റെക്കോഡുകൾ ഭേദിച്ച് താപനില ഉയരുന്ന കേരളത്തിൽ മനുഷ്യർ ചൂടുകൊണ്ട് വീണുമരിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട് കുഴഞ്ഞുവീണു മരിച്ചവരിൽ രണ്ടുപേർക്ക് സൂര്യാതപമേറ്റിരുന്നു .രാജ്യത്ത് ഉഷ്ണതരംഗം കാരണം ഏറ്റവും കൂടുതലാളുകൾ മരിച്ചത് കേരളത്തിലാണെന്ന് 2022ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മരണം പതിയിരിക്കുന്ന സൂര്യകിരണങ്ങളേറ്റ് കേരളം നീങ്ങുന്നത് എങ്ങോട്ട്?
തിളച്ചുകയറിയ 41.4 ഡിഗ്രി ചൂടിൽ ജീവൻ പണയം വെച്ചായിരുന്നു പാലക്കാട്ടെ വോട്ടെടുപ്പ്. പലരും കുഴഞ്ഞുവീണു. ഒട്ടേറെ പേർ കുടിനീർ നുണഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച സൂര്യാതപത്തിൽ ഉയിരുപോയത് പാലക്കാട്ടുകാരായ രണ്ടുപേർക്കായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി കേരളം കടന്നുപോകുന്നത് സർവകാല റെക്കോഡുകളെപ്പോലും ഭേദിക്കുന്ന അത്യുഷ്ണത്തിലൂടെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തെ ഇപ്പോഴത്തെ താപനില സർവകാല കണക്കുകൾ തിരുത്തുന്നു. പാലക്കാട് തുടർച്ചയായി അഞ്ചാംദിനം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 41.8 ഡിഗ്രി സെൽഷ്യസാണ്. 40നോടടുത്ത ചൂടിൽ തൃശൂർ വെള്ളാനിക്കരയും പുനലൂരും ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ നിഴലിലാണ്.
ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് 11 പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിൽ ഉഷ്ണതരംഗ സ്വാധീനമുണ്ടോയെന്ന അന്വേഷണം നടന്നുവരികയാണ്. സംസ്ഥാനത്ത് 11 ജില്ലകളിൽ ചൂടേറിയതിന് മഞ്ഞ അലർട്ടുണ്ട്. ഇത് രണ്ടാംതവണയാണ് സംസ്ഥാനത്ത് താപനില കൂടുതലുള്ള പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.
അന്തരീക്ഷ താപനില ക്രമാതീതമായി വർധിച്ചതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മനുഷ്യജീവന് ഭീഷണിയാകുന്നതരത്തിൽ കേരളത്തിൽ താപസൂചികയും (Heat Index) അപകടമാംവിധം ഉയർന്നു കഴിഞ്ഞു.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണിത്. അതായത് അന്തരീക്ഷ താപനിലയായിരിക്കില്ല, നമുക്ക് ‘അനുഭവപ്പെടുന്ന താപനില’. മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന യഥാർഥ ചൂടാണ് താപസൂചിക. 35-36 ഡിഗ്രി താപനിലയിൽ 50-60 ശതമാനം ഈർപ്പവും കൂടിയുണ്ടെങ്കിൽ മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന ചൂട് 45 ഡിഗ്രി അല്ലെങ്കിൽ 50 ഡിഗ്രിക്ക് അടുത്തേക്കുവരും.
ഇത് സൂര്യാഘാതത്തിലേക്ക് കൊണ്ടെത്തിക്കും. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനിലകൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും മരണവും വർധിക്കും. നിലവിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും താപസൂചിക 58 ഡിഗ്രിക്ക് മുകളിലാണെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പാലക്കാട് കൊടുംചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ടുപേർക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്, നിര്‍ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്. ഇരുകേസുകളിലും പോസ്റ്റ്മോർട്ടത്തിൽ മരണം നിര്‍ജലീകരണം കാരണമാണെന്ന് കണ്ടെത്തിയിരുന്നു.
