നാടുകാണി ചുരത്തിന്റെ വശങ്ങളിലേക്ക് സഞ്ചാരികൾ വലിച്ചെറിഞ്ഞ മാലിന്യം പരതുന്ന ആനകൾ 

കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് നാടുകാണിക്ക് മുക്തി വേണം

സഞ്ചാരികൾക്ക് ചുരം യാത്രകൾ എന്നുമൊരു ഹരമാണ്. വന്യസൗന്ദര്യം തഴുകുന്ന പ്രകൃതിയുടെ കവാടമെന്ന് നാടുകാണി ചുരത്തെ വിശേഷിപ്പിക്കാം. നാടുകാണി ചുരം അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാൻ ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നുണ്ട്. ഊട്ടി, ബംഗളൂരു, മൈസൂർ, മസിനഗുഡി, ബന്ദിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ മനം നിറയുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. സുഖമുള്ള തണുപ്പിൽ അലിഞ്ഞ് പ്രകൃതിയുടെ കാൻവാസിൽ തീർത്ത കാഴ്ചകൾ കണ്ട് മൂളിപ്പാട്ടും പാടിയുള്ള ചുരംയാത്ര ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും.

കോഴിക്കോട്, നിലമ്പൂർ, ഗൂഡല്ലൂർ അന്തർസംസ്ഥാനപാതയായ സി.എൻ.ജി റോഡ് കടന്നുപോകുന്നത് നാടുകാണി ചുരത്തിലൂടെയാണ്. മലപ്പുറം ജില്ലയിലെ വഴിക്കടവ് നിന്നാണ് ചുരം ആരംഭിക്കുന്നത്. ചെറിയ ഹെയർപിൻ വളവുകൾ കടന്ന് 8 കിലോമീറ്റർ യാത്ര ചെയ്താൽ തമിഴ്നാട് അതിർത്തിയിൽ എത്തും. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും വിനോദത്തിനും അന്യസംസ്ഥാനത്തേക്ക് പോകുന്ന മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് നാടുകാണി ചുരം. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യം കാംബയിലാണ് എന്നാണ് വിശ്വാസം. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം പാത കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പലരും വാഹനങ്ങൾ നിർത്തി ചുരം പാതയുടെ ഭംഗി ആസ്വദിക്കാറുണ്ട്. മുളം കാടുകൾ, ചെങ്കുത്തായ പാറക്കെട്ടുകൾ, വന്യമൃഗങ്ങൾ, മഞ്ഞ് മൂടിയ മലയിടുക്കുകൾ തുടങ്ങി കണ്ണിന് കുളിർമയേകുന്ന ധാരാളം കാഴ്ചകളാണ് സഞ്ചാരികളുടെ ഹൃദയം കവരുന്നത്.

സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങളിൽ ഭക്ഷണം തിരയുന്ന കുരങ്ങ് 

നീലഗിരി ജൈവ സംരക്ഷണ മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം അപൂർവയിനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. കൊടിയ വേനലിലും തണുപ്പനുഭവപ്പെടുന്ന തണുപ്പൻചോല, കല്ലള, പൊത്തുംകുഴി ജാറം എന്നിവിടങ്ങളിൽ ഒട്ടേറെ ആളുകൾ മണിക്കൂറുകളോളമാണ് കുടുംബസമേതം സമയം ചെലവിടുന്നത്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാൻ കുരങ്ങ്, കുട്ടിത്തേവാങ്ക്, നാടൻ കുരങ്ങ് എന്നിവയും വിവിധ ഇനം പക്ഷികളാലും സമ്പന്നമാണ് നാടുകാണി ചുരം. ഒന്നാം വളവിലെ വ്യൂ പോയിന്റിലാണ് സഞ്ചാരികളുടെ തിരക്ക് കൂടുതലായുള്ളത്.

