കൽപറ്റ: മഴ ഇല്ലാത്തതിനു പുറമെ ജില്ലയിൽ ചൂടും കനക്കുന്നു. കാലവർഷം തുടങ്ങി മൂന്ന് മാസമായിട്ടും കാര്യമായ മഴ ലഭിക്കാതായതോടെ വയനാട്ടുകാർ കടുത്ത ആശങ്കയിൽ. കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിക്കുമെന്നതിന് പുറമെ വെള്ളമില്ലാതെ കടുത്ത വരൾച്ചയും അഭിമുഖീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
കുടിവെള്ള സ്രോതസ്സുകളെയും മഴയില്ലാത്തതും കനത്ത ചൂടും പ്രതിസന്ധിയിലാക്കും. ചിങ്ങമാസ മഴയാണ് ജലസ്രോതസ്സുകൾ സമൃദ്ധമാക്കുന്നത്. കുടിവെള്ളം മുടങ്ങാതെ ലഭിക്കുന്നതിനും ഉറവകൾ നിലനിർത്തുന്നതിനും ചിങ്ങ മാസങ്ങളിലെ മഴ പ്രധാനമാണ്. എന്നാൽ, ചിങ്ങം പകുതിയായിട്ടും മഴയില്ലെന്നു മാത്രമല്ല, നേരത്തെ ലഭിച്ചിരുന്ന ഒറ്റപ്പെട്ട മഴയും ഇപ്പോഴില്ല. ചൂട് കൂടുന്നതു കാരണം പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു.
മഴക്കുറവ് 2024 കടുത്ത ജലക്ഷാമത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. വേനലിനെ വെല്ലുന്ന തരത്തിലാണ് ഇപ്പോൾ ജില്ലയിൽ പകൽ നേരങ്ങളിലെ ചൂട്.
ഉച്ചക്കുശേഷം 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ട്. ആഗസ്റ്റ് മാസത്തിൽ ജില്ലയിൽ 82 ശതമാനത്തിന്റെ മഴക്കുറവുണ്ടായതായാണ് വിലിയിരുത്തൽ. 38 മില്ലിമീറ്റർ മഴ മാത്രമാണ് ഈ മാസം ലഭിച്ചത്. മുൻ വർഷം ഇത് 222 മില്ലി മീറ്റർ ആയിരുന്നു. സംസ്ഥാനത്താകെ മഴക്കുറവ് ലഭിച്ച ജില്ലകളിൽ വയനാട് ഏറെ മുന്നിലാണ്.
വെള്ളമുണ്ട: ജില്ലയിൽ ചൂട് കനത്തതോടെ നെൽ കർഷകർ ആശങ്കയിൽ. നെൽകൃഷി പൂർത്തിയാകും മുമ്പേ വേനൽ ശക്തമായതാണ് കർഷകർക്ക് തിരിച്ചടിയായത്. പാടത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടീൽ തുടങ്ങിയെങ്കിലും വെള്ളമില്ലാത്തതിനാൽ വയലുകൾ വരണ്ടുണങ്ങിയ നിലയിലാണ്. പുഴയിൽ നിന്നും തോട്ടിൽ നിന്നും വെള്ളം തിരിച്ചാണ് പലരും താൽക്കാലികമായി കൃഷി ചെയ്യുന്നത്. എന്നാൽ, ശക്തമായ വേനൽ തുടരുകയാണെങ്കിൽ വെള്ളം എത്തിക്കാൻ കഴിയാതെ നെൽകൃഷി കരിഞ്ഞുണങ്ങുമെന്ന അവസ്ഥയാണ്.
ജില്ലയിലെ ജലസ്രോതസ്സുകൾ മുഴുവൻ കർണാടകയിലേക്ക് ഒഴുകുമ്പോൾ വെള്ളം തടഞ്ഞു നിർത്താൻ ശാശ്വതമായ നടപടി ഉണ്ടാവുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജലസേചനത്തിന് സൗകര്യമില്ലാത്ത ഇടങ്ങളിൽ കാലാവസ്ഥ വ്യതിയാനം നെൽകൃഷിയെ കാര്യമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.