സംസ്ഥാന പരിസ്ഥിതി അതോറിറ്റിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കോഴിക്കോട് : സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ (എസ്.ഇ.ഐ.എ.എ) ചെയർമാനും അംഗങ്ങൾക്കുമെതിരെ അഴിമതിക്കും അധികാര ദുരുപയോഗത്തിനും ക്രിമിനൽ കേസെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.അതോറിറ്റി പഠനമൊന്നും നടത്താതെയും നിയമം ലംഘിച്ചും കോഴിക്കോട് പന്തീരങ്കാവിൽ 350 കോടി മുതൽ മുടക്കിൽ ഹോട്ടൽ- പാർപ്പിട സമുച്ഛയം, ബിസിനസ് പാർക്ക് എന്നിവയ്ക്കായി 85000 ച.മീറ്റർ വിസ്തൃതി വരുന്ന റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് ചട്ടങ്ങൾ മറികടന്ന് 2020 ൽ അനുമതി നൽകിയതായി കണ്ടെത്തിയതിനാലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അതോറിറ്റി പിരിച്ചു വിടാൻ സംസ്ഥാന സർക്കറിനോട് ആവശ്യപ്പെട്ടത്.

വയനാട്ടിലും വൻ അഴിമതിയിലൂടെ നിരവധി ക്വാറികൾക്കും അംഗീകാരം നൽകിയെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, നഗ്നമായ അഴിമതിക്കും ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ നടപടികൾക്കും കുപ്രസിഡമായ അതോറിറ്റിയെ നിലനിർത്താനായി, വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് രഹസ്യമായി കരുനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

അതോറിറ്റിയുടെ നിയമവിരുദ്ധ നടപടികൾ അതതു സമയത്തു തന്നെ പരിസ്ഥിതി സംഘടനകൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിതീവ്ര പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനത്തിനും നിർമാണങ്ങൾക്കും മലയിടിക്കലിനും വിദഗ്ദ സമിതിയുടെ പരിശോധനയും ശുപാർശയും ഇല്ലാതെ അതോറിറ്റി അംഗീകാരം നൽകി. വിദഗ്ദ സമിതിയെ നോക്കുകുത്തിയാക്കി മാറ്റി.

വെബ്സൈറ്റ് പൂർണമായും നിഷ്ക്രിയമാക്കിയത് നിലവിലുള്ള ചെയർമാൻ അധികാരമേറ്റതിനെ തുടർന്നാണ്. അപേക്ഷ സ്വീകരിച്ചതു മുതൽ ഒരോഘട്ടത്തിലെയും വിവരങ്ങൾ ലഭിക്കുന്നതിനും സുതര്യത ഉറപ്പുനൽകുന്നതിനുമാണ് വെബ്സൈറ്റ് എന്നാണ് വെപ്പ്. എന്നാൽ അന്തിമാനുമതി നൽകിയ ശേഷം മാത്രമാണ് അതോറിറ്റിയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2020 സിസംബറിന്ന് ശേഷം ഒരു വിവരവും അപ് ലോഡ് ചെയ്തിട്ടില്ല.

അനുമതി നൽകിയ പദ്ധതികളുടെ പൂർണ വിവരങ്ങൾ വെബ്സൈറ്റിൽ വെളിപ്പെടുത്തുന്നില്ല. താലൂക്കും വില്ലേജും അല്ലാതെ ഏതു പ്രദേശത്താണെന്നോ സർവേ നമ്പറോ നൽകുന്നില്ല. ക്വാറികൾ പൊട്ടിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് പരിസരവാസികൾ വിവരമറിയുന്നത്.

റെഡ് സോണിൽ ഉൾപ്പെട്ട മുപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന് ക്വാറിക്ക് അനുമതി നൽകിയതിലും വൻ അഴിമതി നടന്നു.മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനക്കുഴിയിൽ ജനവാസ മേഘലയിൽ നെൽവയലുകളുടെയും ജലസ്രോതസുകളുടെയും നാശത്തിന് കാരണമാകുന്ന ക്വാറിക്ക് പരിസ്ഥിതി അനുമതി നൽകി.വയനാട്ടിലുടനീളം നാൽപ്പതിലധികം ക്വാറികൾക്ക് അനുമതി നൽകാനുള്ള നപടികൾ പുരോഗമിച്ചു വരികയാണ്. ഇത് വയനാടിന്റെ സർവനാശത്തിന് ഇടയാക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആശങ്കപ്പെടുന്നു.

ഇതു സംബന്ധിച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ അഴിമതി വിരുദ്ധ-ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും മതിയായ ശിക്ഷ ഉറപ്പു വത്തെണമെന്നും സമിതി കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.സമിതി യോഗത്തിൽ തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, പി.എം.എൽദോ, എൻ. ബാദുഷ, എ.വി. മനോജ്, സണ്ണി മരക്കടവ്,പി.എം സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Nature conservation committee to file criminal case against state environment authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.