ബ്രഹ്‌മപുരം: നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാര്‍

കൊച്ചി:ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ സമയം ഡ്രൈവറുടെ പേര് ഫോണ്‍ നമ്പര്‍ ലൈസന്‍സ് നമ്പര്‍ എന്നിവ സെക്യൂരിറ്റി ജീവനക്കാര്‍ കൃത്യമായി രേഖപ്പെടുത്തണം. തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ക്യാബിനുകള്‍ സജ്ജീകരിക്കണം. കോര്‍പ്പറേഷനാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാനുള്ള ചുമതല. പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍ നിന്ന് അഗ്‌നിബാധ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യണം. അഗ്‌നിബാധ അണയ്ക്കുന്നതിന് അത്യാധുനിക ഉപകരണങ്ങള്‍ മാലിന്യ പ്ലാന്റില്‍ സൂക്ഷിക്കണം. പ്ലാന്റ് സെക്ടറുകളായി തിരിച്ച് നിരീക്ഷിക്കുന്നതിന് വാച്ച് ടവറുകള്‍, വാട്ടര്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും പ്ലാന്റിലും സമീപപ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. മാലിന്യക്കൂമ്പാരങ്ങളുടെ ഉയരം ക്രമപ്പെടുത്തണം. അഗ്‌നിശമന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധം 10 മീറ്റര്‍ അകലത്തില്‍ കൂമ്പാരങ്ങള്‍ തമ്മിലുള്ള അകലം ക്രമീകരിക്കണം. വേനല്‍ക്കാലം കഴിയുംവരെ മാലിന്യ കൂനകള്‍ മുഴുവന്‍ സമയവും നനച്ച് നിര്‍ത്തണം.

മാലിന്യ പ്ലാന്റിലേക്കുള്ള എല്ലാ റോഡുകളും അഗ്‌നിശമന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ നവീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്ലാന്റില്‍ ജോലിക്ക് നിയോഗിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും, ജീവന്‍ രക്ഷാ മരുന്നുകള്‍ മുതലായവ സൈറ്റില്‍ കരുതണമെന്നും യോഗം നിർദേശിച്ചു.

തീപിടിത്തം ഇല്ലാതാക്കുന്നതിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച നടപടികള്‍ ഏപ്രില്‍ 17ന് മുമ്പായി കൊച്ചി കോര്‍പ്പറേഷന്‍ പൂര്‍ത്തികരിക്കാനും അല്ലാത്തപക്ഷം ദുരന്ത നവിരാണ നിയമപ്രകാരം സെക്ഷന്‍ 51 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ദുരന്തനിവാരണ കമീഷണര്‍ ടി.വി അനുപമ, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ എസ് ഷാനവാസ്, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ , കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

News Summary - Brahmapuram: Round the clock security personnel for surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.