പേരാവൂർ: വിപണിയിൽ ഏറെ പ്രിയങ്കരമായ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ. നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ.ഡി) നടപ്പാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെയാണ് മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നത്. ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നാക്’ പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാൻഡിൽ പുറത്തിറക്കുന്ന മഞ്ഞൾപൊടിക്ക് ആവശ്യക്കാർ ഏറെയാണ്.
വന്യമൃഗശല്ല്യമേറെയുള്ള ഈ പ്രദേശങ്ങളിൽ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞൾ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷമായി 1096 കുടുംബങ്ങൾക്ക് 25 ടൺ വയനാടൻ മഞ്ഞൾ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നൽകിയത്. കഴിഞ്ഞ വർഷം മാത്രം 5.74 ടൺ വിത്ത് 514 കുടുംബങ്ങൾ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത 29 ടൺ മഞ്ഞൾ ആദിവാസി കർഷകരിൽ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു. വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകിയാണ് മഞ്ഞൾ സംഭരിക്കുന്നത്. പദ്ധതി പ്രദേശത്ത് രൂപവത്കരിച്ച ജെ.എൽ.ജികളുടെ നേതൃത്വത്തിൽ കൂട്ട് സംരംഭമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ജൈവിക രീതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാൽ മഞ്ഞളിന്റെ മുഴുവൻ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്. ആദിവാസി മേഖലയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കക്കുവയിൽ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞൾ പൊടി യൂനിറ്റിൽ നിന്നുമാണ് പൊടിച്ച് പാക്കറ്റുകളിൽ നിറക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞൾ പൊടി കിലോഗ്രാമിന് 250 രൂപയും ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില.
കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂനിറ്റ്, വളയൻചാൽ കൃപ തയ്യിൽ യൂനിറ്റ് എന്നിവിടങ്ങളിൽ മഞ്ഞൾ ലഭ്യമാണ്. ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞൾ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടൻ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി.ആർ.ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.