Photo by Abhijith Vijay/ Wildife Trust of India

തവളകളുടെ പറുദീസ

ഇന്ന് ലോക തവള ദിനമാണ്. ഈ വേളയിൽ അഭിജിത്ത് ​വിജയ് എഴുതിയ ലേഖനം വായിക്കാം...

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മാറ്റ് കൂടുന്നത് മഴക്കാലത്താണ്. വേനലിൻ്റെ ചൂടേറ്റ് വരണ്ട ജലാശയങ്ങൾക്ക് പുതുജീവൻ വെക്കുന്ന കാലം, ഇലപൊഴിച്ച കാടുകളെല്ലാം പച്ചപ്പ് പുതയ്ക്കുന്ന കാലം. മലയാളികളുടെ മഴക്കായല കഥകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കൂട്ടർ കൂടിയുണ്ട് - തവളകൾ !

കേരളത്തിൽ കാലവർഷം എത്തിയാൽ മുതൽ വയലുകളിലും തൊടികളിലുമെല്ലാം തവളകളുടെ ശബ്ദം പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. എന്നാൽ നാം കാണുന്നതിലുമപ്പുറം വലുതാണ് അവരുടെ ലോകം. ഇന്ന് ലോക തവള ദിനം. നാമറിയാതെ പോകുന്ന കുറച്ചു തവളകഥകൾ ഇവിടെ പങ്കു വെക്കുന്നു.

കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്സ്പോട്ടുകളിൽ പെടുന്നവയാണ്. എൻഡെമിക് അല്ലെങ്കിൽ തനതായ ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയായതിനാലാണ് നമ്മുടെ സഹ്യന് ഈ പദവി ലഭിച്ചതെന്ന് വേണം കണക്കാക്കാൻ. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ജീവി വിഭാഗമാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 190 ലധികം ഉഭയജീവികൾ കാണപ്പെടുന്നുണ്ട്, ഗവേഷകർ എല്ലാ വർഷവും പുതിയ ഇനങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇതിൽ 170 ഓളം വരുന്ന ഉഭയജീവികൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി കുഞ്ഞന്മാരും ഈ കൂട്ടത്തിലുണ്ട്. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഉഭയജീവികൾ . ഇതുവരെ മൂല്യനിർണയം നടത്തിയ ഉഭയജീവികളിൽ 41% ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ ശോഷണവുമുൾപ്പെടെ ഒട്ടനവധി പ്രശ്നങ്ങൾ ഇതിനു കാരണമാകുന്നു. കൃഷിനാശം ഉണ്ടാക്കുന്ന കീടങ്ങളുടെയും മഴക്കാല രോഗങ്ങൾക്ക് കാരണമാകുന്ന കൊതുകളുടെയും വർദ്ധനവ് നിയന്ത്രിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്ന ജീവികളാണിവർ. ഈ കുഞ്ഞന്മാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മനുഷ്യരെ സാരമായി ബാധിച്ചേക്കാം.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് മൂന്നാർ. ഇതിലുപരി മൂന്നാറിനെ വിശിഷ്ടമാക്കുന്നത് അവിടുത്തെ ജൈവവൈവിധ്യമാണ്. വർഷത്തിൽ ഭൂരിഭാഗവും മണ്ണിനടിയിൽ ജീവിക്കുന്ന പാതാള തവള മുതൽ മേലാകെ നക്ഷത്രങ്ങളാൽ തിളങ്ങുന്ന ചോലക്കറുമ്പി വരെ മൂന്നാറിലും അനുബന്ധ പ്രദേശങ്ങളിലുമായി കാണപ്പെടുന്നു. ഇത് കൂടാതെ 50 ഇൽ കൂടുതൽ തവള വര്ഗങ്ങളാണ് മുന്നാറിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. മുൻപ് പറഞ്ഞത് പോലെ ഇവയിൽ ഭൂരിഭാഗവും ലോകത്ത് മറ്റൊരിടത്തും വസിക്കുന്നില്ല. മുന്നാറിലെ ചില പ്രധാന തവളകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

പാതാളത്തവള

ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ഒട്ടേറെ സവിശേഷതകളുള്ള ഒരു ഉഭയജീവിയാണ് nasikabatrachus sahyadrensis എന്ന ശാസ്ത്രീയ നാമത്തിലറിയപെടുന്ന purple frog. മണ്ണിനടിയിൽ വസിക്കുന്ന ഈക്കൂട്ടർ വർഷകാലത്ത് മുട്ടയിടാനായി മാത്രമാണ് പുറത്തേക്ക് വരുന്നത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇവ തിരിച്ച മണ്ണിനടിയിലേക്ക് തന്നെ പോകുകയും ചെയ്യും. ഇവയുടെ അടുത്ത ബന്ധുക്കൾ കാണപ്പെടുന്നത് മഡഗാസ്കറിനടുത്തുള്ള സീഷെൽ ദ്വീപസമൂഹത്തിൽ മാത്രമാണ്. പുരാതന കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം ആഫ്രിക്കയുടെ ഭാഗമായിരുന്നെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തത്തിന്റെ ജീവിക്കുന്ന തെളിവാണ് ഈ തവള. കാലാവര്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

photo by Sandeep Das)

