തപോവൻ-വിഷ്ണുഗഢ് പദ്ധതി: പരാതി നൽകിയവർക്ക് 10,000 രൂപ വെച്ച് പിഴയെന്ന് കെ.സഹദേവൻ

കോഴിക്കോട് : തപോവൻ - വിഷ്ണുഗഢ് പദ്ധതി നിർത്തിവെക്കണമെന്ന് പൊതുതാൽപ്പര്യ ഹരജി നൽകിയവരോട് 10000 രൂപ വെച്ച് പിഴയടക്കാനും ആവശ്യപ്പെട്ടുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ കെ.സഹദേവൻ.2021 ഫെബ്രുവരി 21 ന് ഉത്തരാഘണ്ഡിലെ ഋഷി ഗംഗയിൽ നടന്ന ഹിമ തടാക സ്ഥോടനത്തിൽ തപോവൻ - വിഷ്ണുഗഢ് വൈദ്യുത നിലയത്തിലെ തുരങ്കത്തിനടിയിൽ പെട്ട് 150 ഓളം മരണപ്പെട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ തദേശവാസികളും ഏതാനും ആക്ടിവിസ്റ്റുകളും ചേർന്ന് തപോവൻ - വിഷ്ണുഗഢ് പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരാഘണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. ഈ കേസ് ദുരുപദിഷ്ഠിതമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് തള്ളി. അതോടൊപ്പം പരാതി നൽകിയവരോട് 10000 രൂപ വെച്ച് പിഴയടക്കാനും ആവശ്യപ്പെട്ടുവെന്ന് സഹദേവൻ പറയുന്നു.

വിള്ളലുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ജോഷിമഠില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങുകയാണ്. ജോഷിമഠിനെ ടൂറിസം ഹബ്ബായി കണ്ട് ലാഭമുണ്ടാക്കിയവര്‍ നേരത്തെതന്നെ സ്ഥലം വിട്ടു. നഗരങ്ങളിലെ സുരക്ഷിത ലാവണങ്ങളിലേക്ക്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന, പോകാന്‍ മറ്റൊരിടമില്ലാത്ത സാധാരണ ജനങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ക്ക് ലഭിച്ചത് അവഗണനയുടെ കൈപ്പുനീരാണ്.

പാരിസ്ഥിതിക ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളുടെ നേര്‍ക്കാഴ്ചയാണിത്. കാടുകള്‍ നഷ്ടമാകുമ്പോള്‍, ജലസ്രോതസുകള്‍ വരണ്ടുണങ്ങുമ്പോള്‍, ഉരുള്‍പൊട്ടലുകള്‍ വ്യാപകമാകുമ്പോള്‍, കടല്‍കയറുമ്പോള്‍ അവയുടെ ഏറ്റവും അടുത്ത ഇരകള്‍ സമൂഹത്തിലെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളാണ്. ഹിമാലയന്‍ മല നിരകളില്‍ നിന്നുള്ള മലയിറക്കങ്ങള്‍ സാധാരണ സംഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. വരണ്ടുണങ്ങിക്കഴിഞ്ഞിരിക്കുന്ന ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് താഴ് വാരങ്ങളിലേക്ക് ആളുകള്‍ താമസം മാറ്റുന്നു. വികസന വേലിയേറ്റങ്ങള്‍ക്കിടയിലെ മലയിറക്കങ്ങളുടെ കാണാക്കാഴ്ചകളാണ് നമ്മുടെ മുന്നിലെന്നും സഹദേവൻ കുറിച്ചു.

Tags:    
News Summary - Tapovan-Vishnugarh project: K. Sahadevan said a fine of Rs 10,000 for those who filed complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.