വനം- പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുരങ്കപ്പാത നിർമാണം തുടങ്ങും

കോഴിക്കോട് : വനം- പാരിസ്ഥിതിക മന്ത്രാലയങ്ങളുടെ അനമുമതി ലഭിച്ചാൽ തുരങ്കപ്പാതയുടെ നിർമാണം തുടങ്ങാനാവുമെന്ന് മുഖ്യമന്ത്രി. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത നിർമ്മാണത്തിന് 17 .26 ഹെക്ടർ വനഭൂമിയുടെ ഫോറസ്റ്റ് ക്ലിയറൻസിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം എസ് .പി .വി ആയ കെ.ആർ.സി.എൽ തുടങ്ങി.

2023 ജൂലൈയിൽ പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ആവശ്യമായ കോഴിക്കോട് ജില്ലയിൽപ്പെടുന്ന പ്രദേശത്തുള്ള (ആനക്കാംപൊയിൽ ) സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. റവന്യൂ വകുപ്പ് വിശദമായ മൂല്യനിർണയം നടത്തുകയും ചെയ്തു. വയനാട് ജില്ലയിൽപ്പെടുന്ന മേപ്പാടി പ്രദേശത്ത് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സർവേ നടപടികൾ തുടങ്ങി.

ഫോറസ്റ്റ് ക്ലിയറൻസിനുള്ള അപേക്ഷയുടെ സൂക്ഷ്മ പരിശോധനക്കുശേഷം ബംഗളൂരിലെ ഫോറസ്റ്റ് റീജണൽ ഓഫീസിൽ അനുമതിക്കായി സമർപ്പിക്കും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ ) പ്രകാരം തുരങ്ക നിർമാണത്തിനുള്ള സാങ്കേതികവിദ്യ ന്യൂ ആസ്ട്രിയൻ ടണലിങ് രീതി ആണ്. ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ടണലിങ് രീതിയാണ്. പാത നിർമ്മാണത്തിന് നോർവീജിയൻ സാങ്കേതിക സഹകരണം പ്രയോജനപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും ലിന്‍ഡോ ജോസഫിന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകി.

Tags:    
News Summary - Once the forest-environmental clearance is obtained, the construction of the tunnel will start soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.