തൃശൂർ: മഞ്ഞുവീഴ്ചയിൽ രാജ്യവും ലോകവും വിറങ്ങലിക്കുമ്പോൾ കേരളത്തിൽ ചൂട് കൂടുന്നു. നിലവിൽ തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ താപ മാപിനികളിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. മലയോര മേഖലയായ വയനാടും ഇടുക്കിയും അടക്കം ഇക്കാര്യത്തിൽ വിഭിന്നമല്ല. ഈർപ്പം കൂടിയ അന്തരീക്ഷമായതിനാൽ അനുഭവപ്പെടുന്ന ചൂട് (ഫീൽ ടെംപറേച്ചർ) ഏതാണ്ട് വേനൽചൂടിന് സമാനവുമാണ്. സാധാരണനിലയിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
മൻദോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഡിസംബർ ആദ്യത്തിൽ കേരളത്തിന് കുറച്ചധികം മഴ ലഭിച്ചിരുന്നു. നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്ത് രൂപപ്പെട്ട ന്യൂനമർദത്താൽ കുറച്ചാണേലും വിവിധ ഇടങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇതുമൂലം ഈർപ്പമേറിയ സാഹചര്യമാണ് നിലവിലുള്ളത്.
ഏകദേശം 60 ശതമാനത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഈർപ്പ സാന്നിധ്യമുണ്ട്. ഇത് പുഴുക്ക് വർധിപ്പിക്കുന്നതിനും ഇടയാക്കും. ഈർപ്പം കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ബാഷ്പീകരണം നടക്കാത്തതിനാൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ഭൗമവികിരണങ്ങൾ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് മേഘങ്ങളാൽ തടയപ്പെടുന്നതാണ് രാത്രി ചൂട് കൂട്ടുന്നതിന് കാരണമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി.
അതോടൊപ്പം മേഘാവൃതമായ ആകാശം മഞ്ഞിന്റെ സാന്നിധ്യം കുറക്കുകയും ചെയ്യും. ഇതാണ് ഡിസംബറിൽ തണുപ്പ് കുറഞ്ഞ് ചൂട് കൂടാൻ ഇടയാക്കുന്നത്. ചൂടുള്ള ഭാഗത്ത് നിന്നുള്ള അന്തരീക്ഷ ഘടകങ്ങൾ തിരശ്ചീനമായി വീശുന്നതും ചൂടിന് അനുകൂല ഘടകമാണ്. കാറ്റ് അനുകൂലമായതിനാൽ കേരളത്തിന്റെ തീരമേഖലകളിൽ ചൂട് കൂടുന്ന സാഹചര്യം ഏറുന്നുമുണ്ട്. തെളിഞ്ഞ ആകാശത്തിൽ മാത്രമേ ഭൗമവികിരണങ്ങളുടെ തിരിച്ചുപോക്ക് സാധ്യമാവൂ.
അതുകൊണ്ട് തന്നെ നിലവിലുള്ള ന്യൂനമർദം ഇല്ലാതാവുന്നതോടെ ജനുവരിയിൽ മഞ്ഞ് പ്രതീക്ഷിക്കാം. ന്യൂനമർദം സാധ്യത വീണ്ടും ഉണ്ടായാൽ നവംബർ അവസാനത്തിലും ഡിസംബർ ആദ്യത്തിലും അനുഭവപ്പെട്ട മഞ്ഞ് ചുഴലിക്കാറ്റിന് പിന്നാലെ പിൻവാങ്ങിയ സാഹചര്യവും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.