'മരങ്ങളെ ജീവനുള്ള വസ്തുവായി അംഗീകരിക്കണം, വെട്ടരുത്'; ഹരജിയിൽ കോർപറേഷന് നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈകോടതി

ഭോപ്പാൽ: മരങ്ങളെ ജീവനുള്ള വസ്തുവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഇന്ദോർ മുനിസിപ്പൽ കോർപറേഷനും വികസന അതോറിറ്റിക്കും നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈകോടതി. ജീവനുള്ള വസ്തുക്കൾക്കുള്ള അവകാശങ്ങൾ മരങ്ങൾക്ക് നൽകണമെന്നും വെട്ടരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇന്ദോർ സ്വദേശിയായ അമൻ ശർമ എന്നയാളാണ് ഹരജിക്കാരൻ. ഇന്ദോറിലെ ഖജ്റാന സ്ക്വയറിൽ മേൽപ്പാലം നിർമിക്കാനായി വികസന അതോറിറ്റി 257 മരങ്ങൾ മുറിച്ചുമാറ്റുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി. നിർമാണം പൂർത്തിയായ ശേഷം മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടാമെന്നാണ് വികസന അതോറിറ്റി പറയുന്നതെന്ന് ഹരജിയിൽ പറയുന്നു. മരങ്ങളെ ജീവനില്ലാത്ത വസ്തുക്കളായാണ് അധികൃതർ കാണുന്നതെന്ന് ഈ നിലപാടിൽ നിന്ന് വ്യക്തമാണെന്ന് ഹരജിക്കാരൻ ആരോപിക്കുന്നു.

മരങ്ങൾ ജീവനുള്ള വസ്തുക്കളുടെ കൂട്ടത്തിലാണ് പെടുന്നതെന്നും അവയ്ക്ക് വളരാനും പ്രതികരിക്കാനും ഉൽപ്പാദനം നടത്താനും ഉറങ്ങാനും ആവേശംകൊള്ളാനും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുമുള്ള ശേഷിയുണ്ടെന്നും ഹരജിയിൽ പറയുന്നു. മരങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ തടയാൻ ഇന്ദോർ കോർപറേഷൻ 'ട്രീ ആംബുലൻസ്' അവതരിപ്പിച്ചത് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ജീവനുള്ളവയെ സംരക്ഷിക്കാനാണ് ആംബുലൻസുകൾ. മരങ്ങൾക്ക് ജീവനുള്ളത് കൊണ്ടാണ് അവക്കായി പ്രത്യേക ആംബുലൻസ് ഏർപ്പാടാക്കിയത് -ഹരജിയിൽ പറയുന്നു.

ഇന്ദോറിലെ മരംവെട്ടൽ തടയാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. മരങ്ങൾ മുറിക്കുന്നത് തടയുന്നതിന് നയം രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.

ഹരജിയിൽ നാലാഴ്ചക്കകം മറുപടി നൽകാനാണ് കോടതി ഇന്ദോർ മുനിസിപ്പൽ കോർപറേഷനും വികസന അതോറിറ്റിക്കും നിർദേശം നൽകിയത്. 

Tags:    
News Summary - Madhya Pradesh High Court Issues Notice On PIL Seeking Recognition Of Trees As Living Entity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.