കോഴിക്കോട്: വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് നടത്തിയ വനം വന്യജീവി ഫോട്ടോഗ്രാഫി മത്സരഫലം അസാധുവാക്കി. വിജയിയെ പ്രഖ്യാപിച്ച മത്സരമാണ് ഫോട്ടോയുടെ ആധികാരികത സംബന്ധിച്ച തർക്കത്തെ തുടർന്ന് അവാർഡ് വിതരണം തടഞ്ഞത്. ഞായറാഴ്ച കോഴിക്കോട്ട് വിതരണം ചെയ്യേണ്ടിയിരുന്ന അവാർഡാണ് മരവിപ്പിച്ചത്.
സെപ്റ്റംബർ 20 മുതൽ 30വരെയായിരുന്നു മത്സരത്തിനായി ഫോട്ടോകൾ ക്ഷണിച്ചിരുന്നത്. മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ചിത്രം ഒരു സ്ഥലത്തുനിന്ന് രണ്ടുപേർ പകർത്തിയതാണെന്നും രണ്ടുപേരും ഒട്ടും വ്യത്യാസമില്ലാത്ത ഒരേ ചിത്രം തന്നെ മത്സരത്തിന് അയച്ചുവെന്നതുമാണ് അവകാശവാദം. വിധികർത്താക്കൾ ഒരാളെ മാത്രം വിജയിയായി പ്രഖ്യാപിച്ചത് ചോദ്യം ചെയ്തതിനാൽ അവാർഡ് പ്രഖ്യാപനം മരവിപ്പിക്കുകയായിരുന്നു.
ഫലപ്രഖ്യാപനത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കെ അവാർഡ് വിതരണം പിൻവലിക്കുകയായിരുന്നു. ജഡ്ജിങ് പാനലിനെതിരെയും മറ്റു മത്സരാർഥികൾ കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫർമാർക്ക് അഞ്ചു ഫോട്ടോഗ്രാഫുകൾ വരെ സമർപ്പിക്കാനവസരം നൽകിയിരുന്നു. വിധി നിർണയവുമായി ബന്ധപ്പെട്ട് ഒരുവിധ ബാഹ്യ ഇടപെടലുകളും അനുവദിക്കുന്നതല്ലെന്നു പറയുമ്പോഴും ഇടപെടലുകൾ നടന്നതായാണ് ആക്ഷേപം.
ഏതു ഘട്ടത്തിലും മത്സരം അവസാനിപ്പിക്കുന്നതിനും, ഉപേക്ഷിക്കുന്നതിനും, മാറ്റിവെക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള പൂർണ അധികാരം വനം വകുപ്പിനുണ്ടായിരിക്കുന്നതാണെന്ന് നിബന്ധനവെച്ചിരുന്നതായി വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.