ചൂട് ക്രമാതീതമായി കൂടി ശരീരത്തിൽനിന്ന് ജലാംശം വളരെയധികം നഷ്ടപ്പെടുന്നതാണ് നിർജലീകരണം. ഇതോടെ ആന്തരികാവയവങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. രക്തസമ്മർദം കുറയും. രക്തം കട്ടപിടിച്ച് ഹൃദയത്തിലേക്കും മസ്തിഷ്കത്തിലക്കുള്ള രക്തപ്രവാഹം തടസ്സപ്പെടും.
ഹൃദയാഘാത പക്ഷാഘാത സാധ്യതയുള്ളവരിൽ ഇത് ഗുരുതര സാഹചര്യമുണ്ടാക്കാം. അങ്ങനെ കുഴഞ്ഞുവീണുള്ള മരണത്തിലേക്ക് നയിച്ചേക്കാം. പ്രായമായവർ, അനുബന്ധ രോഗമുള്ളവർ, രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുക. ശരീരോഷ്മാവ് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമ്പോൾ അപകടസാധ്യത കൂടുതലാണ്.
അനുഭവപ്പെടുന്ന ചൂടും അന്തരീക്ഷത്തിലെ ആർദ്രതയുടെ തോതും കണക്കാക്കിയാണ് ഭൂപ്രദേശത്തിനനുസരിച്ച് താപ ഈർപ്പമാന സൂചിക (ടെമ്പറേച്ചർ ഹ്യൂമിഡിറ്റി ഇൻഡക്സ്) തയാറാക്കുന്നത്. ഭൂപ്രദേശത്തിനനുസരിച്ച് ഇവ വ്യത്യാസപ്പെടുന്നു. അന്തരീക്ഷത്തിൽ ലഭ്യമായ ഈർപ്പത്തിന്റെ നിരക്കാണ് ആപേക്ഷിക ആർദ്രത.
അതായത് ഒരു നിശ്ചിത വ്യാപ്തത്തിലെ അന്തരീക്ഷത്തിൽ എത്ര ഈർപ്പമുണ്ട്, ഇനി എത്ര കൊള്ളും എന്നതിന്റെ കണക്കാണ് ആർദ്രതയുടെ അടിസ്ഥാനം. ജലാശയങ്ങളുടെ സ്വാധീനം, കടൽ, പുഴ, തോട്, കുളങ്ങൾ എന്നിവയാണ് ജലത്തിന്റെ അന്തരീക്ഷ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. തീരപ്രദേശങ്ങളിലെ വായുവിൽ ഈർപ്പം കൂടുതലായിരിക്കും. അതായത് ആർദ്രത കൂടുകയും ജലാശയങ്ങളില്ലാത്ത മേഖലകളിൽ ആർദ്രത കുറയുകയും ചെയ്യും.
പാലക്കാട് സമുദ്ര സാന്നിധ്യം ഇല്ലാത്തതിനാൽ ആർദ്രത കുറവാണ്. അന്തരീക്ഷത്തിൽ ഈർപ്പസാന്നിധ്യമില്ലാത്തതിനാൽ ചൂട് കൂടിയ പാലക്കാട് ആർദ്രത കുറവുകൊണ്ട് മാത്രം തൊലിപ്പുറമെ അത്രയധികം അസ്വസ്ഥതയുണ്ടാക്കുന്നില്ല. തീരസാന്നിധ്യമുള്ള തിരുവനന്തപുരം, കൊല്ലം, തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൊക്കെ ആർദ്രത കൂടുന്ന അവസ്ഥയിൽ അസ്വസ്ഥതയും കൂടും.
ചൂടായാൽ ശരീരത്തിൽനിന്ന് വെള്ളം വിയർപ്പായി ബാഷ്പീകരിക്കപ്പെടണം. എങ്കിലേ ശരീരത്തിന് സ്വസ്ഥത അനുഭവപ്പെടുകയുള്ളൂ.
