ബ്രഹ്മഗിരി താഴ്‌വാരത്തെ മരം മുറി തടയണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജിൽ ബ്രഹ്മഗിരി താഴ്‌വാരത്തെ ആക്കൊല്ലി എസ്റ്റേറ്റിൽ നിന്നും നിയമ വിരുദ്ധമായി ഈട്ടി മരങ്ങൾ മുറിക്കാൻ എൻ.ഒ.സി നൽകിയ താലൂക്ക് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ നടപടികൾ എടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. 500 ലധികം വർഷം പഴക്കമുള്ള 50 ലധികം ഈട്ടി മരങ്ങളാണ് മുറിച്ചത്. ലോകമാർക്കറ്റിൽ വൻ ഡിമാൻറുള്ളതും വയനാട്ടിലും പശ്ചിമഘട്ടത്തിലുo മാത്രമുള്ളതുമായ അമൂല്യമായ  ഈട്ടിത്തടികളാണ് ഉദ്യോഗസ്ഥ- മരമാഫിയകൾ കൊളളയടിക്കുന്നത്. എ.യു.സി.എൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ അതീവ സംരക്ഷണം അർഹിക്കുന്ന മരമാണ് വീട്ടി.                                       

   കേടു വന്ന് ഉണങ്ങിയതും ജീർണ്ണിച്ചതുമായ മരങ്ങൾ ആയതിനാൽ പെർമിറ്റ് നൽകണമെന്ന് ശുപാർശ ചെയ്ത സ്ഥലം മാറിപ്പോയ ബേഗൂർ ഡെപ്പ്യൂട്ടി റെയിഞ്ചർക്കെതിരെയും നടപടി വേണം. തിരുനെല്ലി വില്ലേജിലെ മുഴുവൻ എസ്റ്റേറ്റുകളും സർക്കാറിന്റെ ഭൂമിയാണെന്നും അവ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി വിധിയുണ്ട്. മുട്ടിൽ മരം മുറി വിവാദമായ ഘട്ടത്തിൽ വൈത്തരി താലൂക്കിലെ വാര്യാട് എസ്റ്റേറ്റിൽ മരം മുറിക്കാൻ വയനാട് കലക്ടർക്ക് എസ്റ്റേറ്റ് ഉടമ നൽകിയ അപേക്ഷ ലാന്റ് റവന്യൂ കമീഷണർക്ക് ഫോർവേഡ് ചെയ്തിരുന്നു. അത് ലാന്റ് റവന്യൂ കമിഷണർ അപേക്ഷ നിരസിക്കുകയുമാണ് ഉണ്ടായത്.

         വയനാട്ടിലെ തടക്കമുള്ള 1947 ബ്രിട്ടീഷ് തോട്ടങ്ങളായിരുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥ സ്ഥാപിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടിരുന്നു. 1947ന് മുമ്പുള്ള ബ്രിട്ടീഷ് എസ്റ്റേറ്റുകളുടെ ലിസ്റ്റ് പോലും വയനാട് കലക്ടർ തയാറാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബ്രിട്ടീഷ് തോട്ടങ്ങളുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽകോടതിയിൽ കേസ് നൽകിയിട്ടുണ്ട്. എന്നാൽ, അഡാഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) പലതവണ നിർദേശം നൽകിയിട്ടും വയനാട് ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.

        ഇതെല്ലാം അറിഞ്ഞു തന്നെയാണ് തിരുനെല്ലി വില്ലേജ് ഓഫീസറും താലൂക്ക് തഹസിൽദാറും മരം മുറിക്കുന്നതിന് കച്ചവടക്കാർക്ക് എൻ. ഒ .സി നൽകിയത്. തിരുനെല്ലി വില്ലേജിലെ പല എസ്റ്റേറ്റുകളിലും മരം മുറി വ്യാപകമായി നടക്കുന്നു. മുട്ടിൽ മരം മുറി വൻ വിവാദമായതോടെ കഴിഞ്ഞ രണ്ടു വർഷം നിർത്തി വച്ചിരുന്ന മരം മുറി വയനാട് ആകെ പൂർവ്വോപരി ശക്തിയായി പുനരാരംഭിച്ചിരിക്കുകയാണ്.

തിരുനെല്ലി വില്ലേജിന്നു പുറമെ ചേലോട് എസ്റ്റേറ്റിലും വൻതോതിൽ മരം മുറി നടക്കുന്നുണ്ട്. ബ്രിട്ടീഷ് ഉടമയിലുണ്ടായിരുന്ന ചേലോട്ട്ട്ട് എസ്റ്റേറ്റ് ഉടമകൾ ക്രിത്രിമ രേഖകൾ സൃഷ്ടിച്ചും നിയമ വിരുദ്ധമായും വൻതോതിൽ മരം മുറി തുടങ്ങുകയാണ്. ഈട്ടി തുടങ്ങിയ വിലപിടിപ്പുള്ള നൂറുകണക്കിന് മരങ്ങളാണ് കടത്തികൊണ്ടുപോയത്. വയനാടിന്റെ പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന മരം മുറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സമിതി ഭാരവാഹികളായ എൻ. ബാദുഷയും തോമസ് അമ്പലവയലും ആവശ്യപ്പെട്ടു. 

Tags:    
News Summary - Nature conservation committee to stop cutting of trees in Brahmagiri valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.