ചോലക്കറുമ്പി

Photo by Rajkumar KP

സഹ്യപവ്വതത്തിലെ ഉയരം കൂടിയ ചോലക്കാടുകളിൽ കാണപ്പെടുന്ന അതിമനോഹരമായ തവളയാണ് ചോലക്കറുമ്പി (Galaxy Frog ), ശാസ്ത്രീയ നാമം Melanobatrachus indicus. ദേഹത്താകമാനം നക്ഷത്രങ്ങളുടേതെന്നപോൽ തോന്നിക്കുന്ന അതി മനോഹരമായ പാടുകളാണ് ഇവയ്ക്കു ഗാലക്സി ഫ്രോഗ് എന്ന നാമം ലഭിക്കാനുള്ള കാരണം.സൂക്ഷ്മ ആവാസ വ്യവസ്ഥയിൽ വസിക്കുന്ന ചോലക്കറുമ്പികളെ കണ്ടെത്തുക അത്ര എളുപ്പമല്ല. മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിന്റെ ഫ്ലാഗ്ഷിപ്പ് സ്പീഷീസ് ആയി തിരഞ്ഞെടുത്തത് ഇവയെയാണ്.

പുള്ളിപച്ചിലപ്പാറാൻ

പറക്കുന്ന തവളകളെന്ന് മിക്കവരും വിളിക്കുന്ന മരത്തവളകൾ (Anamala Flying Frog). യഥാർത്ഥത്തിൽ ഇവയുടെ മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയെ കൂടുതൽ ദൂരം ചാടാൻ സഹായിക്കുന്നു എന്ന് മാത്രം. വളരെ കുറച്ച ഭൂപ്രദേശങ്ങളിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണം കൊണ്ട് തന്നെ വംശനാശം നേരിടാൻ സാധ്യതയേറിയ വിഭാഗമാണിവർ. മുട്ടയിടാനായി ജലാശയത്തിനു സമീപം ഇവർ പത പോലുള്ള 'കൂട് ' നിര്മിക്കാറുണ്ട്.

Photo by Abhijith Vijay/ Wildlife Trust of India

പൂച്ചത്തവള

മൂന്നാറിലെ മിക്ക അരുവികളിൽ നിന്നും കേൾക്കാറുള്ള ശബ്ദമാണ് പൂച്ചയുടേത്. എന്നാൽ പൂച്ചയുടെ കരച്ചിലിന് സമാനമായ ഈ ശബ്ദം പുറപ്പെടുവിക്കുന്നത് ഈ അരുവികളിൽ കാണപ്പെടുന്ന പൂച്ചത്തവളയാണ് (Meowing Night Frog) . രാത്തവള വിഭാഗത്തിൽ പെടുന്ന പൂച്ചത്തവളകൾ കല്ലുകൾ നിറഞ്ഞ അരുവികളിലാണ് കാണപ്പെടുന്നത്. ചുക്കിച്ചുളിഞ്ഞ ശരീരവും മുകളിലേക്ക് നിൽക്കുന്ന വലിയ കണ്ണുകളും രാത്തവളകളുടെ സവിശേഷതയാണ്.

Photo by Abhijith Vijay/ Wildife Trust of India

റെസ്പ്ലെൻഡൻറ് ഇലത്തവള


Photo by Sandeep Das

ഉയരം കൂടിയ പുല്മേടുകളാൽ സമ്പന്നമാണ് മൂന്നാർ. ഇത്തരം ഭൂപ്രകൃതിയിൽ അധിവസിക്കുന്നവരാണ് ഈ ഇലത്തവളകൾ. ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും സവിശേഷമായ ശരീരപ്രകൃതിയും കണ്ണഞ്ചിപ്പിക്കുന്ന നിറവും ഇവരെ വ്യത്യസ്തനാക്കുന്നു. ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് Resplendent Shrub Frog എന്ന് വിളിക്കുന്ന ഈ തവളകളെ കണ്ടുവരുന്നത്.

മൂന്നാറിലെ സംരക്ഷിത മേഖലകൾക്ക് പുറത്തു കാണുന്ന തവളകളുടെ സംരക്ഷണത്തിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, സിൻക്രൊനസിറ്റി എര്ത്തും കണ്ണൻ ദേവൻ ഹിൽസ് പ്ലാനറ്റേഷൻസുമായി സഹകരിച്ച് ആംഫിബിയൻ റിക്കവറി പ്രോജക്ട് നടത്തി വരുന്നു. തവളകളുടെ ആവാസവ്യവസ്ഥ വർധിപ്പിക്കുന്നതിനും പ്രജനനത്തിനുമായി വിൻടെർമിയർ റിട്രീറ്സ്, ബ്ലാക്ബെറി ഹിൽസ് റിട്രീറ്സ് എന്നീ റിസോർട്ടുകളിൽ കുളങ്ങൾ നിർമിക്കുകയും തൊഴിലാളികൾക്കിടയിൽ ഉഭയജീവികളെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും ചെയ്തു വരുന്നുണ്ട്.

By Abhijith Vijay, Assistant Field Officer, Amphibian Recovery Project, Wildlife Trust of India

Tags:    
News Summary - World Frog Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.