കൊച്ചി നിവാസികളെ കാത്തിരിക്കുന്നത് കാൻസർ അടക്കമുള്ള മാരക രോഗങ്ങളെന്ന് പുരുഷൻ ഏലൂർ

കൊച്ചി: ബ്രഹ്മപുരം മിലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുക ഉയരുമ്പോൾ കൊച്ചി നിവാസികളെ കാത്തിരിക്കുന്നത് കാൻസർ അടക്കമുള്ള മാരക രോഗങ്ങളെന്ന് പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ. ഭരണകൂടം ബോധപൂർവം നടത്തുന്ന തീകത്തിക്കലാണ് ബ്രഹ്മപുരത്ത് നടന്നതെന്ന് അദ്ദേഹം 'മാധ്യമം ഓൺലൈ'നോട് പറഞ്ഞു.

ദിവസങ്ങളായി ജനങ്ങൾ വിഷവായു ശ്വസിക്കുകയാണ്. പലവിധ വിഷം ഒന്നിച്ച് കലർന്ന വായുവാണ് പുകയിലൂടെ അടിഞ്ഞു കൂടുന്നത്. പ്ലാസ്റ്റിക്കിന് പുറമെ മെഡിക്കൽ മാലിന്യവും അതിലുണ്ട്. വിഷവായു 10 ശതമാനം ശ്വസിക്കും. ബാക്കി പൂർണമായും പ്രകൃതിയിൽ ലയിക്കുകയാണ്. അത് വെള്ളത്തിലൂടെയും ഇനി ശരീരത്തിലേക്ക് എത്തും. വിഷ സംയുക്തമായ വായു ദൂരവ്യാപക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നു.

വിഷവാതകം ശ്വസിക്കുന്നതിന്‍റെ അപകടം കാണാൻ കഴിയാത്തവരല്ല നമ്മുടെ ഭരണാധികാരികൾ. ഇതിന് പിന്നിൽ പലവിധ താൽപര്യങ്ങളുണ്ട്. അതിനുവേണ്ടി ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വർഷങ്ങളായി തീപിടിത്തങ്ങൾ നടക്കുന്നത്. എല്ലാ വർഷവും ബ്രഹ്മപുരത്ത് തീപിടിക്കുന്നു. മനുഷ്യൻ തന്നെ കത്തിക്കുന്നതാണിത്. ഇത്തവണ കത്തിക്കൽ രൂക്ഷമായി. അതിനും കാരണമുണ്ടെന്നും പുരുഷൻ ഏലൂർ പറഞ്ഞു.

ഉന്നതനായ സി.പി.എം നേതാവിന്റെ മരുമകന്റെ കമ്പനിക്കാണ് ബയോ മൈനിങ് നടപ്പാക്കാൻ കരാർ നൽകിയത്. ബയോ മൈനിങ്ങിന് കോർപറേഷൻ നീക്കിവെച്ചത് 55 കോടി രൂപയാണ്. കമ്പനിക്ക് 12 കോടിയാണ് കൈമാറിയത്. എന്നിട്ടും ബയോ മൈനിങ് പൂർണ അർഥത്തിൽ പരാജയമായിരുന്നു. മാലിന്യ സംസ്കരണത്തിന്റെ പരാജയം മറച്ചുവെക്കാൻ ഒടുവിൽ കത്തിപ്പു നടത്തി. ആരും തുക ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കരുത്. ഈ രംഗത്ത് യാതൊരു മുൻപരിചയമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്. സി.പി.എമ്മിന്റെ കുടുംബ ബിസിനസാണിതെന്നും ജനങ്ങളോട് ഭരണകൂടത്തിന് ഉത്തരവാദിത്തമില്ലെന്നും പുരുഷൻ ഏലൂർ ചൂണ്ടിക്കാട്ടി.

വിളപ്പിൽശാലയുടെ പരാജയത്തോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാൻറ് ഉണ്ടാക്കാനുള്ള പദ്ധതി അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, കൊച്ചിയുടെ കാര്യത്തിൽ അത് ഉപേക്ഷിക്കാൻ ആരും തയാറല്ല. കാരണം കേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നത് വലിയ കമീഷൻ കിട്ടുന്ന ഏർപ്പാടാണ്. ലോറി ഓടുന്നത് മുതൽ ആ കമീഷൻ തുടങ്ങും. അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എല്ലാം ധാരാളം പണമുണ്ടാക്കാം.

ഉറവിട മാലിന്യത്തെ കുറിച്ച് നയം ആവിഷ്കരിച്ചെങ്കിലും കൊച്ചിയിൽ അത് നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. ഉത്പാദിപ്പിക്കുന്ന മാലിന്യം അവിടെത്തന്നെ എന്നതാണ് ആധുനിക രീതി. അത് സാധ്യമാണ്. ബ്രഹ്മപുരത്ത് 108 ഏക്കർ ഭൂമി ഉണ്ടായിട്ടും മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിൽ നിന്ന് അജൈവ മാലിന്യമാണ് പുറത്തേക്ക് പോകേണ്ടി വരുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിനം സംസ്കരിക്കാൻ ചെറുപ്ലാന്റുകൾ സ്ഥാപിക്കാവുന്നതാണ്. കൊച്ചി നഗരത്തിൽ ഉറവിട മാലിന്യ സംസ്കരണം സാധ്യമാണ്. ആറു മാസം ഒരു കുടുംബം ഇത് ചെയ്താൽ പിന്നീട് അവരുടെ ദിനചര്യയുടെ ഭാഗമാകും.

മൾട്ടി നാഷണൽ കമ്പനികളുടെ ഉത്പന്നങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം ഏറെ ഉണ്ടാക്കുന്നത്. അത് സംസ്കരിക്കുന്നതിനുള്ള പണം അവരുടെ ലാഭത്തിൽ നിന്ന് തന്നെ കോർപറേഷൻ വാങ്ങണം. എല്ലാ പ്ലാസ്റ്റിക്കും എടുക്കുന്ന ഏജൻസികൾ നിലവിലുണ്ട്. കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഇത്തരം കമ്പനികളെ ഏൽപ്പിക്കണം. സ്ത്രീ തൊഴിലാളികൾക്ക് 25,000 രൂപയെങ്കിലും മാസം വരുമാനം കിട്ടുന്ന തലത്തിലേക്ക് മാലിന്യ സംസ്കരണം മാറണം. അതുവഴി കൊച്ചി നഗരത്തെ മാലിന്യത്തിൽ നിന്നും വിഷപ്പുകയിൽ നിന്നും രക്ഷിക്കാകുമെന്നാണ് പുരുഷൻ ഏലൂർ പറയുന്നത്. 

Tags:    
News Summary - Purushan Eloor said that deadly diseases like cancer are waiting for the residents of Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.