വന സൗഹൃദ സദസ് നാളെ മുതല്‍ 28 വരെ; ഉദ്ഘാടനം മാനന്തവാടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എ-മാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിശ്ചയിച്ച 20 കേന്ദ്രങ്ങളില്‍ 'വന സൗഹൃദ സദസ്' സംഘടിപ്പിക്കുന്നു.

ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് രാവിലെ 10.30ന് മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. എം.എൽ.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, കലക്ടർ ഡോ.രേണുരാജ്, ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,കൗണ്‍സിലര്‍ പി.എം.ബെന്നി, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വന സൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. വിവിധയിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ മറ്റ് വകുപ്പു മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടി ഏപ്രില്‍ 28-ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കും.

ജനങ്ങളും വനം വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായും ന്യായമായും പരിഹരിക്കുവാനും മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് വന സൗഹൃദ സദസുകൊണ്ട് ഉദേശിക്കുന്നത്.

ജില്ലകളില്‍ നിശ്ചയിക്കപ്പെട്ട 20 വേദികളില്‍ മന്ത്രി എകെ.ശശീന്ദ്രന്‍ നേരില്‍ കേള്‍ക്കും. വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുക, വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ എന്നിവ വന സൗഹൃദ സദസില്‍ നടക്കും.

Tags:    
News Summary - Vana Sadhya Sadas will be inaugurated in Mananthavadi from tomorrow till 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.