നാടൻ കോഴിയുമായി സൈക്കിളിൽ നാട്​ ചുറ്റുന്ന ഹോട്ടലുടമ; തുളസിയണ്ണന്‍റെ മാർക്കറ്റിങ്​ സ്കിൽ വിവരിച്ച്​ ​ഷെഫ്​ പിള്ള

സോഷ്യൽ മീഡിയയി​ലെ പാചകക്കുറിപ്പുകളിലൂടെ ലക്ഷക്കണക്കിന്​ ഫോളോവേഴ്​സിനെ സമ്പാദിച്ചയാളാണ്​ ഷെഫ്​ പിള്ള. നിരവധി റെസ്​റ്റൊറന്‍റുകളുടെ ഉടമകൂടിയായ ഷെഫ്​ പിള്ളയുടെ പുതിയ കുറിപ്പ്​ വൈറലാകുന്നു. നാട്ടിലെ പഴയകാല നാടൻ ഹോട്ടലുടമയുടെ മാർക്കറ്റിങ്​ സ്കിൽ വിവരിക്കുന്ന കുറിപ്പാണ്​ പിള്ള പങ്കുവച്ചിരിക്കുന്നത്​. കുറിപ്പിന്‍റെ പൂർണരൂപം താഴെ.

ഹോട്ടൽ മാർക്കറ്റിങ്.

നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണ് തുളസിയണ്ണൻ നാട്ടിൽ പുതിയൊരു ഹോട്ടൽ തുടങ്ങിയത്. തുഷാര ഹോട്ടൽ, ഷാപ്പ് മുക്ക്. രാവിലെ മുതൽ തന്നെ ചൂട് പൊറോട്ടയും ബീഫ് കറിയും, വൈകുന്നേരം കോഴി കറിയും കിട്ടും. കോഴി കറിയെന്നാൽ സാധാരണ കോഴിയല്ല നാടൻ കോഴി!

വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഈ കടക്ക്, ഈ കട വന്നതിന് ശേഷം പൊതുവെ നടക്കാവ് ചന്തയിൽ പോയി മീൻ വാങ്ങാൻ മടിയുള്ള ഞാൻ വീട്ടുകാരോട് നിർബന്ധം പറഞ്ഞു രണ്ടു കിലോമീറ്റർ ദുരം നടന്ന്‌ മീൻ വാങ്ങാൻ പോകും. കാരണം മറ്റൊന്നുമല്ല ബാക്കി വരുന്ന ഒന്നോ രണ്ടോ രൂപയുമായി നേരേ തുളസിയണ്ണൻറെ കടയിൽ... ഇറച്ചി വാങ്ങാനുള്ള പണമുണ്ടാകില്ല എന്നാലും ഗമയിൽ കസേരയിൽ ഞെളിഞ്ഞിരുന്ന് തുളസിയണ്ണാ നാല്​ പൊറോട്ടയും ചാറും എന്നുറക്കെ വിളിച്ചുപറയും. അണ്ണൻ പൊറോട്ടയും ഇറച്ചിച്ചാറും, അതിനുള്ളിൽ ഒന്നോ രണ്ടോ ചവ്വുള്ള കഷണവുമായി കൊണ്ടുതരും. അന്ന് ഫ്രീയായി കിട്ടിയിരുന്ന രണ്ട് കഷണങ്ങളുടെ രുചി ഇന്ന് വാഗ്യു സ്റ്റീക്ക് കഴിച്ചാൽപോലും കിട്ടില്ല.

പറഞ്ഞുവന്നത് ഇതൊന്നുമല്ല തുളസിയണ്ണന്റെ മാർക്കറ്റിങ് സ്കില്ലിനെ കുറിച്ചാണ്.

അണ്ണൻ രാവിലെ ഒരു സൈക്കിളിൽ നാട് മൊത്തം ചുറ്റും, നാടൻ കൊഴിയുള്ള വീടുകളിൽ പോയി രണ്ടോ മൂന്നോ കോഴിയെ വാങ്ങി സൈക്കിളിന്റെ ഹാൻഡിലിൽ കെട്ടിയിട്ട് മണിയൊക്കെയടിച്ച് തെക്കുംഭാഗം ഗ്രാമത്തിന്റെ നാലു കരയിലും പോയി ആളുകളെ കോഴിയോക്കെ കാണിച്ച് ഒരു പതിനൊന്ന്മണിയാകുബോൾ കടയിൽച്ചെന്ന് വൃത്തിയാക്കി മുറിച്ച് ഭാര്യയുമായി ചേർന്ന് ഉരുളിയിൽ കറി വെയ്ക്കും. നാട്ടിലെ പണിയെടുത്ത പൈസയുള്ള ചെറുപ്പക്കാരെല്ലാം അഞ്ചു മണിയാകുമ്പോൾ തുഷാരയിലെത്തും, ഏഴുമണിക്ക് മുന്നേ കോഴിക്കറി തീരും, എട്ടരയോടെ ബാക്കിയുള്ളതും!!

ഇപ്പറഞ്ഞ കഥ 86-90 കാലത്തെയാണ്, കുറെ വർഷങ്ങൾക്ക് ശേഷം ആ ഹോട്ടൽ പൂട്ടിപ്പോയി. ഒരു പാചകക്കാരനാവുമെന്നോ, സ്വന്തമായി ഹോട്ടൽ തുടങ്ങുമെന്നോ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാലത്ത് തുളസിയണ്ണൻറെ സൈക്കിൾ കോഴി മാർക്കറ്റിംഗ് മനസ്സിൽ പതിഞ്ഞിരുന്നു. അദ്ദേഹത്തെയും ഒരു ഗുരുവായി തന്നെ കാണുന്നു.

ഇന്ന് ചന്ത വഴി പോയപ്പോൾ ആ ഹോട്ടൽ നിന്ന സ്ഥലത്തേക്ക് വീണ്ടും നോക്കി, ആ ഓർമ്മയിൽ എഴുതിയതാണ്. കൂടെ രണ്ട് നാടൻ കോഴിയെയും വാങ്ങി

Tags:    
News Summary - Chef Pillai's new post is going viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.