Photo courtesy: PTI

ഉഷ്ണതരംഗങ്ങൾ കൂടുതൽ ദിവസം നീളുന്നു; 30 വർഷത്തിനിടെ വലിയ വർധനവെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യത്തിൽ 30 വർഷത്തിനിടെ വലിയ വർധനവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ രണ്ട് മുതൽ നാല് ദിവസം വരെയാണ് ഒരു ഉഷ്ണതരംഗം നീണ്ടുനിൽക്കുന്നത്. 2060 ആകുമ്പോഴേക്കും 12 മുതൽ 18 ദിവസം വരെ ദൈർഘ്യത്തിലേക്ക് ഉഷ്ണതരംഗങ്ങൾ ഉയരുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ഒരു മേഖലയിലെ ശരാശരി താപനിലയിൽ 4.5 ഡിഗ്രീ സെൽഷ്യസിന് മുകളിലുള്ള വർധനവിനെയാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന് വിളിക്കുന്നത്. മധ്യ ഇന്ത്യയിലും വടക്കു-പടിഞ്ഞാറൻ മേഖലകളിലും ഉഷ്ണതരംഗം ആറ് ദിവസത്തിലേറെ നീളാറുണ്ട്. ആന്ധ്രയുടെ തീരമേഖലകളിൽ എട്ട് ദിവസത്തിലേറെയും ഉഷ്ണതരംഗങ്ങൾ നീണ്ടുനിൽക്കാറുണ്ട്. 10 ദിവസത്തിലേറെ നീണ്ടുനിന്ന ഉഷ്ണതരംഗങ്ങളുമുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേന്ത്യയെ നിലവിൽ ഉഷ്ണതരംഗങ്ങൾ രൂക്ഷമായി ബാധിക്കുന്നില്ല. എന്നാൽ, ഭാവിയിൽ ദക്ഷിണേന്ത്യയെയും തീരമേഖലയെയും ഉഷ്ണതരംഗങ്ങൾ ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഭാവിയിൽ ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഉഷ്ണതരംഗങ്ങൾ മരണത്തിന് വരെ കാരണമാകുന്നവയാണ്. 50 വർഷത്തിനിടെ 17,000ത്തിലധികം പേർ ഇന്ത്യയിൽ ഉഷ്ണതരംഗം മൂലം മരണപ്പെട്ടതായാണ് കണക്ക്. ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ അവാർഡ് ദാന ചടങ്ങിനെത്തിയ 13 പേർ ഉഷ്ണതരംഗം മൂലം മരിച്ചതാണ് രാജ്യത്ത് ഒന്നിച്ച് ഏറ്റവും കൂടുതൽ ആളുകളുടെ ജീവഹാനിക്കിടയാക്കിയ സംഭവം.

കാംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ഇടക്കിടെ ഗുരുതര ഉഷ്ണതരംഗം സംഭവിക്കുന്നുവെന്നും രാജ്യ​ത്തിന്റെ 90 ശതമാനം മേഖലയും ഉഷ്ണതരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും കണ്ടെത്തിയിരുന്നു. ആളുകൾ ഉഷ്ണതരംഗം മൂലം അതികഠിനമായ കാലാവസ്ഥാ ​പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഉഷ്ണതരംഗം ബാധിക്കുന്നതിനെ നേരിടാൻ ഇന്ത്യ തയാറാകാത്തിടത്തോളം കാലം സുസ്ഥിര വികസനമെന്ന ലക്ഷ്യം അകലെയായിരിക്കുമെന്നും പഠനം പറയുന്നു.

Tags:    
News Summary - Duration of Heatwaves in India Has Increased Over Last 30 years, Set to Rise Further: IMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.