വെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.
ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ഒരിനം വേലിത്തത്തയാണ് നീലക്കവിളൻ വേലിത്തത്ത (ബ്ലൂ ചീക്ഡ് ബീ ഈറ്റർ). കുവൈത്തിൽ കൂടി യാത്ര ചെയ്യുന്ന ഇവ മിക്കപ്പോഴും വലിയ കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. യാത്ര ചെയ്യുമ്പോൾ നിരന്തരം ചൂളമടിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്. കുവൈത്തിൽ പ്രജനനം നടത്തിയ ചുരുക്കം ചില ദേശാടനപ്പക്ഷികളിൽ ഒന്നുമാണിവ.
മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൺ-പെൺ പക്ഷികളെ തമ്മിൽ വലിയ വ്യത്യസങ്ങൾ കാഴ്ചയിൽ ഇല്ലെങ്കിലും ആൺപക്ഷികളുടെ അങ്കവാലിന് നീളക്കൂടുതൽ ഉണ്ട്. പലയിനം വേലിത്തത്തകളെ പോലെ തന്നെ നിറങ്ങളാൽ സമൃദ്ധമാണ് നീലകവിളനും. തിളങ്ങുന്ന മരതക നിറത്തിലുള്ള ഇവയുടെ രണ്ടു കവിളിലും നീല നിറവും കണ്ണിന് കുറുക്കെ കറുത്ത പട്ടയും കഴുത്തിൽ ഓറഞ്ച് നിറവും കാണുന്നു. ഈ തിളങ്ങുന്ന നിറം തന്നെയാണ് ദേശാടനവേളയിൽ ഇവയുടെ ശാപവും. എളുപ്പം കണ്ടെത്താവുന്ന ഇവ പക്ഷി വേട്ടക്കാരുടെ സ്ഥിരം ഇരയാണ്.
തേനീച്ചപിടിയൻ എന്നാണ് ഇംഗ്ലീഷ് പേരിന്റെ അർഥമെങ്കിലും നീലക്കവിളൻ വേലിത്തത്തയുടെ മുഖ്യ ആഹാരം തുമ്പികളാണ്. പറന്നു നടന്ന് വേട്ടയാടാൻ മിടുക്കരാണ് ഇവർ. തുമ്പികളെ കൂടാതെ തേനീച്ച, കടന്നൽ, വെട്ടുകിളി എന്നിവയും ഇവർ ആഹാരമാക്കുന്നു. ഒറ്റപ്പെട്ട മരങ്ങളുള്ള തുറസ്സായ സ്ഥലങ്ങൾ ആണ് പ്രധാന ആവാസമേഖല.
കൊക്കുകൊണ്ട് കുഴിച്ച് നിർമിക്കുന്ന മൂന്നടി മുതൽ പത്തടി വരെ നീളമേറിയ മാളങ്ങൾ ആണ് കൂടുകൾ. മണൽ തിട്ടകളിലും കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവുകളിലും കൂടുണ്ടാക്കുന്നു. ഇവ ഇതിനായി കാസ്പിയൻ കടലിന്റെ കരകളാണ് ഏറ്റവും അധികം തിരഞ്ഞെടുക്കുന്നത്. ഒറ്റക്കോ പത്തിൽ അധികം വരുന്ന കൂട്ടങ്ങളായോ ഇവ കൂടുകൂട്ടുന്നു. അടയിരിക്കുന്നത് മുതൽ ഭക്ഷണസമ്പാദനത്തിൽ വരെ കുട്ടികളെ വളർത്തുന്നതിൽ തുല്യ ഉത്തരവാദിത്തം പാലിക്കുന്നവരാണ് നീലക്കവിളൻ വേലിത്തത്തകൾ.
Merops persicus എന്നാണ് ശാസ്ത്രീയ നാമം. മരുഭൂമി, കടൽത്തീരങ്ങൾ, ഫാമുകൾ തുടങ്ങി ദേശാടനസമയത്ത് കുവൈത്തിലെ എല്ലാതരം ആവാസവ്യവസ്ഥകളിലും ഇവയെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.