അടച്ച് കടയുടമ പോയതറിഞ്ഞപ്പോഴാണ്. അവൻ അതിനെ ഒന്നുകൂടി ചേർത്തുപിടിച്ചു.

മുഖത്തേക്ക് ഒന്നുകൂടി നോക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. നടത്തം നിർത്തി അവൻ ഓടാൻ തുടങ്ങി. കിലോമീറ്റുകൾ പിന്നിടാൻ മിനിറ്റുകൾ മാത്രം മതിയായിരുന്നു അവന്! വീട്ടിലെത്തിയ ഉടൻ തന്റെ മുറിയിലേക്ക് ആ നായ്ക്കുട്ടിയെ കൊണ്ടുപോയി. തന്റെ കമ്പിളിക്കുള്ളിലേക്ക് അതിനെ വെക്കുമ്പോൾ വിറച്ചുകൊണ്ട് കണ്ണുമിഴിച്ച് അത് ആന്ദ്രേയെ ഒന്നുനോക്കി. വിരലിൽ ഒരുതവണ നക്കി. വളരെ വേഗംതന്നെ പാലുമായി ആന്ദ്രേ തിരിച്ചെത്തി. ഫില്ലറിൽ തുള്ളിതുള്ളിയായി അതിന്റെ വായിലേക്ക് പാൽ പകർന്നുകൊടുക്കുമ്പോൾ കണ്ണിമ വെട്ടാതെ നായ്ക്കുട്ടി ആന്ദ്രേയെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പതിയെ കമ്പിളിയുടെ ചൂടിനുള്ളിലേക്ക് അവൻ ചുരുണ്ടു. പെട്ടെന്നുതന്നെ ഉറക്കത്തിലേക്ക്. ഉറങ്ങുന്നതിനിടെ കമ്പിളിയുടെ ഒരു തലപ്പ് വായിൽവെച്ച് കിടക്കുകയായിരുന്നു അത്.

ജീവന്റെ തിരിച്ചുവരവുകൾ

രാവിലെ കണ്ണുതുറന്ന് നോക്കിയ ആന്ദ്രേ കണ്ടത് തന്റെ ബെഡിൽ എഴുന്നേറ്റിരുന്ന് വാലാട്ടുന്ന കുഞ്ഞു നായ്ക്കുട്ടിയെയാണ്. അവൻ ആരോഗ്യവാനായിരുക്കുന്നു. ഉന്മേഷം വീണ്ടെടുത്തിരിക്കുന്നു. ഒരുപക്ഷേ അത്രയധികം ആന്ദ്രേ അടുത്തൊന്നും സന്തോഷിച്ചിട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് വെറ്ററിനറി ആശുപത്രിയിലേക്ക് നായ്ക്കുട്ടിയെ കൊണ്ടുപോകണമെന്ന് അവനുറപ്പിച്ചു. തന്റെ വണ്ടിയിൽ തൊട്ടടുത്ത സീറ്റിൽ പുതപ്പിൽ പുതച്ചുമൂടി നായ്ക്കുഞ്ഞ് പതിയെ ആന്ദ്രേയുടെ മുഖത്തേക്കുനോക്കിക്കൊണ്ടിരുന്നു. വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ മരുന്നും ഇഞ്ചക്ഷനും നൽകി. നായ്ക്കുട്ടിയുടെ ബ്രീഡ് ഏതാണെന്ന് അവരോട് ആന്ദ്രേ ചോദിച്ചു. പക്ഷേ അവർക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയശേഷം നായ്ക്കുട്ടിയെ പുൽത്തകിടിയിലേക്ക് ആന്ദ്രേ ഇറക്കിവിട്ടു. ഓടിച്ചാടി കളിച്ചുനടന്ന അതിനെ അവൻ നോക്കിക്കൊണ്ടിരുന്നു.

വളരെ പെട്ടെന്നായിരുന്നു അതിന്റെ വളർച്ച. മാസങ്ങൾക്കകംതന്നെ വലിയൊരു നായുടെ വലുപ്പവും വണ്ണവുംവെച്ചു. മിക്ക സമയത്തും ആന്ദ്രേയുടെ പിന്നാലെ നായുമുണ്ടാകും. ഇടക്കിടെ വന്ന് കെട്ടിപ്പിടിച്ച് തലോടൽ കിട്ടിയില്ലെങ്കിൽ കുറുമ്പുകാണിക്കുന്ന സ്വഭാവം. എല്ലാ ഭക്ഷണങ്ങളും കഴിപ്പിച്ച് ശീലിപ്പിച്ചിരുന്നു ആന്ദ്രേ. പച്ചക്കറികളും തണ്ണിമത്തനുമെല്ലാം അതിന്റെ ഇഷ്ട ഭക്ഷണമായി. ഒരിക്കൽ അൽപം മാംസം വാങ്ങി തിരിച്ചെത്തിയപ്പോൾ പതിവില്ലാതെ നായ് ആന്ദ്രേയുടെ അടുത്തേക്ക് കുരച്ചുകൊണ്ട് ഓടിയെത്തി. അതുവരെ വേവിക്കാത്ത മാംസം അതിന് നൽകിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ ആന്ദ്രേ തന്റെ കൈയിലുണ്ടായിരുന്ന മാംസമടങ്ങിയ പൊതി അവന്റെ മുന്നിൽവെച്ചു. നിമിഷനേരംകൊണ്ട് അവൻ അത് അകത്താക്കി.

