ബ്രഹ്‌മപുരത്തെ പുക: ആരോഗ്യസര്‍വേ നടത്തുമെന്ന് മന്ത്രിമാർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി രാജേഷിന്റെയും അധ്യക്ഷതയില്‍ എറണാകുളം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുക മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ പങ്കെടുത്ത മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും. പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുമായി പങ്കു വെക്കണമെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കും. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുതുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരോഗ്യ വകുപ്പും ഐ.എം.എയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി. ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ ചികിത്സ തേടിയത്.

ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച മാത്രം 279 പേര്‍ വിവിധ ഇടങ്ങളിലായി ചികിത്സ തേടിയതായി യോഗത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തീ അണക്കുന്നതിന് രംഗത്തുള്ള 68 പേരും ചികിത്സ തേടിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ പി. വിഷ്ണുരാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. ഉഷ ബിന്ദു മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Tags:    
News Summary - Smoke in Brahmapuram: Ministers will conduct a health survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.