പരിസ്ഥിതിലോല മേഖലകളിൽ നേരിട്ടു പരിശോധനക്ക് രൂപരേഖ

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളിൽ നേരിട്ട് പരിശോധനക്കും വിവരശേഖരണത്തിനും വിപുലമായ ക്രമീകരണങ്ങളൊരുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ജനവാസകേന്ദ്രത്തിന്‍റെയും കൃഷിയിടത്തിന്‍റെയുമടക്കം വിവരങ്ങൾ ശേഖരിക്കുന്നതിന് മൊബൈൽ ആപ് ഉപയോഗിക്കും. ഒപ്പം ആപ് ഉപയോഗിച്ച് ജിയോ ടാഗിങ്ങും നടത്തും.

ഓരോ വാര്‍ഡിലും വാര്‍ഡംഗവും ഫോറസ്റ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചെയ്യാന്‍ പരിശീലനം കിട്ടിയ എൻജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സമിതികള്‍ രൂപവത്കരിക്കും. ഈ സമിതിയാണ് ഹെല്‍പ് ഡെസ്ക്കുകളുടെ മേല്‍നോട്ടവും വഹിക്കേണ്ടത്. ഇവര്‍ക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് നല്‍കും. ഇതേ സമിതി തന്നെ ഫീല്‍ഡ് വെരിഫിക്കേഷനും നടത്തും.

വിവര വിനിമയത്തിന് കുടുംബശ്രീ അയൽകൂട്ടങ്ങളെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. വനം, റവന്യൂ, ധന, തദ്ദേശ, ജലവകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്.

പ്രധാന തീരുമാനങ്ങൾ

ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി തയാറാക്കിയ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം ഉടൻ (ബുധനാഴ്ച തന്നെ) സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.വനം വകുപ്പ് തയാറാക്കിയ ഈ മാപ് പൊതുജനങ്ങള്‍ക്ക് കാണാനായി എല്ലാ വാര്‍ഡിലും വായനശാല, അംഗൻവാടി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.ഈ ഭൂപടത്തിൽ ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സമയം നല്‍കും. അത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴുവരെ നീട്ടി. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തല ഹെല്‍പ് ഡെസ്ക് രൂപവത്കരിച്ചു.

അധിക വിവരങ്ങള്‍ നിശ്ചിത മാതൃകയിലാണ് നല്‍കേണ്ടത്. ഹെല്‍പ് ഡെസ്ക്കുകളില്‍ നിന്നും കേരള സര്‍ക്കാറിന്‍റെ വെബ്സൈറ്റില്‍ നിന്നും ഈ മാതൃക ലഭിക്കും. വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് eszexpertcommittee@gmail ഇ-മെയില്‍ വിലാസത്തിലും ഹെല്‍പ് ഡെസ്ക്കുകളില്‍ നേരിട്ടും നല്‍കാം.

മൊബൈല്‍ ആപ് ഉപയോഗിച്ച് ഒരോ നിര്‍മിതിയുടെയും ജനവാസകേന്ദ്രത്തിന്‍റെയും കൃഷിയിടത്തിന്‍റെയും ജിയോ ടാഗിങ് നടത്തണം. ക്ലബുകള്‍, വായനശാലകള്‍, ഒഴിഞ്ഞ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫിസുകളായി ഹെല്‍പ് ഡെസ്ക്കുകള്‍ ക്രമീകരിക്കാം.

വാഹനം ഉപയോഗിച്ച് മൊബൈല്‍ ഹെല്‍പ് ഡെസ്ക് സജ്ജമാക്കാമോ എന്നും പരിശോധിക്കും. മൈക്ക് അനൗണ്‍സ്മെന്‍റ് കൂടി ഇതേ വാഹനത്തില്‍ സജ്ജീകരിക്കാം.ഫീൽഡ് പഠനത്തിന് എല്ലാതരം നിര്‍മിതികളും ഉള്‍പ്പെടുത്തുന്നതിനുള്ള വ്യക്തമായ നിര്‍ദേശം നല്‍കി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പുകേന്ദ്രമോ പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാതരത്തിലുമുള്ള നിര്‍മിതികളും ഉള്‍ക്കൊള്ളിക്കും.

സംഘടനകളും മറ്റ് കൂട്ടായ്മകളും നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാര്‍ഡ് തല ഹെല്‍പ് ഡെസ്ക്കിന് കൈമാറുകയും ചെയ്യും.ലഭ്യമായ അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വനംവകുപ്പ് വീണ്ടും മാപ് പുതുക്കും. പുതുക്കിയ മാപ് തദ്ദേശസ്ഥാപനത്തില്‍ രൂപവത്കരിക്കുന്ന സര്‍വകക്ഷി സമിതി പരിശോധിക്കും.

ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ വനംവകുപ്പ് അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കും.ജില്ല തലത്തില്‍ കലക്ടറും ജില്ല ആസൂത്രണസമിതി അധ്യക്ഷനെന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റും വനം-തദ്ദേശ-റവന്യൂ ജില്ല മേധാവികളും അംഗങ്ങളായി ഒരു മേല്‍നോട്ട സമിതി രൂപവത്കരിക്കും.

Tags:    
News Summary - Outline for direct inspection in environmentally sensitive areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.