ഇടക്കിടെ ആന്ദ്രേയുടെ സുഹൃത്തുക്കൾ വീട്ടിൽ വന്നുപോയിരുന്നു. അവർക്കെല്ലാം ആ നായ് അത്ഭുതമായിരുന്നു. ജെർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട സങ്കരയിനം നായാകുമെന്നായിരുന്നു സുഹൃത്തുക്കളുടെയെല്ലാം അഭിപ്രായം. ആന്ദ്രേയോടെന്നപോലെതന്നെ നായ് കൂട്ടുകാരുടെയും ചങ്ങാതിയായി. എങ്കിലും അതിന്റെ അസാമാന്യ വലുപ്പവും വണ്ണവും വലിയ പല്ലുകളുമെല്ലാം പലപ്പോഴും കൂട്ടുകാരെ വീട്ടിലേക്ക്‍ വരുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. നാൾക്കുനാൾ മാറുന്ന നായുടെ ശരീരപ്രകൃതം ആന്ദ്രേക്ക് അത്ഭുതമായിരുന്നു. ഏത് ഇനത്തിൽപെട്ട നായാണ് അതെന്നറിയാൻ പല വഴിയും ആന്ദ്രേ നോക്കി. അവന്റെ അന്വേഷണം ചെന്നെത്തിയത് ഒരു ന്യൂസ്പേപ്പർ ആർട്ടിക്കിളിലായിരുന്നു. നായ്ക്കളിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് പഠനംനടത്തുന്ന ഒരു റിസർച്ചറുടെ ആർട്ടിക്കിളായിരുന്നു അത്. ആന്ദ്രേ പത്രമോഫിസിൽനിന്ന് അയാളുടെ മേൽവിലാസം സംഘടിപ്പിച്ചു.

തിരിച്ചറിവിന്റെ ഞെട്ടൽ മാറാതെ

പിറ്റേന്നുരാവിലെതന്നെ ആന്ദ്രേ തന്റെ കാറിൽ നായുമായി അയാളുടെ വീട് അന്വേഷിച്ചിറങ്ങി. കിലോമീറ്ററുകൾക്കപ്പുറം അവൻ ആ മേൽവിലാസം കണ്ടെത്തി. നായെയും കൂട്ടി ആന്ദ്രേ ആ വീടിന്റെ മുന്നിലേക്ക് നടന്നു. കോളിങ് ബെല്ലിൽ വിരലമർത്തി അൽപം കാത്തുനിന്നു. അൽപം കഴിഞ്ഞ് വാതിൽ തുറന്നു. ഗവേഷകൻ പുറത്തുവന്നു. ഒരുനോട്ടം മാത്രം, ആന്ദ്രേയെയും നായെയും കണ്ട അയാൾ ഒരലർച്ചയോടെ പിന്നിലേക്ക്‍വീണു. പിന്നെ എഴുന്നേറ്റ് അകത്തേക്കോടി. ആകെ ഒരു അമ്പരപ്പായിരുന്നു ആന്ദ്രേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. അൽപനേരം കഴിഞ്ഞ് ഉള്ളിൽനിന്ന് ഗവേഷകൻ വിളിച്ചുപറഞ്ഞു, ‘‘ അതിനെ പുറത്ത്കെട്ടിയിട്ട് അകത്തേക്ക് കയറിവരൂ...’’. ആന്ദ്രേ അങ്ങനെ ചെയ്തു.