കടലിലും ഭൂമധ്യരേഖക്ക് സമീപത്തുള്ള പ്രദേശങ്ങളിലും ചൂട് കൂടുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലും ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. അടുത്തടുത്ത ദിവസങ്ങളിൽ സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രി സെൽഷ്യസിലും മലയോരമേഖലകളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസിലും എത്തുമ്പോഴാണ് ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ചൂട് 40 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടുകയും വെള്ളിയാഴ്ച താപനില സാധാരണനിലയിൽനിന്ന് അഞ്ച് ഡിഗ്രിയോളം ഉയർന്ന് 41.4 ഡിഗ്രിയായി മാറുകയും ചെയ്തതോടെയാണ് പാലക്കാട് ഉഷ്ണതരംഗം കേന്ദ്രം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. 2016ൽ പാലക്കാട്ട് അനുഭവപ്പെട്ട 41.9 ഡിഗ്രി യാണ് സംസ്ഥാനത്തെ ഉയർന്നത്.
കേരളം ഉൾപ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ 2,600 സംസ്ഥാനങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ക്രോസ് ഡിപൻഡൻസി ഇനിഷ്യേറ്റീവ് ആണ് റിപ്പോർട്ട് തയാറാക്കിയത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടത്തെക്കുറിച്ചാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചത്.
ഇതിലൊന്നാണ് വെള്ളപ്പൊക്കം. അതോടൊപ്പം ചൂട്, കാട്ടുതീ, മണ്ണിന്റെ ചലനം, കൊടുങ്കാറ്റ്, അതിശൈത്യം എന്നിവയും പാരിസ്ഥിതിക ദുരന്തങ്ങളായി മാറുന്നു. ഇതിൽ ഏറ്റവും അപകടസാധ്യത കൂടുതലുള്ള 50 സംസ്ഥാനങ്ങളിൽ 80 ശതമാനവും ചൈന, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവയാണ്.
ചൈന കഴിഞ്ഞാൽ ആദ്യ 50 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഒമ്പത് സംസ്ഥാനങ്ങൾ ഉള്ളത് ഇന്ത്യയിലാണ്. ബിഹാർ, ഉത്തർപ്രദേശ്, അസം, രാജസ്ഥാൻ, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മാർച്ച് മുതൽ ആഗസ്റ്റ് വരെ ഉത്തരാർഥ ഗോളത്തിൽ വേനൽക്കാലമാണ്. ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിക്കുന്നതും ഇതേ സമയത്താണ്. അതിനാലാണ് ഇവിടെ 40 ഡിഗ്രി സെൽഷ്യസിനപ്പുറം താപനില ഉയരാത്തത്. മൺസൂൺ സമയം ഇതല്ലായിരുന്നെങ്കിൽ കേരളത്തിലെ താപനില ഈ സമയത്ത് 48-50 ഡിഗ്രിവരെ എത്തുമായിരുന്നു.
ഇതിനു പുറമെ, ഒരുവശത്ത് കടലും മറുവശത്ത് മലകളുമായി കിടക്കുന്ന വീതി കുറഞ്ഞ ഭൂഭാഗമാണ് കേരളം. ഏതാനും വർഷങ്ങളായി ജൂണിലെ മഴ ശരാശരിയിലും കുറയുന്ന അവസ്ഥ ദൃശ്യമാണ്. മേഘാവൃതമായ കാലാവസ്ഥ തുടരുകയും മഴ മതിയായ അളവിൽ പെയ്യാതിരിക്കുകയും ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ താപനില ഗണ്യമായി ഉയരും.
സംസ്ഥാനത്തെ കൊടും ചൂടിന്റെ ഭാഗമായി, സൂര്യരശ്മികളില്‍നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയതും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പത്ത് മിനിറ്റ് വെയിലേറ്റാലും ശരീരം പൊള്ളുന്ന സ്ഥിതി. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് യു.വി ഇന്‍ഡക്സിലാണ്. പൂജ്യം മുതല്‍ 12 വരെയാണ് ഇതിന്റെ തോത്.
