ദുബൈ: വിളവെടുപ്പ് കാലമായതോടെ യു.എ.ഇയിൽ ഇനി ഈത്തപ്പഴ ഉത്സവത്തിന്റെ നാളുകൾ. അറബ് പാരമ്പര്യത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന ഡേറ്റ് ഫെസ്റ്റിവലുകളുടെ ആഹ്ലാദത്തിലേക്കാണ് ബലി പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞാൽ യു.എ.ഇ നീങ്ങുക. പ്രശസ്തമായ അൽ ധഫ്രയിലെ ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 16 മുതൽ 24 വരെയാണ് നടക്കുക.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷം ലിവ ഫെസ്റ്റിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. അൽ ഹുസ്ൻ ആപ്പിൽ നിന്നുള്ള ഗ്രീൻ പാസ് കാണിക്കുന്നവർക്കാണ് ലിവ ഡേറ്റ് ഫെസ്റ്റിലേക്ക് പ്രവേശനം ലഭിക്കുക. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങളും നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.
മികച്ച ഈത്തപ്പഴ ഇനങ്ങൾക്കുള്ള സമ്മാനങ്ങൾ നേടുന്നതിനായി ആയിരക്കണക്കിന് കർഷകരാണ് ലിവ ഫെസ്റ്റിവലിലേക്ക് എല്ലാ വർഷവും എത്തുന്നത്. 18 വർഷത്തിന്റെ പ്രൗഢോജ്ജ്വല ചരിത്രമാണ് ലിവ ഫെസ്റ്റിന്റേത്. യു.എ.ഇയിലെ മറ്റൊരു പ്രധാന ഈത്തപ്പഴ ഉത്സവമായ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ഈമാസം 21 മുതൽ 24 വരെ അൽ ദൈദ് എക്സ്പോയിൽ നടക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ അറിയിച്ചു.
ദൈദ് ഡേറ്റ് ഫെസ്റ്റിന്റെ ആറാം എഡിഷനാണിത്. 10 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി കർഷകരെ കാത്തിരിക്കുന്നത്. ഈന്തപ്പനയുടെ ഇലകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച ബാസ്കറ്റിന് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ദൈദ് ഫെസ്റ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.