ഗ്രേറ്റ് നികോബാർ പ്രൊജക്ടിന് മുറിച്ചുമാറ്റേണ്ടത് 10 ലക്ഷം മരങ്ങൾ

പോർട് ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ഗ്രേറ്റ് നികോബാർ ദ്വീപിൽ 72,000 കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിക്കായി മുറിച്ചുമാറ്റേണ്ടിവരിക 10 ലക്ഷത്തോളം മരങ്ങൾ. ട്രാൻസ്-ഷിപ്മെന്‍റ് തുറമുഖം, വിമാനത്താവളം, ടൗൺഷിപ്, മെഗാ സോളാർ പവർ പ്ലാന്‍റ് എന്നിവയുൾപ്പെടുന്നതാണ് കേന്ദ്ര സർക്കാറിന്‍റെ സ്വപ്നപദ്ധതിയായ ഗ്രേറ്റ് നികോബാർ പ്രോജക്ട്.

9.64 ലക്ഷം മരങ്ങൾ പദ്ധതിക്കായി മുറിക്കേണ്ടിവരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അശ്വിനികുമാർ ചൗബേ രാജ്യസഭയിൽ പറഞ്ഞു. 8.5 ലക്ഷം മരങ്ങൾ മുറിക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ കണക്കാക്കിയത്.

ഇത്രയേറെ പരിസ്ഥിതിനാശമുണ്ടാക്കുന്ന പദ്ധതിക്കെതിരെ ആശങ്കയുയർത്തി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പരിസ്ഥിതിനാശവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, ഐ.സി.എഫ്.ആർ.ഇ എന്നിവയുമായി ചേർന്ന് സർക്കാർ പ്രത്യേക പദ്ധതി രൂപീകരിക്കുന്നുണ്ട്.

ഗുരുതരമായ ഭീഷണി നേരിടുന്ന സ്പീഷിസുകളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള പദ്ധതി രൂപീകരിക്കും. ലെതർ ബാക്ക് ടർട്ടിൽ, നിക്കോബാർ മെഗാപോഡ്, പവിഴപ്പുറ്റുകൾ, ഉപ്പുവെള്ള മുതലകൾ, കണ്ടൽക്കാടുകൾ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന വ്യത്യസ്‌ത ജീവികൾക്ക് അനുയോജ്യമായ പ്രത്യേക സംരക്ഷണ പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വനമേഖലയിലാണ് ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട് നടപ്പാക്കുന്നത്. വിദഗ്ധ സമിതി ഇതിനുള്ള പാരിസ്ഥിതികാനുമതി നൽകിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിയെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പദ്ധതി പഠിക്കാനായി ഒരു വിദഗ്ധ സമിതിയെ കൂടി നിയോഗിച്ചിരിക്കുകയാണ്.

പരിസ്ഥിതി പ്രാധാന്യമുള്ള പദ്ധതികളുടെ വിവരങ്ങൾ സാധാരണയായി പരിസ്ഥിതി മന്ത്രാലയം തങ്ങളുടെ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കാറുണ്ട്. എന്നാൽ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഇത്തരത്തിൽ ലഭ്യമാക്കിയിട്ടില്ല. തന്ത്രപ്രധാനമായ പദ്ധതിയായിക്കണ്ട് ആഭ്യന്തര വകുപ്പ് പ്രത്യേക നിർദേശം നൽകിയതിനാലാണിതെന്നാണ് വിവരം. 

Tags:    
News Summary - Almost a million trees to be felled for Great Nicobar Project: Govt in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.