പരിസ്ഥിതി ആഘാത പഠനം നടത്തി മാത്രമേ പുതിയ പാറമടക്ക് അനുമതി നൽകാവുയെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കലഞ്ഞൂർ പഞ്ചായത്തിൽ അദാനി ഗ്രൂപ്പിനായി പുതിയ പാറമടക്ക് അനുമതി നൽകരുതെന്ന് പരിസ്ഥിതി സംഘടനകൾ. പുതിയ കരിങ്കൽ ക്വാറി തുടങ്ങുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സായാഹ്‌ന ധർണ നടത്തി. പഞ്ചായത്തിൽ പുതിയ പാറമട അനുവദിക്കില്ല എന്ന പഞ്ചായത്ത് ഭരണസമിതിയുടെ മുൻനിലപാടിനെ അട്ടിമറിച്ചാണ് പഞ്ചായത്ത് സെക്രട്ടറി അദാനിക്ക് പാറ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്.

പഞ്ചായത്തിലെ സാംസ്കാരിക അടയാളങ്ങളായ രാക്ഷസൻപാറ, കോട്ടപ്പാറ, കള്ളിപ്പാറ എന്നിവ അദാനിക്ക് നല്കിയ അനുമതിയിലൂടെ ഇല്ലാതാകും. പുതിയ പാറ ഖനനം പാരിസ്ഥിതിക ആഘാത പഠനത്തിനുശേഷം മാത്രമേ അനുവദിക്കാവൂ എന്ന് പരിഷത്ത് ആവശ്യപ്പെടുന്നു

നിലവിലെ ക്വാറികളുടെ പ്രവർത്തനം തന്നെ വലിയ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളാണ് പ്രദേശത്ത് സൃഷ്ട്ടിച്ചിരിക്കുന്നത്. പ്രതിദിനം 500 ലധികം വാഹനങ്ങളിൽ ആയിരക്കണക്കിന് ടൺ പാറ പ്രദേശത്തുനിന്നും പഞ്ചായത്തിനു പുറത്തേക്ക് പോകുന്നുണ്ട്. ഇതിനു പുറമെയാണ് 30 ലക്ഷം ടൺ പാറ 5 വർഷം ഖനനം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന പഞ്ചായത്തിന്റെ പൊതുമുതൽ സ്വകാര്യവ്യക്തികൾ കടത്തികൊണ്ട് പോകുന്നവഴി പഞ്ചായത്തിനുവലിയ സാമ്പാത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പാറഖനനം വഴി പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം പ്രതിവർഷം ഒരുലക്ഷം രൂപയുടേതുമാത്രമാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ സായാഹ്ന ധർണ ഡോ.കെ .പി കൃഷ്ണൻകുട്ടി ഉത്‌ഘാടനം ചെയ്തു. സലിൽ വയലത്തല, വർഗീസ് മാത്യു, പഞ്ചായത്തംഗം അലക്‌സാണ്ടർ ദാനിയൽ, സി.പി.എം കൊടുമൺ ഏരിയാകമ്മിറ്റി അംഗം എസ്.രാജേഷ്, ഇ.പി അനിൽ, ജനജാഗ്രതാ സമിതി പ്രവർത്തകൻ കോശി സാമുവൽ, സുരേന്ദ്രൻ നായർ, എൻ.എസ് രാജേന്ദ്രൻ, ടി.ഡി വിജയൻ നായർ, രഞ്ജിത്ത് വാസുദേവൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Environmental organizations say that they can give permission for new rock cover only after carrying out an environmental impact study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.