ഒന്നും കൃത്യമായി മനസ്സിലാകാതെ അമ്പരപ്പോടെനിന്ന ആന്ദ്രേയോട് ഗവേഷകൻ ചോദിച്ചു; ‘‘നിങ്ങൾക്ക് എവിടെനിന്നുകിട്ടി ഈ വലിയ ചെന്നായയെ! ഒരിക്കൽപോലും ജീവനോടെ ഒരാളെ ഇവക്കൊപ്പം ഞാൻ കണ്ടിട്ടില്ല. മനുഷ്യൻ അത്രയധികം ഭയക്കുന്ന, മനുഷ്യനെക്കണ്ടാൽ കടിച്ചുകീറുന്ന കനേഡിയൻ ചെന്നായയാണത്. എന്റെ ഗവേഷണങ്ങൾക്കിടെ പലതവണ ഞാൻ ഇക്കൂട്ടത്തെ കണ്ടിട്ടുണ്ട്. പലപ്പോഴും പലരെയും കടിച്ച് തുണ്ടം തുണ്ടമാക്കിയ നിലയിൽ. നിങ്ങൾക്ക് ഇതിനെ എവിടെനിന്നു കിട്ടി!’’. ആന്ദ്രേ കഥ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. അമ്പരപ്പോടെ അദ്ദേഹം പറഞ്ഞു, ‘‘എത്രയും വേഗം നിങ്ങളതിനെ ഏതെങ്കിലും മൃഗശാലയിലേക്ക് കൈമാറുക. മനുഷ്യനുമായി ഒരിക്കലും ഇണങ്ങാത്ത ജീവിയാണത്. എന്നെങ്കിലുമൊരിക്കൽ അത് നിങ്ങളെയും കടിച്ചുകീറും’’.

അമ്പരപ്പുമാറാതെ ആന്ദ്രേ ആ വീട്ടിൽനിന്ന് തിരിച്ചിറങ്ങി. പുറത്ത് തന്നെ കാത്ത് വാലാട്ടിക്കൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ ആ ‘ചെന്നായ’. അതിന്റെ കണ്ണുനിറയെ സ്നേഹമായിരുന്നു അവൻ കണ്ടത്. ഒട്ടുംപേടിയില്ലാതെ അതിനെയുംകൂട്ടി കാറിൽ കയറി. പോകുമ്പോൾ ഒരു കാര്യം അവൻ ഉറപ്പിച്ചിരുന്നു; ഒരിക്കലും തന്റെ ‘സുഹൃത്തിനെ’ ഒരു മൃഗശാലയിലേക്കും അയക്കില്ല എന്ന്.

ഗവേഷകൻ പറഞ്ഞത് ശരിയാണെങ്കിൽ മനുഷ്യനെ എപ്പോഴെങ്കിലും ഉപദ്രവിച്ചേക്കാം എന്ന ചിന്ത അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും നായ്ക്കുട്ടിയിൽനിന്ന് ചെന്നായയിലേക്ക് എത്തിയ തന്റെ പ്രിയ സുഹൃത്തിനെ സംരക്ഷിക്കണമെന്ന് ആന്ദ്രേ മനസ്സിലിറുപ്പിച്ചു. അതിനായി വീട്ടിൽതന്നെ അവനായി ആന്ദ്രേ വലിയൊരു കൂടൊരുക്കി. വീട്ടുകാരും സുഹൃത്തുക്കളും പലതവണ ചെന്നായയെ മൃഗശാലക്ക് കൈമാറാൻ നിർദേശിച്ചെങ്കിലും ആന്ദ്രേ പതിവുദിവസങ്ങളിലെപ്പോലെ അവന്റെ അടുത്തെത്തും. ഭക്ഷണം നൽകിയശേഷം അവനൊപ്പം കളിക്കും, ഉറക്കും. ചെന്നായയാണെന്ന് അറിഞ്ഞതോടെ സ്നേഹം മാത്രമല്ല, കൗതുകവും ആന്ദ്രേയിലുണ്ടായിരുന്നു.

