വനംകൊല്ലിയായ മഞ്ഞക്കൊന്നയും കടുവകളെ കാടിന് പുറത്തേക്ക് എത്തിക്കുന്നുവെന്ന് പരിസ്ഥിതിപ്രവർത്തകർ

കോഴിക്കോട് : സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ പണം മുടക്കി വനംവകുപ്പ് വെച്ചുപിടിപ്പിച്ച മഞ്ഞക്കൊന്നയും കടുവകളെ കാടിന് പുറത്തേക്ക് എത്തിക്കുന്നതിന് കാരണമായെന്ന് പരിസ്ഥിതിപ്രവർത്തകർ. 1980 ലാണ്‌ വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം മഞ്ഞക്കൊന്ന (സെന്ന) യെന്ന അധിനിവേശ സസ്യം വിതരണം നടത്തിയതും നട്ടുവളർത്തിയതും. 18 മീറ്ററോളം ഉയരം വെക്കുന്ന മഞ്ഞക്കൊന്ന അലങ്കാരവൃക്ഷമായിട്ടാണ് വനെവകുപ്പ് നട്ടുവളർത്തിയത്.

വയനാട്ടിലെ വനങ്ങളുടെ നടുവിൽ ഇതു പടർന്നതോടെ, പുല്ല് തിന്നുന്ന മൃഗങ്ങൾക്കു ഭക്ഷണമില്ലാതായി. ഇതിന്റെ ചുവട്ടിൽ മറ്റൊരു മരം വളരുകയുമില്ല. സസ്യഭുക്കുകളായ വന്യമൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. അതുകൊണ്ടു മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ വന്യമൃഗ സാന്നിധ്യം ഇല്ലാതായി. കാട്ടുപോത്തും പുള്ളിമാനുകളുമൊന്നും ഇത്തരം സ്ഥലങ്ങളിൽ മേയാൻപോലും വരാറില്ല. പുല്ല് തിന്നു വളരുന്ന മാനും വരയാടുമൊക്കെ കുറഞ്ഞതോടെയാണ് കടുവയും പുലിയും ഇരതേടി കാടിനു പുറത്തേക്കിറങ്ങുന്നതിന് ഒരു കാരണമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

344.53 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള വയനാടൻ കാടുകളിൽ 35 കിലോമീറ്ററിലധികം മഞ്ഞക്കൊന്നകൾ വ്യാപിച്ചുകഴിഞ്ഞു. മുത്തങ്ങയിലും തോൽപ്പെട്ടിയിലുമാണ്‌ കൂടുതലുള്ളത്‌. സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഹാനികരമായ മഞ്ഞക്കൊന്നകൾ കാടിന്റെ ജൈവ സമ്പത്തും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടിരിക്കയാണ്‌. ഭയാനകമായ രീതിയിലാണ്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌. അതിവേഗം വളർന്ന് പടരുന്നതും വിത്തുകൾ സമൃദ്ധമായി ഉണ്ടാകുന്നതും വെട്ടിമാറ്റിയ കുറ്റിയിൽനിന്ന് പെട്ടെന്നുതന്നെ വീണ്ടും വളരുന്നതും കാരണം മഞ്ഞക്കൊന്ന വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

കായ് വീണു കിളിർത്ത് അതിവേഗമാണു മഞ്ഞക്കൊന്ന വനമാകെ പടരുന്നത്. മുറിച്ചുകളഞ്ഞതുകൊണ്ടോ പിഴുതു മാറ്റിയതു കൊണ്ടോ ഫലപ്രദമാകില്ല. മരത്തിന്റെ പകുതി മുതൽ താഴേക്കു തൊലി കളഞ്ഞ് വെള്ളം വലിച്ചെടുക്കാത്ത നിലയിലാക്കി ഉണക്കിക്കളയാനേ കഴിയു. ഒരു ചെടിയിൽനിന്ന്‌ ആയിരക്കണക്കിന്‌ വിത്തുകളാണ്‌ വീണ് മുളയ്‌ക്കുന്നത്‌. സെപ്‌തംബർ–ഒക്ടോബർ മാസങ്ങളിലാണ്‌ പൂവിട്ട്‌ കായ്‌ക്കുക. മുതുമല, നാഗർഹോള, ബന്ദിപ്പൂർ വനങ്ങളിലും മഞ്ഞക്കൊന്കൾ വ്യാപകമാണ്‌. ഇവിടെയും നശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്‌. കർണാടകം കോടികളാണ്‌ നീക്കം ചെയ്യാൻ ചെലവിടുന്നത്‌.

700 ഹെക്ടറോളം മഞ്ഞക്കൊന്ന പടർന്നിട്ടുണ്ട്. എല്ലായിടത്തും ഒരുപോലെ നശിപ്പിച്ചാലേ കാടുകളിൽനിന്ന്‌ ഇവയെ തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ.ആനകളും കാട്ടുപോത്തുകളും ഇവയുടെ കുരു തിന്നുന്നുണ്ടെന്നാണ്‌ പുതിയ പഠനം. ഇവയുടെ വിസർജ്യത്തിലൂടെ കാടെങ്ങും വളരാനും തുടങ്ങിയിട്ടുണ്ട്‌. അമേരിക്ക ജന്മദേശമായ മഞ്ഞക്കൊന്ന കാടിനെ വിഴുങ്ങുകയാണ്. അതിനാൽ മഞ്ഞക്കൊന്നകളെ പിഴുതെടുത്ത്‌ നശിപ്പിക്കാൻ വയനാട്‌ വന്യജീവി സങ്കേതം പത്തുകോടിയുടെ പ്രത്യേക പദ്ധതി തയാറാക്കി നബാർഡിന്‌ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Environmentalists say that the jungle killer Manjakkona is driving the tigers out of the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.