യു.വി ഇന്‍ഡക്സ് മൂന്നുവരെ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാക്കില്ല. ഒമ്പത് വരെയുള്ള യു.വി ഇന്‍ഡക്സില്‍ ഒരു മണിക്കൂര്‍ വെയിലേറ്റാല് പൊള്ളലേല്‍ക്കും. ഒമ്പതിന് മുകളിലായാല്‍ പത്തു മിനിറ്റ് വെയിലേറ്റാല് പോലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകും. സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്, കേരളത്തില്‍ എല്ലാ ജില്ലകളിലും ഇപ്പോള്‍ യു.വി ഇന്‍ഡകസ് 12 ന് മുകളിലാണ്.
പാലക്കാട് കൊടുംചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ടുപേർക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്, നിര്‍ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്. ഇരുകേസുകളിലും പോസ്റ്റ്മോർട്ടത്തിൽ മരണം നിര്‍ജലീകരണം കാരണമാണെന്ന് കണ്ടെത്തിയിരുന്നു.
ചൂട് ക്രമാതീതമായി കൂടി ശരീരത്തിൽനിന്ന് ജലാംശം വളരെയധികം നഷ്ടപ്പെടുന്നതാണ് നിർജലീകരണം. ഇതോടെ ആന്തരികാവയവങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. രക്തസമ്മർദം കുറയും. രക്തം കട്ടപിടിച്ച് ഹൃദയത്തിലേക്കും മസ്തിഷ്കത്തിലക്കുള്ള രക്തപ്രവാഹം തടസ്സപ്പെടും.
ഹൃദയാഘാത പക്ഷാഘാത സാധ്യതയുള്ളവരിൽ ഇത് ഗുരുതര സാഹചര്യമുണ്ടാക്കാം. അങ്ങനെ കുഴഞ്ഞുവീണുള്ള മരണത്തിലേക്ക് നയിച്ചേക്കാം. പ്രായമായവർ, അനുബന്ധ രോഗമുള്ളവർ, രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുക. ശരീരോഷ്മാവ് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമ്പോൾ അപകടസാധ്യത കൂടുതലാണ്.
● പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
● ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കുക.
● ധാരാളമായി വെള്ളം കുടിക്കുക.
● കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തുമാത്രം ജോലിയിൽ ഏർപ്പെടുക.
● നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽസമയത്ത് പൂർണമായും ഒഴിവാക്കുക.
● വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായുസഞ്ചാരം ഉറപ്പാക്കുക.
● കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് കരുതൽ.
● എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റുക.
● സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ ഡോക്ടറെ സന്ദർശിക്കുക.
● കുട്ടികളെ കാറിലാക്കി പോകരുത്.
● മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
● ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടയ്ക്ക് വെള്ളം കുടിക്കുക.
● അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
● തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക.
● കൂടുതൽ വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
● വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ, പച്ചക്കറി, സാലഡ് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
● തണുപ്പുള്ള സ്ഥലത്ത് കിടത്തുക, നനഞ്ഞ തുണികൊണ്ട് ശരീരം മുഴുവൻ തുടയ്ക്കുക, ശരീരം ഇടയ്ക്കിടെ കുളിപ്പിക്കുക. തലയിൽ സാധാരണ ചൂടിലുള്ള വെള്ളം ഒഴിക്കുക. ശരീരോഷ്മാവ് സാധാരണ നിലയിലേക്ക് എത്തിക്കുക.
● പുനർജലീകരണത്തിനായി ഒ.ആർ.എസ് ലായനി, നാരങ്ങവെള്ളം, കഞ്ഞിവെള്ളം, സംഭാരം കൊടുക്കുക.
● സൂര്യാഘാതം മരണ കാരണം ആവാമെന്നുള്ളതുകൊണ്ട് പറ്റാവുന്നത്ര നേരത്തേ ആരോഗ്യകേന്ദ്രത്തിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.