2000 മുതൽ ഇന്ത്യക്ക് നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടറിലെ മരം

കോഴിക്കോട് : കവി അയ്യപ്പപണിക്കർ മലയാളികളോട് ചോദിച്ചത് 'കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?... എന്നാണ്. ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിങ് പ്രോജക്റ്റിന്റെ റിപ്പോർട്ടും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്.

2000 മുതൽ ഇന്ത്യക്ക് 2.33 ദശലക്ഷം ഹെക്ടർ മരം നഷ്ടമായതായി ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിങ് പ്രോജക്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങൾ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച്. 2002 മുതൽ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടർ ഈർപ്പമുള്ള പ്രാഥമിക വനം (4.1 ശതമാനം) നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തയത്. ആകെ വനത്തിന്റെ 18 ശതമാനത്തോളം വരും ഇത്.

2017-ൽ 189,000 ഹെക്‌ടർ മരങ്ങളുടെ നഷ്‌ടമുണ്ടായി. 2016-ൽ 175,000 ഹെക്‌ടറും 2023-ൽ 144,000 ഹെക്‌ടറും രാജ്യത്തിന് നഷ്‌ടപ്പെട്ടു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനഷ്ടമാണ്. 2001 നും 2023 നും ഇടയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 60 ശതമാനം വനനഷ്ടം ഉണ്ടായി. ശരാശരി 66,600 ഹെക്ടറിൽ നിന്ന് 324,000 ഹെക്ടർ മരങ്ങളുടെ നഷ്‌ടമാണ് അസമിൽ ഉണ്ടായത്. മിസോറാമിൽ 312,000 ഹെക്ടർ, അരുണാചൽ പ്രദേശിൽ 262,000 ഹെക്ടർ, നാഗാലാൻഡിൽ 259,000 ഹെക്ടർ, മണിപ്പൂരിൽ 2,40,000 ഹെക്ടർ എന്നിങ്ങനെ നീളുന്നു ഈ കണക്ക്.

ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയിൽ പ്രതിവർഷം ശരാശരി 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടും എന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയിൽ ഇന്ത്യയിൽ വനനശീകരണ നിരക്ക് പ്രതിവർഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതൽ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യക്ക് 35,900 ഹെക്ടർ മരങ്ങൾ നഷ്‌ടപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

Tags:    
News Summary - India has lost 2.33 million hectares of trees since 2000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.