വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം

തിരുവവന്തപുരം: വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്‌. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്‌.

ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്‌. പൊലീസ്‌ സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ചയെ കൈയിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്‌.

കേരളത്തിന്റെ വികസനത്തിന്‌ പ്രധാനമായ പദ്ധതികള്‍ എൽ.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്‌. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ്‌ ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും, ശക്തമായ നടപടികളിലൂടെ അത്‌ നടപ്പിലാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. കേരളത്തിന്റേയും, വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന്‌ ഏറെ പ്രാധാന്യമുള്ളതാണ്‌ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുക എന്നത്.

ഇതിന്റെ തുടര്‍ച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്‌. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട്‌ നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തി. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗമായും ചര്‍ച്ച നടത്താനും, പ്രശ്‌നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചു. ചില സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇതിന്‌ തടസ്സമായി നിന്നത്‌.

വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന്‌ പ്രധാനമാണെന്ന്‌ കണ്ടറിഞ്ഞ്‌ എക്കാലവും പാര്‍ടി പിന്തുണച്ചിട്ടുള്ളതാണ്‌. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട്‌ അഴിമതിയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ നിലപാട്‌ സ്വീകരിച്ചിട്ടുമുണ്ട്‌. കരാറുകള്‍ യാഥാർഥ്യമായ സാഹചര്യത്തില്‍ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കേരളത്തിന്റെ വികസനത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയും യോജിച്ച്‌ നില്‍ക്കുകയെന്നത്‌ പ്രധാനമാണ്‌. യാഥാർഥ്യംജനങ്ങളില്‍ എത്തിക്കുന്നതിനും, വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - CPM wants to end the secret attempts to create riots in Vizhinjam region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.