ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ട്വന്‍റി20 ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് സുരേഷ് റെയ്‌ന. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്ന റെയ്‌ന നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം പുതിയ സംരഭത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് റെയ്‌ന. ഇത്തവണ റെസ്റ്റോറന്‍റ് ബിസിനസാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിച്ച് ഭക്ഷണത്തോടുള്ള ഇഷ്ടത്തെ ഒരു ബിസിനസ്സ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഈ യു.പിക്കാരൻ.
ആംസ്റ്റർഡാമിലാണ് റെയ്‌ന ഇന്ത്യൻ ഭക്ഷണശാല തുറന്നത്. ‘റെയ്‌ന’ എന്നുതന്നെയാണ് പുതിയ റെസ്റ്റോറന്‍റിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ രുചികൾ ജനപ്രിയമാക്കാൻ ലക്ഷ്യമിട്ടാണ് ഭക്ഷണശാല തുറന്നിരിക്കുന്നത്. പുതിയ വാർത്ത റെയ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന്റെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള ഒരു രുചി വിസ്ഫോടനത്തിന് തയ്യാറെടുക്കൂ. ആംസ്റ്റർഡാമിലെ റെയ്‌ന ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും ആഹ്ലാദഭരിതനാണ്’-റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ ലോകത്തേക്ക് ചുവടുവെക്കുന്ന റെയ്‌നയ്‌ക്ക് ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ‘അഭിനന്ദനങ്ങൾ സഹോദരാ. ഞാൻ അവിടെ ഭക്ഷണം കഴിക്കാൻ വരുന്നു’-മുൻ ഇന്ത്യൻ സഹതാരം ഹർഭജൻ സിങ് എഴുതി. സിഎസ്‌കെ കാലത്ത് റെയ്‌നയ്‌ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട ഡ്വെയ്ൻ ബ്രാവോ, ‘അഭിനന്ദനങ്ങൾ സഹോദരാ’ എന്നും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.