വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

കോഴിക്കോട് : വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിലെന്ന് വനംവകുപ്പിന്റെ കണക്ക്. അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യുന്നതിന് വാച്ചർമാരെ നിയോഗിച്ചു തുടങ്ങിയെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിനുള്ള നടപടികളും തുടങ്ങി. വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി കേരളത്തിലെ സ്വാഭാവിക വനങ്ങൾ വെട്ടിതെളിച്ച് വെച്ചുപിടിപ്പിച്ചതും പിന്നീട് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും ദോഷകരമാണെന്ന് കണ്ടെത്തിയതും കാലിക പ്രാധാന്യം നഷ്ടപ്പെട്ടതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യും.

അത്തരം വനഭൂമി സ്വാഭാവിക വനങ്ങളായി പുനസ്ഥാപനം നടത്തണം. വനത്തിന്റെ ആവാസ വ്യവസ്ഥയെ അത്യധികം പ്രതികൂലമായി ബാധിക്കുന്ന സെന്ന, ലെൻറാന, മൈക്കേനിയ തുടങ്ങിയ കള സസ്യങ്ങളെ നീക്കം ചെയ്യും. അവക്ക് പകരം സ്വാഭാവികമായി കാണപ്പെടുന്ന തദ്ദേയിനം സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളും നടത്തും. ഏകദേശം 66718 ഏക്കറിലാണ് (27,000 ഹെക്ടർ) രണ്ട് പതിറ്റാണ്ടു കൊണ്ട് സ്വാഭാവിക വന പുനസ്ഥാപനം നടത്തേണ്ടത്.

അതേസമയം, വംശനാശ ഭീഷണി നേരിടുന്ന സസ്യ ഇനങ്ങളുടെ സംരക്ഷണത്തിന് 2.67 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകി. പീച്ചിയിലെ വനശാസ്ത്ര ഗവേഷണ കേന്ദ്രവുമായി ചേർന്നാണ് വനംവകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. അമിത ചൂഷണവും തനതു ആവാസ ശോഷണവും നിമിത്തം നമ്മുടെ കാടുകളിൽ ഭയാനകമായ രീതിയിൽ എണ്ണത്തിൽ കുറഞ്ഞുപോയതും നിലനിൽപ്പിന് ഭീഷണി നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള കർമ പദ്ധതി രൂപപ്പെടുത്തി. അതിനായി 2022-23 വർഷത്തിൽ 95.20 ലക്ഷം രൂപയും 2023-24 ൽ 95.70 ലക്ഷവും 2024-25 രൂപയും അനുമതി നൽകിയെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി. 

Tags:    
News Summary - In Wayanad, Senna siamea (yellow blight ) has spread over 30393 acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.