മാലിന്യ ചുരമാക്കരുത്

നാടുകാണി ചുരത്തിലെത്തുന്ന സഞ്ചാരികൾ പരിസ്ഥിതി മലിനീകരണങ്ങൾക്ക് വഴിവെക്കുന്ന പ്രവൃത്തികൾ ചെയ്യുന്നു എന്നതാണ് ഏറെ ഖേദകരം. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്ന ദയനീയ കാഴ്ച്ച പ്രകൃതിയെ ആത്മാർഥമായി സ്നേഹിക്കുന്നവരുടെ കരളലയിപ്പിക്കുന്നതാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, ഡയപ്പറുകൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് നാടുകാണിയുടെ ഹൃദയം തകർക്കുന്നത്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വി.എം. സാദിക്കലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 28ന് നടത്തിയ ശുചീകരണത്തിൽ ഏകദേശം 1,250 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ചുരം പാതയുടെ ഇരുവശത്തുനിന്നും ശേഖരിച്ചത്. ഇടയ്ക്കിടെ ഇത്തരം ശുചീകരണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്താറുണ്ടെങ്കിലും പൂർണമായും ശുചീകരിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. കുട്ടികളുടെ ഡയപ്പറുകൾ മാത്രം 800 കിലോയോളമുണ്ട്. ഇത്തരം മാലിന്യം ഓവ് ചാലുകളിൽ കെട്ടിക്കിടന്ന് മഴക്കാലത്ത് ഉരുൾ പൊട്ടലുകൾക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചുരം കയറിയിറങ്ങുന്ന ലോറിക്കാരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നിർദേശങ്ങൾ നൽകുന്ന ബോർഡുകളോ മറ്റോ സർക്കാർ ഇവിടെ സ്ഥാപിക്കാത്തതും പ്രതിസന്ധിയാണ്.വനം വകുപ്പിന്റെയും വഴിക്കടവ് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നിരവധി തവണ ശുചീകരണം നടത്തിയെങ്കിലും സഞ്ചാരികൾ മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടാൻ സാധിച്ചിട്ടില്ല. 'നീ കാപ്ച്വർ എർത്ത്' സംഘടനയുടെ 500 ഓളം പേർ പങ്കെടുത്ത ഏറ്റവും വലിയ ശുചീകരണ പ്രവർത്തനമാണ് കഴിഞ്ഞ ഓഗസ്റ്റ് 28 നാടുകാണി ചുരത്തിൽ നടന്നത്. കേരള വനം വകുപ്പ്, നിലമ്പൂർ ജീപ്പേഴ്സ്, വഴിക്കടവ് പഞ്ചായത്ത്, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായവും ലഭിച്ചു. തുടർന്ന് നിലമ്പൂർ എം.എൽ.എ, വനം മന്ത്രി എന്നിവർക്ക് വി.എം. സാദിക്കലിയുടെ നേതൃത്വത്തിൽ നിവേദനവും നൽകിയിരുന്നു.

നാടുകാണി ചുരത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം

ആനയുടെ പിണ്ഡത്തിൽ ഡയപ്പറുകൾ

ആനയുടെ പിണ്ഡത്തിൽ നിന്ന് ഡയപ്പറുകൾ കണ്ടെത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് ആവശ്യമുയരുന്നുണ്ട്. ചെരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് കിലോ കണക്കിന് പ്ലാസ്റ്റിക് വസ്തുക്കളായിരുന്നു. ഉപ്പ് രസമുള്ള ചിപ്സുകളുടെ പ്ലാസ്റ്റിക് കവറുകൾ ആന കഴിക്കുന്നതാണ് പലപ്പോഴായി അതുവഴി യാത്ര ചെയ്തിട്ടുള്ള വി.എം. സാദിക്കലി കണ്ടതായി ചിത്രങ്ങൾ സഹിതം സാക്ഷ്യപ്പെടുത്തുന്നത്. പാതയുടെ ഒരുവശത്തെ ആഴമുള്ള ഭാഗത്ത് ഇത്തരം പ്ലാസ്റ്റിക് കൂമ്പാരങ്ങൾ കാരണം പുതുതായി സസ്യങ്ങൾപോലും മുളയ്ക്കുന്നില്ല. സഞ്ചാരികൾ പലപ്പോഴായി പ്ലാസ്റ്റിക് കവർ ഉൾപ്പെടെയാണ് കുരങ്ങുകൾക്കു ഭക്ഷണം നൽകുന്നത്. പലയിടങ്ങളിലെ വ്യവസായ ശാലകളിൽനിന്നും മറ്റും ചാക്ക് കണക്കിന് മാലിന്യം ഇവിടെ തള്ളുന്നുവെന്നത് ഏറെക്കാലമായി നാട്ടുകാരുടെ പരാതിയാണ്. ചുരം പാത സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതും ഗൗരവത്തോടെ കാണണം.

മാലിന്യ നിക്ഷേപം തടഞ്ഞേ മതിയാകൂ...

നാടുകാണി ചുരം പാതയെ നശിപ്പിക്കുന്ന ഹീന പ്രവർത്തനങ്ങൾ തടയാൻ വഴിക്കടവ് പഞ്ചായത്തിനും കേരള വനം വകുപ്പിനും നിരവധി കാര്യങ്ങൾ ചെയ്യാനാവും. മുതുമല, ബന്ദിപൂർ വനമേഖലയിൽ തമിഴ്നാട്, കർണാടക വനം വകുപ്പുകൾ കർശനമായ പരിശോധനകളാണ് നടത്തുന്നത്. രാപകലില്ലാതെ അതിർത്തി കടന്ന് പോകുന്ന വാഹനങ്ങൾ പൂർണമായും പരിശോധിച്ച് പ്ലാസ്റ്റിക് ബോട്ടിലുകളോ, മറ്റു പ്ലാസ്റ്റിക് വസ്തുക്കളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. മാലിന്യം തള്ളുന്നതിനെതിരെ വിവിധ ബോർഡുകൾ സ്ഥാപിക്കുകയും കർശന നിർദേശങ്ങൾ സഞ്ചാരികൾക്ക് നൽകുകയും വേണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെ നടപടി സർക്കാർ സ്വീകരിച്ചാൽ മാത്രമേ നാടുകാണി ചുരം പാതയുടെ സൗന്ദര്യത്തെ നിലനിർത്താനാവൂ.

Tags:    
News Summary - waste issue in nadukani churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.