ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കെ.സി.ബി.സി

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തിൽ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കെ.സി.ബി.സി. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സുപ്രീംകോടതി സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന സത്വര നടപടികൾ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഈമാസം 11ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേലുള്ള ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 23 എന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെ.സി.ബി.സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്. അവിടെയെല്ലാം ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്‌സിനേയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനനിര്‍ണയിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുമാണെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ അറിയിച്ചു.

News Summary - Buffer zone: KCBC urges government to intervene soon for permanent solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.