‘അകേല’, ആന്ദ്രേ അവനെ വിളിച്ചു

കൂട്ടിലിട്ട് സംരക്ഷിക്കാൻ തുടങ്ങിയതോടെ ആന്ദ്രേയും അവന്റെ വളർത്തുചെന്നായയും ഒരു ‘സെലിബ്രിറ്റി’യായി മാറിയിരുന്നു. ഇരുവരെയും അവരുടെ സൗഹൃദവും നേരിട്ട് കാണാൻ നിരവധിപേർ പലയിടങ്ങളിൽ നിന്നായെത്തി. ഈ ചങ്ങാത്തം പത്രങ്ങളിൽ ആർട്ടിക്കിളുകളായി മാറുകയും ചെയ്തു. വരുന്നവരെല്ലാം ചെന്നായയുടെ പേര് ചോദിക്കാൻ തുടങ്ങി. സാധാരണ നായ്ക്കുട്ടികളെ വിളിക്കുന്ന ഓമനപ്പേരുകളായിരുന്നു ആന്ദ്രേ അവനെ വിളിച്ചിരുന്നത്. ചെന്നായയുടെ ഗൗരവവും എന്നാൽ തന്റെ പ്രിയ സുഹൃത്തിനായി ഓമനത്തമുള്ള ഒരു പേരും വേണമായിരുന്നു ആന്ദ്രേക്ക്. കുറച്ചുനിമിഷത്തെ ആലോചനക്കുശേഷം അവൻ സുഹൃത്തിന്റെ അടുത്തെത്തി വിളിച്ചു ‘അകേല’. തന്റെ കുട്ടിക്കാലം മനോഹരമാക്കിയ ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രം. അകേലയെയും ആന്ദ്രേയേയും കാണാനെത്തുന്നവർക്ക് വിവരിക്കുന്നതിനായി കനേഡിയൻ ചെന്നായയെക്കുറിച്ച് കൂടുതൽ അറിയാനായി പുസ്തകങ്ങൾ വായിക്കുകയും ഇന്റർനെറ്റിൽ പരതുകയും ചെയ്തു. കനേഡിയൻ ചെന്നായയെക്കുറിച്ച് അവൻ കൂടുതൽ അറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചെന്നായ് വർഗമാണ് കനേഡിയൻ ചെന്നായ്. ഒരിക്കൽപോലും മനുഷ്യനുമായി അടുക്കാത്തവ. കാനഡയിലെ കാടിന്റെ രാജാവ്. കാടിനോടടുത്ത് താമസിക്കുന്നവരുടെ പേടിസ്വപ്നം.



ആന്ദ്രെയും അകേലയും

 

മാത്രമല്ല, സംരക്ഷിക്കപ്പെടാതെ അകേലയെപ്പോലെ ഉപേക്ഷിക്കപ്പെടുന്ന നിരവധി ചെന്നായ്ക്കൾ കാട്ടിൽ മരിച്ചുവീഴാറുണ്ടെന്നും അവൻ മനസ്സിലാക്കി. അകേലയെപ്പോലെ ഉപേക്ഷിക്കപ്പെടുന്ന ചെന്നായ്ക്കൾക്ക് ഒരു ഷെൽട്ടർ ഹോം നിർമിച്ചുകൂടേ എന്നായിരുന്നു ആന്ദ്രേയുടെ പിന്നീടുള്ള ചിന്ത. ഭക്ഷണം, ആരോഗ്യസുരക്ഷ തുടങ്ങിയവക്കായി മുടക്കേണ്ട വൻതുക തന്നെയായിരുന്നു അവന്റെ മുമ്പിലുള്ള ഏക തടസ്സവും. ഷെൽട്ടർഹോം എന്ന ആശയം വീട്ടുകാരോടും സുഹൃത്തുക്കളോടും ആന്ദ്രേ പങ്കുവെച്ചു. എതിർക്കുമെന്നായിരുന്നു ചിന്തയെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഫണ്ട് കണ്ടെത്താമെന്ന സുഹൃത്തുക്കളുടെ വാക്കുകൾ ആന്ദ്രേയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. അങ്ങനെ അകേലയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ ‘Black Canadian Wolf’ എന്ന പേജ് നിർമിക്കുകയും ഫണ്ട് സമാഹരിക്കുകയും ചെയ്തു.

തന്റെ വീടിനോട് ചേർന്ന വനപ്രദേശത്തുതന്നെ ഒരു ഷെൽട്ടർ ഹോം നിർമിക്കാനായി ആന്ദ്രേ തയാറെടുപ്പുകൾ നടത്തി. അതിനിടെ മറ്റൊരു ചെന്നായ്ക്കുട്ടിയെയും ആന്ദ്രേക്ക് കിട്ടി. വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ ചെന്നായ്ട്ടിക്കുയെ പരിസരവാസികളിലൊരാൾ ആന്ദ്രേയുടെ അടുത്തെത്തിക്കുകയായിരുന്നു. അധികം വൈകാതെതന്നെ അകേലക്കും സുഹൃത്തുക്കൾക്കുമായി ഒരു ഷെൽട്ടർ ഹോം ഒരുങ്ങി. ഇതിനിടെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും പരിസരവാസികൾ ആന്ദ്രേയുടെ അടുത്തെത്തിച്ചതുമായ നിരവധി ചെന്നായ്ക്കുട്ടികൾ ആന്ദ്രേയുടെ ഷെൽട്ടർ ഹോമിലെത്തിയിരുന്നു. അകേലയുടെ ചെറുപ്പം മുതലുള്ളതും മറ്റു ചെന്നായ്ക്കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും Black Canadian Wolf എന്ന പേജിൽ കാണാം. ആന്ദ്രെ മുസേൻകോ എന്ന റഷ്യൻ യുവാവും അവന്റെ ചെന്നായ്ക്കൂട്ടവും ഇന്ന് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകമാവുകയാണ്.

Tags:    
News Summary - Akela The Jungle Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.