കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ട നേരിയ മഴ അന്തരീക്ഷത്തെ തണുപ്പാർന്നതാക്കി. രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്ക് പലയിടങ്ങളിലായി ചാറ്റൽ മഴ എത്തിയെങ്കിലും ശക്തിയാർജിച്ചില്ല. മഴയുടെ സാന്നിധ്യം താപനിലയിൽ വലിയ കുറവു വരുത്തി. ഇത് അന്തരീക്ഷത്തെ തണുപ്പാർന്നതാക്കി. വൈകുന്നേരത്തോടെ തണുപ്പിന്റെ കാഠിന്യം കൂടി.
മഴക്കും അസ്ഥിരകാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗ്രത പാലിക്കാൻ പൊതുമരാമത്ത് മന്ത്രാലയം റോഡ് ഉപഭോക്താക്കൾക്കും നിർദേശം നൽകി. അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ ഉടനടി ഇടപെടുന്നതിനായി വിവിധ വിഭാഗങ്ങളും ജാഗ്രത പുലർത്തിയിരുന്നു.
വ്യാഴാഴ്ച താപനില കുറയുകയും തണുപ്പ് കൂടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്തെ മിതമായ തണുപ്പ് രാത്രി കടുത്തതാകും. കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് തണുപ്പിന്റെ ശക്തി വർധിപ്പിക്കും.ശൈത്യകാലത്തിന്റെ വരവോടെ രാജ്യത്ത് കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. തിങ്കളാഴ്ച രാജ്യത്താകമാനം അനുഭവപ്പെട്ട മൂടൽമഞ്ഞ് വിമാന, കപ്പൽ ഗതാഗതത്തെ ബാധിച്ചിരുന്നു. വൈകാതെ രാജ്യം കടുത്ത ശൈത്യത്തിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.